08:06am 29 April 2026
NEWS
തമിഴ്നാട്: ദളപതി വിജയിന്റെ ടി വി കെ സൃഷ്ടിക്കുമോ സിനിമാസ്റ്റൈൽ ട്വിസ്റ്റ്‌?
17/03/2026  12:29 PM IST
വിഷ്ണുമംഗലം കുമാർ
തമിഴ്നാട്: ദളപതി വിജയിന്റെ ടി വി കെ സൃഷ്ടിക്കുമോ സിനിമാസ്റ്റൈൽ ട്വിസ്റ്റ്‌

 തമിഴ്നാട് രാഷ്ട്രീയത്തിന് സിനിമയുമായി ഗാഡബന്ധമുണ്ട്. സിനിമയിലെ ഉൾപ്പിരിവുകളും നടകീയതയും രാഷ്ട്രീയരംഗത്ത് പ്രകടമാണ്. ഭരിക്കുന്ന ഡിഎംകെയായാലും പ്രതിപക്ഷത്തെ മുഖ്യകക്ഷിയായ അണ്ണാ ഡിഎം കെയായാലും രാഷ്ട്രീയ പരീക്ഷണത്തിനായി ഗോദയിലിറങ്ങുന്ന ദളപതി വിജയിന്റെ ടി വികെയായാലും സിനിമാബന്ധമോ പശ്ചാത്തലമോ ഉള്ള കക്ഷികളാണ്. പത്തുവർഷത്തെ അണ്ണാ ഡിഎംകെ ഭരണത്തിന്( ആദ്യം ജയലളിത മുഖ്യമന്ത്രി പിന്നീട് എടപ്പാടി പളനിസ്വാമി) അന്ത്യം കുറിച്ചുകൊണ്ടാണ് 2021 ൽ എം കെ സ്റ്റാലിൻ മുഖ്യമന്ത്രിയായി ഡി എം കെ അധികാരത്തിൽ വന്നത്. കോൺഗ്രസ്സും ഇടതുപക്ഷപാർട്ടികളും വിടുതൽ ചിരുതൈകൾ കഴകവും ഒരു മുന്നണിയായി ഡിഎംകെയോട് ഒപ്പമുണ്ട്. മുന്നണിയ്ക്ക് 2021 ൽ 159 സീറ്റുകൾ നേടാനായെങ്കിലും ഭരിക്കുന്നത് തനിച്ച് 133 സീറ്റുകൾ നേടിയ ഡി എം കെ മാത്രമാണ്. 234 സീറ്റുകളാണ് തമിഴ് നാട് നിയമസഭയിൽ ആകെയുള്ളത്. ബിജെപി, പി എം കെ, അമ്മ മക്കൾ മുന്നേറ്റ കഴകം എന്നീ കക്ഷികൾ കൂടെയുള്ള അണ്ണാ ഡി എം കെ മുന്നണിയ്ക്ക് നേടാനായത് 75 സീറ്റുകൾ. അണ്ണാ ഡിഎംകെ യ്‌ക്ക് തനിച്ച് 60 സീറ്റുകളുണ്ട്. കേന്ദ്രവുമായുള്ള ഏറ്റുമുട്ടൽ, ജാത്യാധിഷ്ഠിത രാഷ്ട്രീയ വിവാദം, പണം നൽകി സ്ത്രീവോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമത്തിനെതിരായുള്ള വിമർശനം തുടങ്ങിയവയുടെ നടുവിലൂടെയാണ് ഡി എം കെ ഭരണം മുന്നോട്ടുപോകുന്നത്. ഈ സാഹചര്യത്തിലാണ് ടി വി കെ എന്ന പുതിയ കക്ഷിയുമായി ജനപ്രിയ താരം ദളപതി വിജയ് രാഷ്ട്രീയ ഗോദയിലിറങ്ങുന്നത്. 15 മുതൽ 20 ശതമാനം വരെ വോട്ടുകൾ വിജയിന്റെ പാർട്ടി പിടിക്കാനിടയുണ്ടെന്ന റിപ്പോർട്ടുകൾ ഭരണകക്ഷിയായ ഡിഎം കെയ്ക്കും മുഖ്യപ്രതിപക്ഷമായ അണ്ണാ ഡി എം കെയ്ക്കും സൃഷ്ടിക്കുന്ന തലവേദന കുറച്ചൊന്നുമല്ല. ശക്തമായ സംഘടനാ സംവിധാനമില്ല എന്നതാണ് വിജയ് നേരിടുന്ന പ്രധാന പ്രശ്നം. കരൂർ ദുരന്തം, ഭാര്യയുമായുള്ള വേർപിരിയൽ, സ്വന്തം പ്രചാരണ സിനിമ റിലീസ് ചെയ്യുന്നതിലുള്ള തടസ്സം എന്നിവ വിജയിന് പ്രതികൂല ഘടകങ്ങളാണ്. ഏപ്രിൽ 23 നാണ് തമിഴ്നാട്ടിൽ വോട്ടെടുപ്പ്. സ്റ്റാലിന്റെ രണ്ടാം ഭരണം വരുമോ, അതല്ല അണ്ണാ ഡി എം കെ മുന്നണി കരുത്ത് കാട്ടുമോ ഇതൊന്നും സംഭവിക്കാതെ ടി വി കെ സിനിമാസ്റ്റൈൽ ട്വിസ്റ്റുണ്ടാക്കി ദളപതി വിജയിനെ മുഖ്യമന്ത്രിക്കസേരയിൽ കുടിയിരുത്തുമോ എന്നാണ് തമിഴ്നാട് രാഷ്ട്രീയം നിരീക്ഷിക്കുന്നവർ ഉറ്റുനോക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img