
ന്യൂഡൽഹി/ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ മതിൽക്കെട്ടിനുള്ളിൽ ഒരു 'അന്യസമുദായക്കാരൻ' കാലുകുത്തിയതിന്റെ നടുക്കം മാറാതെ തന്ത്രിമുഖ്യന്മാർ സുപ്രീംകോടതിയുടെ തിണ്ണയിൽ. കഴകം തസ്തികയിൽ ഈഴവ സമുദായക്കാരനായ കെ.എസ്. അനുരാഗിനെ നിയമിച്ചത് ക്ഷേത്രത്തിന്റെ 'ആത്മീയതയെ' പാടെ തകർക്കുമെന്നാണ് തന്ത്രിമാരുടെ പേടി.
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ:
നേരത്തെ ഒന്നാം റാങ്കുകാരനായ ബാലു വന്നപ്പോൾ ക്ഷേത്രം ബഹിഷ്‌കരിച്ചും സമരം ചെയ്തും വിപ്ലവം സൃഷ്ടിച്ചവർ തന്നെയാണ് ഇപ്പോൾ കോടതി കയറുന്നത്. കഴകം എന്നാൽ വെറുമൊരു ജോലിയല്ല, അതൊരു 'ഹെവി ആത്മീയ സംഭവമാണെന്നും' അത് തെക്കേ വാര്യം കുടുംബത്തിന് മാത്രം ദൈവം എഴുതിക്കൊടുത്തതാണെന്നുമാണ് വാദം. കൈയ്യിൽ റാങ്ക് ലിസ്റ്റും യോഗ്യതയുമുണ്ടെങ്കിലും 'തറവാടിത്തം' ഇല്ലാത്തവർ അകത്ത് കയറിയാൽ വിഗ്രഹം തനിയെ പുറത്തേക്ക് പോകുമോ എന്നതാണ് യുക്തിവാദികൾ ചോദിക്കുന്നത്.
ശാന്തിക്കാരനാകാൻ 'തന്ത്രി സർട്ടിഫിക്കറ്റ്' വേണം!
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശാന്തി നിയമനത്തിലും തന്ത്രിമാർക്ക് വലിയ പരാതിയുണ്ട്. സർക്കാർ അംഗീകരിച്ച സ്കൂളിൽ പഠിച്ചാൽ പോരാ, തന്ത്രിമാരുടെ കാല് തൊട്ട് വന്ദിച്ച് അവരുടെ കൈപ്പടയിലുള്ള സർട്ടിഫിക്കറ്റ് തന്നെ വേണമത്രേ! പരീക്ഷയും റാങ്ക് ലിസ്റ്റും നടത്തുന്ന റിക്രൂട്ട്‌മെന്റ് ബോർഡിന് താന്ത്രിക വിദ്യയിൽ എന്ത് 'അറിവാണുള്ളതെന്നാണ്' ഇവരുടെ ചോദ്യം.
ചില 'കുസൃതി' ചോദ്യങ്ങൾ:
പണ്ട് ക്ഷേത്രങ്ങളിൽ വഴിപാട് നടത്തിയ ഈഴവന്റെ പണം അശുദ്ധമായിരുന്നില്ലേ എന്ന് ആരും ചോദിക്കരുത്.
വിദ്യ അഭ്യസിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് ഭരണഘടന പറയുമെങ്കിലും, 'സർട്ടിഫിക്കറ്റ്' നൽകാനുള്ള അവകാശം തങ്ങളുടെ കുടുംബസ്വത്താണെന്നാണ് തന്ത്രിപക്ഷത്തിന്റെ ഉറച്ച നിലപാട്.
ഹൈക്കോടതി പറഞ്ഞത് പോലെ ഇതൊരു സിവിൽ കേസാണോ അതോ 'ആചാരസംരക്ഷണ'ത്തിനായുള്ള വിശുദ്ധ യുദ്ധമാണോ എന്ന് സുപ്രീംകോടതി ഇനി തീരുമാനിക്കട്ടെ. എന്തായാലും തന്ത്രിമാർക്ക് നാലാഴ്ചത്തെ സമയം സുപ്രീംകോടതി അനുവദിച്ചിട്ടുണ്ട്. അതുവരെ 'ആത്മീയത' സുരക്ഷിതമായിരിക്കുമെന്ന് പ്രത്യാശിക്കാം!











