
ചെന്നൈ∙ തമിഴ്നാട്ടിൽ നടൻ വിജയ് യുടെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങുന്നതിനിടെ പുതിയ വഴിത്തിരിവ്. എഐഎഡിഎംകെ നേതാവ് എടപ്പാടി കെ. പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എഎംഎകെ നേതാവ് ടിടിവി ദിനകരൻ ഗവർണറെ സമീപിച്ചു. വിജയ് നേതൃത്വത്തിലുള്ള ടിവികെയെ സർക്കാർ രൂപീകരണത്തിന് ക്ഷണിക്കരുതെന്നും അദ്ദേഹം ഗവർണർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഭൂരിപക്ഷം എഐഎഡിഎംകെയ്ക്കാണുള്ളതെന്നും അതിനാൽ എടപ്പാടി പളനിസാമിയെ മുഖ്യമന്ത്രിയായി ക്ഷണിക്കണമെന്ന ആവശ്യവും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മന്നാർകുടി എംഎൽഎ എസ്. കാമരാജ് ടിവികെയ്ക്ക് പിന്തുണ നൽകിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ദിനകരൻ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പേരിൽ വ്യാജ കത്ത് തയ്യാറാക്കി ടിവികെ പിന്തുണ അവകാശപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും, അന്വേഷണം പൂർത്തിയാകുന്നതുവരെ വിജയ്യെ സത്യപ്രതിജ്ഞയ്ക്ക് വിളിക്കരുതെന്നും ഗവർണറോട് ആവശ്യപ്പെട്ടതായി ദിനകരൻ വ്യക്തമാക്കി.
അതേസമയം, വിജയുടെ ഭൂരിപക്ഷം ഉറപ്പായിട്ടില്ലെന്നാണ് ലോക്ഭവൻ പറയുന്നത്. 116 പേരുടെ മാത്രമേ പിന്തുണക്കത്ത് കിട്ടിയിട്ടുള്ളൂ. ഭൂരിപക്ഷം ഉറപ്പിക്കണമെന്നും അതില്ലാതെ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്നുമാണ് ഗവർണർ അറിയിച്ചിരുന്നത്. ഗവർണർക്ക് ബോധ്യപ്പെട്ടില്ലെന്ന് ലോക്ഭവൻ വൃത്തങ്ങൾ പറഞ്ഞു.
വൈകിട്ട് 6 മണിക്കാണ് വിജയ് ഗവർണറെ കാണാൻ ലോക്ഭവനിലെത്തിയത്. 120 എംഎൽഎമാരുടെ പിന്തുണ ഉണ്ടെന്നാണ് അപ്പോൾ പുറത്ത് വന്ന വിവരങ്ങൾ. ലീഗും വിസികെയും വിജയ്യെ പിന്തുണയ്ക്കാൻ തീരുമാനിച്ചു എന്നായിരുന്നു സിപിഎം സിപിഐ നേതാക്കൾ പറഞ്ഞിരുന്നത്. വിജയ് ഗവർണറെ കണ്ടതിനെ ശേഷം സിപിഐ, സിപിഎം നേതാക്കളെ കണ്ട് മടങ്ങുമ്പോൾ നാളെ രാവിലെ 11 മണിക്ക് ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ നടക്കുമെന്നാണ് സിപിഎം നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ അതിന് ശേഷവും ലോക് ഭവനിൽ നിന്ന് അറിയിപ്പുകളൊന്നും ലഭിക്കാതായപ്പോഴാണ് 116 എം എൽ എ മാരുടെ പിന്തുണ മാത്രമാണ് വിജയ് കൊണ്ടുവന്നതെന്ന് ലോക്ഭവൻ വൃത്തങ്ങൾ അറിയിച്ചത്. 118 എം എൽ എ മാരുടെ പിന്തുണകത്ത് ഇല്ലാതെയാണ് വിജയ് ലോക്ഭവനിൽ എത്തിയത്. എന്നാൽ വിസികെ ഇമെയിലിലൂടെ പിന്തുണകത്ത് ലോക്ഭവനിൽ എത്തിക്കുമെന്ന് പറഞ്ഞിരുന്നതായി ടിവികെ നേതാക്കൾ പറയുന്നു. എന്നാൽ അതിന് ശേഷം വിസികെയുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്ന് ചില പാർട്ടി പ്രവർത്തകർ പറഞ്ഞു. വിസികെ ചില പുതിയ ആവശ്യങ്ങൾ കൂടി ഉന്നയിച്ചെന്നും മറ്റുചിലർ പറഞ്ഞു. അതേസമയം ടിവികെക്ക് പിന്തുണ നൽകുമെന്ന പറഞ്ഞ വിസികെയുടെ അധ്യക്ഷനായ തീരുമാവളവൻ എം കെ സ്റ്റാലിനെ കാണാൻ വീട്ടിലെത്തി. ശേഷം ഉദയനിധി സ്റ്റാലിനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിലേക്കും പോയിരുന്നു. ഇത് തമിഴകത്ത് കൂടുതൽ നാടകീയ രംഗങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.










