07:18pm 13 June 2026
NEWS
യുഎസിലെ വിവാഹമോചനക്കേസ് തടയണം; തമിഴ്നാട് സ്വദേശിനി സുപ്രീം കോടതിയിൽ
04/02/2026  08:18 AM IST
സുരേഷ് വണ്ടന്നൂർ
യുഎസിലെ വിവാഹമോചനക്കേസ് തടയണം; തമിഴ്നാട് സ്വദേശിനി സുപ്രീം കോടതിയിൽ

​ന്യൂഡൽഹി: അമേരിക്കയിലെ റോഡ് ഐലൻഡ് കോടതിയിൽ ഭർത്താവ് ഫയൽ ചെയ്ത വിവാഹമോചന നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സ്വദേശിനി സുപ്രീം കോടതിയെ സമീപിച്ചു. ഇന്ത്യൻ നിയമപ്രകാരം നടന്ന വിവാഹത്തിൽ വിദേശ കോടതിക്ക് ഇടപെടാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.

​കന്യാകുമാരി ജില്ലയിൽ താമസിക്കുന്ന യുവതി ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം സമർപ്പിച്ച റിട്ട് ഹർജിയിൽ കേന്ദ്ര സർക്കാർ, യുവതിയുടെ ഭർത്താവ്, ഇന്ത്യയിലെ യുഎസ് എംബസി എന്നിവരെ കക്ഷികളാക്കിയിട്ടുണ്ട്.

​ 2023 ജനുവരിയിൽ തമിഴ്നാട്ടിൽ വെച്ച് ഇന്ത്യൻ ക്രിസ്ത്യൻ ആചാരപ്രകാരമാണ് വിവാഹം നടന്നത്. അതിനാൽ, 1869-ലെ ഇന്ത്യൻ ഡിവോഴ്സ് ആക്ട് പ്രകാരം മാത്രമേ വിവാഹമോചന നടപടികൾ സാധ്യമാകൂ എന്ന് ഹർജിയിൽ പറയുന്നു.

​ യുഎസിൽ വെച്ച് ഭർത്താവിൽ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങൾ നേരിടേണ്ടി വന്നതായും സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമം നടന്നതായും യുവതി ആരോപിക്കുന്നു. 2025 ഒക്ടോബറിൽ തന്നെ ഇന്ത്യയിൽ ഉപേക്ഷിച്ച ശേഷം ഭർത്താവ് യുഎസിലേക്ക് മടങ്ങി. തുടർന്ന് ഒത്തുതീർപ്പ് ചർച്ചകൾ നടക്കവേ തന്നെ, തന്റെ അറിവോ സമ്മതമോ കൂടാതെ ഒക്ടോബർ 30-ന് റോഡ് ഐലൻഡ് കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകുകയായിരുന്നു.

​1991-ലെ പ്രശസ്തമായ വൈ. നരസിംഹറാവു വേഴ്സസ് വൈ. വെങ്കടലക്ഷ്മി കേസ് മുൻനിർത്തിയാണ് യുവതിയുടെ വാദം. ഈ വിധി പ്രകാരം, ഇന്ത്യയിലെ വ്യക്തിനിയമങ്ങൾക്ക് വിരുദ്ധമായോ പങ്കാളിയുടെ സമ്മതമില്ലാതെയോ വിദേശ കോടതികൾ പുറപ്പെടുവിക്കുന്ന വിവാഹമോചന ഉത്തരവുകൾക്ക് ഇന്ത്യയിൽ നിയമസാധുതയുണ്ടാവില്ല.

​വിദേശ കോടതിയുടെ വിധി അസാധുവാക്കണമെന്നും കേന്ദ്ര സർക്കാർ ഇടപെട്ട് തനിക്ക് സംരക്ഷണം നൽകണമെന്നുമാണ് യുവതിയുടെ ആവശ്യം. കേസ് ഉടൻ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img