
ദോഹ: ലബനനിൽ നിന്നുള്ള ‘ടന്നൂരിൻ (Tannourine)’ ബ്രാൻഡിലെ ബോട്ടിൽ വെള്ളം വിപണിയിൽ നിന്ന് പിൻവലിക്കാൻ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) നിർദ്ദേശിച്ചു. ഉൽപ്പന്നത്തിന്റെ സാമ്പിളുകളിൽ Pseudomonas aeruginosa എന്ന ബാക്ടീരിയ കണ്ടെത്തിയതായി ലബനൻ പൊതുജനാരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച ലാബ് പരിശോധനാഫലത്തെ തുടർന്നാണ് ഈ നടപടി.
ഉൽപ്പന്നം ഉപയോഗിക്കുന്നത് ഒഴിവാക്കാനും, ഇതിനകം വാങ്ങിയവർ അത് വിൽപ്പന കേന്ദ്രങ്ങളിൽ തിരികെ നൽകുകയോ, കുപ്പി തുറന്ന് വെള്ളം ഒഴിച്ച് കുപ്പി നിശ്ചിത മാലിന്യപ്പെട്ടിയിൽ നിക്ഷേപിക്കുകയോ ചെയ്യണമെന്ന് മന്ത്രാലയം ഉപദേശിച്ചു.
ഉൽപ്പന്നം വിപണിയിൽ നിന്ന് പൂർണ്ണമായി പിൻവലിക്കുന്നതിനായി ഇറക്കുമതി ചെയ്യുന്ന കമ്പനികൾക്കും വിതരണക്കാരനും ഉപഭോക്തൃ സംഘടനകൾക്കും മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനോടൊപ്പം, ഉൽപ്പന്നത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഭക്ഷ്യസുരക്ഷാ ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
വിപണിയിലെ റീട്ടെയിൽ കേന്ദ്രങ്ങളിൽ നിന്നും ഉൽപ്പന്നം നീക്കംചെയ്തിട്ടുണ്ടോ എന്ന് ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനാ സംഘം ഫീൽഡ് സന്ദർശനങ്ങളും നടത്തി.
Pseudomonas aeruginosa എന്നത് മണ്ണിലും വെള്ളത്തിലും കാണപ്പെടുന്ന സാധാരണ ബാക്ടീരിയയാണ്. പ്രതിരോധശേഷി കുറഞ്ഞ വ്യക്തികളിൽ അപൂർവമായി അണുബാധയ്ക്ക് കാരണമാകാമെന്നും മന്ത്രാലയം അറിയിച്ചു.











