
ചെന്നൈ: സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനമായി നൽകുന്ന തമിഴ്നാട് സർക്കാരിന്റെ പുതിയ പദ്ധതിക്ക് തിങ്കളാഴ്ച തുടക്കം. ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ എന്ന പേരിലുള്ള പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി ജോസഫ് വിജയ് നിർവഹിക്കും.
മധുര ഗവൺമെന്റ് രാജാജി ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ 25 നവജാത ശിശുക്കൾക്ക് മുഖ്യമന്ത്രി സ്വർണമോതിരം സമ്മാനിക്കും. സർക്കാർ ആശുപത്രികളിൽ പ്രസവിക്കുന്ന അമ്മമാരെയും കുഞ്ഞുങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഈ വർഷം ജൂൺ 22ന് ശേഷം ജനിച്ച കുട്ടികൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഒരു ഗ്രാം തൂക്കമുള്ള 22 കാരറ്റ് സ്വർണമോതിരമാണ് ഓരോ കുഞ്ഞിനും സമ്മാനമായി നൽകുന്നത്.
ജൂൺ 22 മുതൽ സെപ്റ്റംബർ 22 വരെ ജനിച്ച കുഞ്ഞുങ്ങൾക്ക് സംസ്ഥാനത്തെ 107 കേന്ദ്രങ്ങൾ വഴിയാണ് മോതിരം വിതരണം ചെയ്യുക. തിങ്കളാഴ്ച മുതൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്ന സമയത്ത് തന്നെ സ്വർണമോതിരം കൈമാറും.
തമിഴ്നാട്ടിൽ സ്ഥിരതാമസക്കാരായ അമ്മമാർക്ക് ജനിക്കുന്ന കുട്ടികൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ആദ്യഘട്ടത്തിൽ 1.28 ലക്ഷം കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പദ്ധതിക്കായി 755.83 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്.




 63335.jpg)





