11:29am 25 May 2026
NEWS
തമിഴ്‌രാഷ്ട്രീയം പ്രക്ഷുബ്ധമാക്കുന്നു; ദ്രാവിഡ-ക്രിസ്ത്യൻ പോര്, ഹിന്ദുത്വവും മുസ്ലീങ്ങളും മൗനത്തിൽ
25/05/2026  07:30 AM IST
അഡ്വ. എം. മനോഹരൻപിള്ള
തമിഴ്‌രാഷ്ട്രീയം പ്രക്ഷുബ്ധമാക്കുന്നു;  ദ്രാവിഡ-ക്രിസ്ത്യൻ പോര്, ഹിന്ദുത്വവും മുസ്ലീങ്ങളും മൗനത്തിൽ

സി.ജോസഫ് വിജയ്‌യുടെ നേതൃത്വത്തിൽ രൂപീകൃതമായ തമിഴ് വെട്രി കഴകം (ടി.വി.കെ) പാർട്ടിക്ക് ഒരു സിനിമാറ്റിക് ഫെയിമേ തമിഴ്‌നാട്ടിലെ രാഷ്ട്രീയപ്പാർട്ടികൾ കൽപ്പിച്ചിരുന്നുള്ളൂ. എന്നാൽ ഭൂരിപക്ഷം തികയ്ക്കാനുള്ള വിജയ്‌യുടെ നെട്ടോട്ടവും, അതിന് തമിഴ്‌നാട്ടിലെയും കേരളത്തിലെയും ക്രിസ്ത്യൻ സി.എസ്.ഐ സഭകളുടേയും മിഷണിമാരായ ബിഷപ്പന്മാരുടെയും സമ്മർദ്ദങ്ങളും രണ്ട് ദ്രാവിഡകക്ഷികളെയും അത്ഭുതപ്പെടുത്തി. ഇൻഡ്യാ സഖ്യത്തിലെ തെക്കെ ഇൻഡ്യയിലെ ആസ്ഥാന കക്ഷിയായ ഡി.എം.കെയുമായുള്ള ബന്ധം വിച്ഛേദിച്ചാണ് കോൺഗ്രസ് മുന്നണിക്ക് പുറത്തുചാടിയതും വിജയ് മന്ത്രിസഭയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതും. സി.എസ്.ഐ സഭയുമായി ബന്ധമുള്ള കോൺഗ്രസ്സിലെ എം.എൽ.എമാരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് രാഹുൽഗാന്ധിയും സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഈ ഒത്തുതീർപ്പിന് വഴങ്ങിയിരുന്നത്. സി.പി.എം, സി.പി.ഐ, മുസ്ലീംലീഗ് ഓഫീസുകൾ വിജയ് കയറിയിറങ്ങുന്നതറിഞ്ഞ് ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ മൂന്നുപാർട്ടി നേതാക്കളെയും സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചു. അവർക്ക് താക്കീതുകൾ നൽകിയ സ്റ്റാലിൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് അംഗീകാരം നിലനിർത്താൻ ഡി.എം.കെ ചെയ്തുകൊടുത്ത എം.പി, എം.എൽ.എ സ്ഥാനങ്ങൾ ഓർമ്മിപ്പിച്ചുകൊടുത്തു. അഖിലേന്ത്യാ ജനറൽ സെക്രട്ടറിമാരായ എം.എ. ബേബിക്കും ഡി. രാജയ്ക്കും സ്റ്റാലിൻ സമാന മുന്നറിയിപ്പുകൾ കൊടുത്തിട്ടുണ്ട്. മുസ്ലീം ലീഗിന് കേരളത്തിന് പുറത്ത് തമിഴ്‌നാട്ടിൽ ഒരു അഡ്രസ്സുണ്ടാക്കി കൊടുത്തത് സ്റ്റാലിനാണ്. കരുണാനിധിയുടെ കാലം മുതൽ ഡി.എം.കെയോടൊപ്പം നിന്ന മുസ്ലീം സമുദായം ലീഗിന്റെ ഭാഗമായി. തമിഴ്‌നാട്ടിലെ മുരുകഭക്തന്മാരെ ഒന്നടങ്കം പിണക്കിയാണ് പലയിടത്തും തമിഴ്‌നാട്ടിലെ മുസ്ലീം മോസ്‌ക്കുകളെ സ്റ്റാലിൻ സംരക്ഷിച്ചുനിർത്തിയത്.

