
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ നീക്കങ്ങൾക്ക് സൂചന നൽകി ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ. അണ്ണാമലൈ ബിജെപി വിട്ട് പുതിയ പാർട്ടി രൂപീകരണത്തിലേക്ക് നീങ്ങുന്നതായാണ് സൂചനകൾ. പാർട്ടി നേതൃത്വവുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ഇത്തരം റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അടുത്തിടെ തിരഞ്ഞെടുപ്പ് ചുമതലകളിൽനിന്ന് അദ്ദേഹം പിന്മാറിയിരുന്നു.
വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റമെന്ന വിശദീകരണം നൽകിയതെങ്കിലും, പിന്നാലെ ഉണ്ടായ നടപടികൾ രാഷ്ട്രീയ പ്രാധാന്യമുള്ളവയാണെന്നാണ് വിലയിരുത്തൽ. ഏറെക്കാലമായി നിഷ്‌ക്രിയമായിരുന്ന ‘അണ്ണാമലൈ ചാരിറ്റബിൾ ഫൗണ്ടേഷൻ’ പുനരുജ്ജീവിപ്പിച്ച അദ്ദേഹം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറുകണക്കിന് അനുയായികളെ തിരുനെൽവേലി ജില്ലയിലെ പാളയംകോട്ടയിലെ ട്രസ്റ്റ് ഓഫീസിൽ വിളിച്ചുകൂട്ടി യോഗം ചേർന്നു. ബി.ജെ.പി സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങളിൽനിന്നുള്ള അവഗണനയാണ് അണ്ണാമലൈയെ പുതിയ വഴികളിലേക്ക് നയിക്കുന്നതെന്ന വിലയിരുത്തലും ശക്തമാണ്. അനുയായികൾ പുതിയ പാർട്ടി രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
നിലവിലെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രന്റെ ജന്മനാടായ തിരുനെൽവേലിയിൽ അണ്ണാമലൈ യോഗം സംഘടിപ്പിച്ചതും രാഷ്ട്രീയമായി ശ്രദ്ധേയമായി. ഇത് സംസ്ഥാന നേതൃത്വത്തോടുള്ള തുറന്ന വെല്ലുവിളിയാണെന്ന വിലയിരുത്തലാണ് രാഷ്ട്രീയവൃത്തങ്ങളിൽ ഉയരുന്നത്. അണ്ണാമലൈ ചാരിറ്റബിൾ ഫൗണ്ടേഷൻ രാഷ്ട്രീയ പ്ലാറ്റ്‌ഫോമായി മാറുമോ, അതോ ബി.ജെ.പി. നേതൃത്വത്തിന് സമ്മർദം സൃഷ്ടിക്കുന്ന ഗ്രൂപ്പായി തുടരുകയോ ചെയ്യുമോ എന്നതാണ് ഇപ്പോൾ ചർച്ചാവിഷയം.
2021 ജൂലായിലാണ് അണ്ണാമലൈ തമിഴ്നാട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റത്. അദ്ദേഹത്തിന്റെ കടുത്ത നിലപാടുകളും പരാമർശങ്ങളും പാർട്ടിക്കുള്ളിലും സഖ്യകക്ഷികളിലും അസ്വസ്ഥത സൃഷ്ടിച്ചു. 2023-ൽ അണ്ണാമലൈയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടിയാണ് അണ്ണാ ഡി.എം.കെ. എൻ.ഡി.എ. മുന്നണി വിട്ടത്. സഖ്യം പുനഃസ്ഥാപിക്കുന്നതിനുള്ള നിബന്ധനകളിലൊന്നായി അണ്ണാമലൈയെ അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിയതായാണ് രാഷ്ട്രീയ വിലയിരുത്തൽ, എങ്കിലും കാലാവധി പൂർത്തിയായതാണ് ഔദ്യോഗിക വിശദീകരണം.
അദ്ദേഹത്തിന് പകരമായി നൈനാർ നാഗേന്ദ്രനെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചതോടെ അണ്ണാമലൈ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർത്തപ്പെടുമെന്ന പ്രചാരണമുണ്ടായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദേശീയതലത്തിലുള്ള ചുമതല വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, പിന്നീട് അണ്ണാമലൈയെ പ്രധാന സ്ഥാനങ്ങളിൽ പരിഗണിക്കാതിരുന്നതും നിർണായക യോഗങ്ങളിൽ നിന്ന് ഒഴിവാക്കിയതുമാണ് അസ്വസ്ഥത വർധിക്കാൻ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു.










