03:39pm 19 June 2026
NEWS
ഗവർണറുടെ ഒപ്പില്ലാതെ ബില്ലുകൾ നിയമമാക്കി തമിഴ്നാട് സർക്കാർ
12/04/2025  02:03 PM IST
nila
ഗവർണറുടെ ഒപ്പില്ലാതെ ബില്ലുകൾ നിയമമാക്കി തമിഴ്നാട് സർക്കാർ

ചെന്നൈ: ഗവർണറുടെയോ രാഷ്ട്രപതിയുടെയോ അം​ഗീകാരമില്ലാതെ ബില്ലുകൾ നിയമമാക്കി തമിഴ്നാട് സർക്കാർ. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഗവർണറുടെയോ രാഷ്ട്രപതിയുടെയോ അം​ഗീകാരമില്ലാതെ ബില്ലുകൾ നിയമമാക്കി ഒരു സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. പത്തുബില്ലുകൾ തടഞ്ഞുവെച്ച തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയുടെ നടപടി നിയമവിരുദ്ധമാണെന്നും ഈ ബില്ലുകൾക്ക് ഗവർണറുടെ അനുമതി ലഭിച്ചതായി കണക്കാക്കുമെന്നുമുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് തമിഴ്നാട് സർക്കാർ ഈ പത്തു ബില്ലുകളും നിയമമാക്കിയത്. ഈ ബില്ലുകളിന്മേൽ രാഷ്ട്രപതി സ്വീകരിച്ചേക്കാവുന്ന നടപടികൾക്ക് നിയമസാധുതയുണ്ടാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. 

 സുപ്രീം കോടതി വിധി ഇന്ന് പുലർച്ചെയോടെയാണ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തത്. തൊട്ടുപിന്നാലെ തന്നെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ ബില്ലുകളെല്ലാം നിയമമായി എന്ന് തമിഴ്നാട് സർക്കാർ അറിയിക്കുകയായിരുന്നു. ഗവർണർ ആർ.എൻ. രവി തടഞ്ഞുവെച്ച 10 ബില്ലുകളാണ് ഇപ്പോൾ നിയമമായിരിക്കുന്നത്.

സർവകലാശാല ഭേദഗതി ബില്ല് ഉൾപ്പെടെ പുതിയ നിയമത്തിൽ ഉണ്ട്. ഇതോടെ തമിഴ്നാട്ടിലെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനം ഇനി മുഖ്യമന്ത്രിയായിരിക്കും വഹിക്കുക. ഇതുവരെ ഗവർണറായിരുന്നു ചാൻസലർ സ്ഥാനത്തുണ്ടായിരുന്നത്. ബില്ല് നിയമമായതോടെ തമിഴ്നാട്ടിലെ സർവകലാശാലകളുടെ വൈസ് ചാൻസലർമാരെ നിയമിക്കുന്ന നടപടികളിലേക്ക് അധികാരം ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് കടക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനായി രജിസ്ട്രാർമാരുടേയും ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവെക്കുന്ന ​ഗവർണറുടെ നിലപാടിനെതിരെയാണ് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹർജി പരി​ഗണിച്ച സുപ്രീംകോടതി തമിഴ്നാട് സർക്കാരിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു. തമിഴ്നാട് ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്നും 10 ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടി റദ്ദാക്കണമെന്നും കോടതി വ്യക്തമാക്കി. നിയമസഭ വീണ്ടും പാസാക്കി അയക്കുന്ന ബില്ലുകൾ ആദ്യ ബില്ലിൽ നിന്ന് വ്യത്യസ്തമെങ്കിൽ മാത്രമേ രാഷ്ട്രപതിക്ക് വിടാൻ അവകാശമുള്ളൂവെന്നും കോടതി വിധിച്ചു. സംസ്ഥാന സർക്കാരിന്റെ ഉപദേശത്തിന് അനുസരിച്ചാകണം ഗവർണർ പ്രവർത്തിക്കേണ്ടത്. അനുഛേദം 200 അനുസരിച്ച് ഗവർണർക്ക്‌ വിവേചനാധികാരം എന്ന ഒന്നില്ല. അനുഛേദം 200 പ്രകാരം നടപടികളിൽ ഒന്ന് സ്വീകരിച്ചേ മതിയാകൂ എന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്നാട് സർക്കാരിന്റെ നടപടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img