സാന്റിയോഗ മാർട്ടിന്റേയും കുടുംബത്തിന്റേയും ഇടപെടൽ

ലോട്ടറികളുടെ രാജാവാണ് കോയമ്പത്തൂർക്കാരനായ സാന്റിയോഗാ മാർട്ടിൻ. മാർട്ടിൻ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്ഥാപകനും ചെയർമാനും. അദ്ദേഹത്തെ കേരളത്തുകാർ പരിചയപ്പെട്ടത് 'ദേശാഭിമാനി' എന്ന സി.പി.എമ്മിന്റെ മുഖപത്രത്തിലൂടെയാണ്. ഇ.പി. ജയരാജൻ പാർട്ടിപത്രം ഭരിച്ച കാലത്ത്.
തമിഴ്‌നാട്, പുതുച്ചേരി ഭരണത്തിലും പാർട്ടികളിലും മാർട്ടിൻ കുടുംബാംഗങ്ങൾ വിവിധ പദവികളിലുണ്ട്.
വിജയ്‌യുടെ മുഖ്യനയതന്ത്രജ്ഞനും ഉപദേഷ്ടാവും ഇപ്പോൾ മന്ത്രിസഭാംഗവുമായ ആധവ അർജുന സാന്റിയോഗോ മാർട്ടിന്റെ മരുമകനാണ്.  വിജയ്‌യെയും ടിവികെയെയും തമിഴ് രാഷ്ട്രീയത്തെയും എന്തുവിലകൊടുത്തും വാങ്ങാനുള്ള സാന്റിയോഗോ മാർട്ടിന്റെ അനന്തരാവകാശിയാണ് മന്ത്രി ആധവ അർജുന.

സാന്റിയോഗോ മാർട്ടിന്റെ ഭാര്യ ശ്രീമതി ലീലാറോസ് മാർട്ടിൻ എ.ഐ.എ.ഡി.എം.കെ എം.എൽ.എയാണ്. അപ്പോൾപ്പിന്നെ എം.എൽ.എമാരുടെ ഒരു ബ്ലോക്ക് തന്നെയുണ്ടാക്കിയെടുക്കാൻ ആ ബന്ധങ്ങൾ വിജയ്ക്കും ടി.വി.കെയ്ക്കും സഹായമാകും.
സാന്റിയോഗാ മാർട്ടിന്റെ അളിയൻ (ഭാര്യാ സഹോദരീഭർത്താവ്) ജോസ് ചാൾസ് നയിക്കുന്ന ഒരു കക്ഷി പുതുച്ചേരിയിലെ എൻ.ഡി.എ മുഖ്യമന്ത്രി രംഗസ്വാമിയുടെ ഒരു ഘടകകക്ഷി നേതാവാണ്.

ബി.ജെ.പിയുടെ തമിഴ്‌നാട്ടിലെ പ്രസിഡന്റ് നായനാർ നാഗേന്ദ്രൻ അഞ്ചുവർഷം ജയലളിത മന്ത്രിസഭയിൽ അംഗമായിരുന്നു. തിരുനെൽവേലിക്കാരനായ നായനാർ നാഗേന്ദ്രൻ അണ്ണാമലയ്ക്കുശേഷം ബി.ജെ.പിയുടെ നേതൃപദവിയിൽ വന്നയാളാണ്. ഇപ്പോഴും എ.ഐ.എ.ഡി.എം.കെ നേതാക്കളിൽ മിക്കവരും നാഗേന്ദ്രനുമായി ബന്ധപ്പെടാറുണ്ട്.
സാന്റിയോഗോ മാർട്ടിനുമായുള്ള വിജയ്‌യുടെ ബന്ധം ഭാവിയിൽ കേന്ദ്ര സഹായങ്ങൾ നേടാനുള്ള പാലമായി ഉപയോഗിക്കപ്പെടാം. പക്ഷേ വിജയ്‌യോടുള്ള ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അണ്ണാമലയുടെ എതിർപ്പ് കേന്ദ്ര സഹായങ്ങൾക്ക് തടസ്സങ്ങൾ സൃഷ്ടിക്കും.‌

