05:12am 20 October 2026
NEWS
മലപ്പുറത്ത് ഇസ്ലാംമത വിശ്വാസിക്ക് വഴിയൊരുക്കാൻ ക്ഷേത്ര ഭൂമി സൗജന്യമായി നൽകി ലക്ഷ്മി സുമയും പാർവതിയും
01/05/2025  09:33 AM IST
nila
മലപ്പുറത്ത് ഇസ്ലാംമത വിശ്വാസിക്ക് വഴിയൊരുക്കാൻ ക്ഷേത്ര ഭൂമി സൗജന്യമായി നൽകി ലക്ഷ്മി സുമയും പാർവതിയും

മലപ്പുറത്ത് ഇസ്ലാംമത വിശ്വാസിക്ക് വഴിയൊരുക്കാൻ കുടുംബ ​ക്ഷേത്രത്തിന്റെ ഭൂമി സൗജന്യമായി നൽകി ലക്ഷ്മി സുമയും പാർവതിയും. താനൂർ മൊയ്തീങ്കാനകത്ത് സലീമിന് വീട്ടിലേക്കുള്ള വഴിക്കായാണ് താനൂരിലെ കൊളങ്ങശ്ശേരി കുടുംബാംഗങ്ങളായ ലക്ഷ്മി സുമയും പാർവതിയും തങ്ങളുടെ കുടുംബക്ഷേത്രത്തിന്റെ ഭൂമി സൗജന്യമായി നൽകിയത്. ഒന്നര അടി വീതിയിൽ, 40 മീറ്റർ നീളത്തിലാണ് ക്ഷേത്രഭൂമി വിട്ടുനൽകിയത്. ഇതിനായി പൊളിച്ചുമാറ്റിയ ക്ഷേത്രമതിൽ പിന്നീട് സലീം പുനർനിർമിച്ച് നൽകുകയും ചെയ്തു.

താനൂരിലെ പ്രിയം റെസി​ഡെൻസ് അസോസിയേഷൻ അംഗമായ സലീം താനൂർ വിളക്കീരി വെള്ളരിപ്പറമ്പ് റോഡിനോട് ചേർന്നാണ് താമസിക്കുന്നത്. സലീമിന്റെ വീട്ടിലേക്ക് വഴിക്കായി സ്ഥലം വിട്ടുനൽകാൻ തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളോട് വർഷങ്ങളായി അഭ്യർഥിച്ചിട്ടും ഫലമുണ്ടായിട്ടില്ല. ഇതോടെയാണ് സലീമിന്റെ വഴിയുടെ എതിർവശത്തുള്ള സ്വകാര്യക്ഷേത്രത്തിന്റെ ഭൂമിയിൽനിന്ന് വഴിക്ക് സൗകര്യം ലഭിക്കാൻ ഇടപെടാൻ താനൂർ പ്രിയം റെസി​ഡെൻസ് അസോസിയേഷൻ തീരുമാനിച്ചത്. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡൻറ് വി.പി. ബാബുവും സെക്രട്ടറി കുഞ്ഞാവുട്ടി ഖാദറും സലീമിനോടൊപ്പം കുടുംബക്ഷേത്രത്തിന്റെ ഉടമകളായ കൊളങ്ങശ്ശേരി കുടുംബാംഗങ്ങളെ വീട്ടിൽ ചെന്ന് കണ്ട് കാര്യം പറഞ്ഞു.

അസുഖബാധിതയായ ഉമ്മയുടെ ചികിത്സാസമയത്ത് സലീമും കുടുംബവും അനുഭവിച്ച പ്രയാസങ്ങളടക്കം മനസ്സിലാക്കിയ ലക്ഷ്മി സുമയും പാർവതിയും റോഡിനാവശ്യമായ ഭൂമി സൗജന്യമായി വിട്ടുനൽകാൻ സന്തോഷത്തോടെ സമ്മതിച്ചു. കുടുംബക്ഷേത്രത്തിന്റെ ചുറ്റുമതിൽ പൊളിച്ച് ഒന്നര അടി വീതിയിൽ, 40 മീറ്റർ നീളത്തിൽ ഭൂമി വിട്ടുകൊടുത്തു. സലീമിന്റെ വീട്ടിലേക്ക് റോഡ് സൗകര്യം ഒരുക്കാൻ അസോസിയേഷനെ ചുമതലപ്പെടുത്തുകയുമായിരുന്നു.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img