വിജയ്‌യുടെ ലക്ഷ്യം വൻഭൂരിപക്ഷം

അനുകൂലമായ രാഷ്ട്രീയ സാഹചര്യങ്ങൾ വരുമ്പോൾ നിയമസഭ പിരിച്ചുവിട്ട് ഉപതെരഞ്ഞെടുപ്പിലൂടെ വൻഭൂരിപക്ഷം ഉണ്ടാക്കാനായി തെരഞ്ഞെടുപ്പിലേക്ക് നീങ്ങുക എന്നതാണ് വിജയ്‌യുടെ ലക്ഷ്യം.
ഈർക്കിൽ കക്ഷികളുടെ ഒന്നും രണ്ടും സീറ്റുകളുടെ ഭൂരിപക്ഷവുമായി മുന്നോട്ട് അധികകാലം പോകാൻ കഴിയില്ല.  തനിക്കുവേണ്ടി പി.ആർ. വർക്കിന് മുന്നിൽ നിന്ന ഒരു ജ്യോതിഷിയെ നിയമിക്കുകയും പിന്നീട് സർക്കാർ പദവിയിൽ നിന്ന് പിരിച്ചുവിടേണ്ടി വന്നത് വി.സി.കെ എന്ന രണ്ട് സീറ്റുള്ള കക്ഷിയുടെ സമ്മർദ്ദത്തിലാണ്.

വിജയ്ക്ക് തമിഴ്‌നാട്ടിൽ ഇപ്പോഴും മുഖ്യശത്രു ഡി.എം.കെയും സ്റ്റാലിനുമാണ്. സ്റ്റാലിനെ കേന്ദ്രീകരിച്ചുള്ള ആക്രമണത്തിലാണ് വിജയ് ജയിച്ചുകയറിവന്നത്. പക്ഷേ ഇപ്പോഴും സ്റ്റാലിന്റെ ശത്രു നരേന്ദ്രമോദിയും  കേന്ദ്രസർക്കാരുമാണ്. വിജയ്‌ക്കെതിരെ കളിക്കാൻ സ്റ്റാലിൻ സ്വന്തം മകൻ ഉദയനിധിയെയാണ് ചുമതലപ്പെടുത്തിയത്. നിയമസഭയിൽ സനാതന ധർമ്മത്തിനെതിരെ പ്രസംഗിച്ച ഉദയനിധി പുറത്തുപ്രസംഗിച്ചപ്പോഴത്തെ മജിസ്‌ട്രേട്ട് കോടതിയിലുള്ള കേസിന്റെ കാര്യം പോലും മറന്നു.
വന്ദേമാതരം സത്യപ്രതിജ്ഞയ്ക്ക് ആലപിച്ചത് ലോക്ഭവന്റെ ആചാരപ്രകാരമാണെന്ന വിജയ്‌യുടെ വിശദീകരണം തൃപ്തിപ്പെടാതെ, ബി.ജെ.പിയെ തൃപ്തിപ്പെടുത്തുകയാണ് വിജയ്‌യുടെ തന്ത്രമെന്നും സ്റ്റാലിൻ തുറന്നാക്രമിച്ചു. വിജയ്‌യെ വെട്ടിലാക്കാൻ ബി.ജെ.പിയുമായി ഒരു സ്ഥിരം ഫോർമുലയാണ് സനാതന ധർമ്മത്തെ എതിർത്തുകൊണ്ട് ഉദയനിധി സ്റ്റാലിൻ തുറന്നുവിട്ടിരിക്കുന്നത്. തനിക്കെതിരെ ജയന്റ് കില്ലറായി വന്ന വിജയ്‌ക്കെതിരെ പ്രതിപക്ഷ നേതാവായി രംഗത്തുള്ള മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നുള്ള വിജയ്ക്ക് തുല്യനായ ഉൽപ്പന്നമായ ഉദയഗിരിയുടെ വേഷവും ഒരു ജയന്റ് കില്ലറുടേത് തന്നെയാണ്.

തമിഴ്‌നാടിന്റെ കടക്കെണിയും വിജയ്‌യുടെ വാഗ്ദാനങ്ങളും

2025-26 ലെ തമിഴ്‌നാട് ബഡ്ജറ്റുമായി ബന്ധപ്പെട്ടുള്ള അനുബന്ധ സ്ഥിതിവിവര കണക്കുകൾ പ്രകാരം തമിഴ്‌നാടിന്റെ കടബാധ്യത 10 ലക്ഷം കോടി  രൂപയാണ്. മുഖ്യമന്ത്രി വിജയ്‌യുടെ വരുമാനാധിഷ്ഠിത ആസ്തി 600 കോടിയാണ്. അഞ്ചുവർഷം ഏതായാലും സിനിമാ അഭിനയം ഒന്നും നടക്കില്ല. ചുരുക്കത്തിൽ ആ രംഗം വഴി ഇനി ഒരു വരുമാനങ്ങളും ലഭിക്കില്ല. മുഖ്യമന്ത്രിയുടെ ശമ്പളം സ്വന്തം ബി.എം.ഡബ്ല്യു കാറിന് പെട്രോൾ അടിക്കാൻ പോലും തികയില്ല. പിന്നെ കോടിക്കണക്കിന് രൂപയുടെ ബാങ്ക് നിക്ഷേപങ്ങളുണ്ട്. കെട്ടിടങ്ങളുടെ വാടകയുണ്ട്. റിയൽ എസ്റ്റേറ്റ് വരുമാനം വേറെയും. ഒരു ആഡംബര ജീവിതത്തിന് ഇത്രയൊക്കെ മതി.

സനാതന ധർമ്മത്തെ വിമർശിച്ചുകൊണ്ട് നിയമസഭയിൽ ഉദയനിധി സ്റ്റാലിൻ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ മുഖ്യമന്ത്രി വിജയ് മൗനം പാലിച്ചു എന്ന ആക്ഷേപം ബി.ജെ.പിയുടെ ഏക എം.എൽ.എ തന്നെ ഉന്നയിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഹിന്ദു സമൂഹവും മുരുകഭക്തന്മാരും അത് ഏറ്റെടുക്കുമെന്നതിൽ തർക്കമില്ല.

അതിനുശേഷമാണോ തമിഴ്‌നാട്ടിലെ ഒരു ക്ഷേത്രത്തിൽ വിജയ് ശയനപ്രദക്ഷിണം നടത്തുകയും മഹാരാഷ്ട്രയിലെ അംബാനി കുടുംബം ദർശനത്തിന് പോകാറുള്ള സായിമന്ദിരത്തിൽ തൊഴുന്ന ചിത്രങ്ങൾ തമിഴ് മാധ്യമങ്ങൾ മത്സരിപ്പിച്ചാണ് പ്രദർശിപ്പിച്ചത്.
സാമ്പത്തിക അച്ചടക്കം ലംഘിച്ചുള്ള പ്രഖ്യാപനങ്ങൾ തമിഴ്‌നാട്ടിൽ വിജയ് സർക്കാരിന്റെ നെല്ലിപ്പലക ഇളക്കിക്കൊണ്ടിരിക്കുകയാണ്. രണ്ടുശതമാനം ഡി.എ സർക്കാർ- എയ്ഡഡ് ജീവനക്കാർക്കും പെൻഷകാർക്കും നൽകിയതിന്റെ പേരിൽ 1230 കോടി രൂപയുടെ അധികബാധ്യതയാണ് തമിഴ്‌നാട് ട്രഷറിക്കുണ്ടായിരിക്കുന്നത്. 700ഓളം എഫ്.എൽ.ആർ മദ്യഷോപ്പുകൾ നിർത്തലാക്കിയത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാമീപ്യം നോക്കിയാണെങ്കിലും സർക്കാരിന്റെ സാമ്പത്തിക വരുമാനം കുറച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഭരണപ്രതിപക്ഷ തർക്കങ്ങൾ കൊടുമ്പിരിക്കൊള്ളുന്നുണ്ട്.

വിസിൽ വിപ്ലവം എന്ന ടി.വി.കെ മാനിഫെസ്റ്റോ

2026 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ടി.വി.കെ അവതരിപ്പിച്ച തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയ്ക്ക് വിജയ് ഇട്ട ഓമനപ്പേര് 'വിസിൽ വിപ്ലവം' എന്നാണ്.
തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ അരങ്ങത്തേക്കിറങ്ങിയ ടി.വി.കെയുടെ കാൽവെപ്പായിരുന്നു വിസിൽ വിപ്ലവം എന്ന പ്രകടനപത്രിക. ടി.വി.കെയുടെ പ്രകടനപത്രികയുടെ മതേതര സാമൂഹ്യനീതി എന്ന പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. അതിലെ മതേതരത്വം പൊളിക്കാനാണ് സനാതന ധർമ്മ വിരുദ്ധ പ്രചാരവുമായി ഉദയനിധി സ്റ്റാലിന്റെ പുറപ്പാട്.

വിജയ്‌യുടെ വാഗ്ദാനങ്ങൾ

1. സ്ത്രീകൾ- വനിതാ കുടുംബനാഥകൾക്ക് പ്രതിമാസ 2500 രൂപ ഗ്രാന്റ്.
2. ഓരോ കുടുംബത്തിനും പ്രതിവർഷം 6 സൗജന്യ എൽ.പി.ജി സിലിണ്ടർ.
3. 29 വയസ്സിന് മുകളിൽ പ്രായമുള്ള ബിരുദധാരികൾക്ക് 4000 രൂപ പ്രതിമാസ സഹായം. 
4. ഡിപ്ലോമ ഹോൾഡറന്മാർക്ക് പ്രതിമാസം 2000 രൂപയ്ക്ക് വിദ്യാഭ്യാസ വായ്പയിൽ ഇളവുകൾ.
5. തദ്ദേശ സ്വകാര്യ പൊതുമേഖല ജോലികളിൽ തമിഴർക്ക് 75 ശതമാനം സംവരണം.
6. സംസ്ഥാനത്തുടനീളം 500 ക്രിയേറ്റീവ് സ്‌ക്കൂളുകൾ സ്ഥാപിക്കൽ.
7. എല്ലാ  സ്‌ക്കൂളുകളിലും കോളേജുകളിലും മയക്കുമരുന്ന് വിരുദ്ധ സംരക്ഷണമേഖലകൾ സ്ഥാപിക്കൽ.
8. കച്ചത്തീവിന്റെ വീണ്ടെടുക്കലും സംഭരണ ശേഖരണവും.
9. പാവപ്പെട്ട വധുക്കൾക്ക് 1 പവൻ സ്വർണ്ണം.
10. 5 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ.
11. ഭരണപരമായ നവീകരണം.

പ്രധാനമന്ത്രിയെപ്പറ്റിയോ കേന്ദ്ര സഹായത്തെപ്പറ്റിയോ പ്രകടന പത്രികയിൽ ഒരു പരാമർശവുമില്ല. കേരളത്തിലും യു.ഡി.എഫ് സമാനമായ വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്. തെലങ്കാനയിലും ഈ ഗിമ്മിക്കിലാണ് കോൺഗ്രസ് ഭരണം പിടിച്ചത്. വാഗ്ദാനങ്ങളുടെ പരസ്യങ്ങൾ മലയാളം പത്രങ്ങളിലും വരുന്നുണ്ട്. ബിഗ് ടി.വി എന്നൊരു തെലങ്കാന ചാനൽ കേരളത്തിൽ ഇറക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാനങ്ങൾ തമ്മിൽ അന്തർധാരയുണ്ടാക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ സഹായം തേടിയിട്ടുണ്ട്. പാലമായി കെ.വി.തോമസിനെ തന്നെ ഏൽപ്പിച്ചാൽ വളരെ സൗകര്യമായിരുന്നു.

തമിഴ്‌രാഷ്ട്രീയം ജാതി അധിഷ്ഠിതമാകുമോ?

ദ്രാവിഡ രാഷ്ട്രീയത്തിന്റെ കേന്ദ്രീകരണത്തിനും അഴിമതിക്കും എതിരെ ബി.ജെ.പിയുടെ നേതൃത്വത്തിൽ തുടങ്ങിവച്ച രാഷ്ട്രീയമാണ് വിജയ് തുടർന്നത്. അണ്ണാമലൈ വിതച്ചു വിജയ് കൊയ്തു. പക്ഷേ വിജയ്ക്കുള്ളിലെ ജോസഫിന്റെ മതേതരമുഖം സി.എസ്.ഐ രാഷ്ട്രീയത്തിന്റെ മുഖംമൂടിയായാൽ അതുകൊണ്ട് വീണ്ടും ഇടിയുന്നത് വിജയ് തന്നെയായിരിക്കും. അണ്ണാ ഡി.എം.കെയുടെ മുപ്പത് എം.എൽ.എമാരെ പിടിച്ച് ഭൂരിപക്ഷം ഉണ്ടാക്കിയത് രാഷ്ട്രീയ നേട്ടമായി ശരിയായിരിക്കാം. നേട്ടമായിരിക്കാം. പക്ഷേ അവർ ദ്രാവിഡ രാഷ്ട്രീയത്തിന്റെ വിത്തുകൾ തന്നെയാണ്. അത് സൂക്ഷിച്ചില്ലെങ്കിൽ വിജയ്‌യുടെ പ്രതീക്ഷകളും ലക്ഷ്യങ്ങളും തകരും. വിജയ്‌യുടെ മതേതരം ഇനിയും വ്യക്തമായിട്ടില്ല. കോൺഗ്രസ്സിന്റേയും മുസ്ലീംലീഗിന്റെയും കപട മതേതരമുഖം കോൺഗ്രസ് അണികളിൽ തന്നെ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. ഈ രാഷ്ട്രീയം മുതലാക്കാനാണ് ഡി.എം.കെയുടെ ശ്രമം. സനാതന ധർമ്മവിശ്വാസികളും ഈശ്വരഭക്തരുമായ തമിഴ്‌നാട്ടിലെ ഹൈന്ദവ സമൂഹം യാഥാർത്ഥ്യങ്ങൾ തിരിച്ചറിയും.

കേന്ദ്ര സംസ്ഥാന ബന്ധം: വിജയ്‌യുടെ മാനിഫെസ്റ്റോയിൽ വ്യക്തതയില്ല

കടക്കെണിയുടെ നീരാളിപ്പിടിത്തത്തിൽ കിടന്ന് ഉഴലുന്ന കേരളം പോലൊരു സംസ്ഥാനമാണ് തമിഴ്‌നാട്. പത്തുലക്ഷം കോടി രൂപയുടെ ബാധ്യത ആളോഹരി വരുമാനപ്രകാരമുള്ളപ്പോഴാണ് വീണ്ടും കടബാധ്യതകൾ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് ശതമാനം കേന്ദ്ര ഡി.എ അനുവദിച്ചപ്പോൾ തന്നെ 1230 കോടി രൂപയുടെ ബാധ്യത ഉണ്ടായിക്കഴിഞ്ഞു. കേന്ദ്രത്തിനുള്ള 10 ലക്ഷം കോടി ബാധ്യതയ്ക്ക് പുറമെയുള്ള ബാധ്യതയാണ് പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

വിജയ്‌യുടെ മാനിഫെസ്റ്റോയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ കോടികൾ വേണ്ടിവരും. ഇതിനുള്ള വരുമാനം ഒരിടത്തും വക കൊള്ളിച്ചില്ല.
ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ, പി.എം.കെ, ബി.ജെ.പി എന്നീ പ്രതിപക്ഷ കക്ഷികൾ വെറുതെയിരിക്കില്ല. എല്ലാത്തിനും കേന്ദ്രത്തിനെ കുറ്റപ്പെടുത്തുന്ന ഡി.എം.കെ നയം തുടർന്നാൽ സുപ്രീംകോടതിയിലെ കുറെ വക്കീലന്മാർക്ക് ഫീസ് കൊടുത്ത് മുടിയേണ്ടി വരും.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.