
ചെന്നൈ/കൊൽക്കത്ത: തമിഴ്‌നാടും പശ്ചിമബംഗാളും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും പശ്ചിമബംഗാളിലെ 152 മണ്ഡലങ്ങളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ബംഗാളിൽ ശേഷിക്കുന്ന 142 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ഈ മാസം 29-നാണ്. ബംഗാളിൽ ഒന്നാംഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ അനുബന്ധ വോട്ടർ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കി. സുപ്രീംകോടതി നിർദേശപ്രകാരം രൂപീകരിച്ച 19 ട്രിബ്യൂണലുകൾ അംഗീകരിച്ച പേരുകളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആകെ 294 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്.
തമിഴ്‌നാട്ടിൽ 5.73 കോടിയോളം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. 38 ദിവസം നീണ്ട പ്രചാരണത്തിന് ശേഷമാണ് 4,023 സ്ഥാനാർഥികളുടെ ഭാവി തീരുമാനിക്കാൻ വോട്ടർമാർ ബൂത്തിലേക്ക് എത്തുന്നത്. ഡി.എം.കെ മുന്നണിയും അണ്ണാ ഡി.എം.കെ–ബി.ജെ.പി സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. അതേസമയം, ടി.വി.കെ.യുടെ ആദ്യ മത്സരം പല മണ്ഡലങ്ങളിലും ത്രികോണ പോരാട്ടത്തിന് വഴിവെച്ചിട്ടുണ്ട്.
ഡി.എം.കെ. നേതൃത്വം നൽകുന്ന സഖ്യം 164 സീറ്റുകളിൽ മത്സരിക്കുമ്പോൾ കോൺഗ്രസ്, സി.പി.എം., സി.പി.ഐ. അടക്കമുള്ള കക്ഷികൾ സഖ്യത്തിന്റെ ഭാഗമാണ്. മറുവശത്ത്, അണ്ണാ ഡി.എം.കെ.യുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യത്തിൽ ബി.ജെ.പി., പി.എം.കെ. തുടങ്ങിയ കക്ഷികൾ മത്സരരംഗത്തുണ്ട്.
തമിഴക വെട്രി കഴകം എല്ലാ സീറ്റിലും മത്സരിക്കാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങൾ മൂലം ഒരു മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണയ്ക്കുകയാണ്. നാം തമിഴർ കക്ഷി 234 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തിയതിൽ പകുതിയോളം വനിതകളാണ്. വി.കെ. ശശികലയുടെ പുതിയ പാർട്ടി 77 സീറ്റുകളിൽ മത്സരിക്കുന്നു.
മുഖ്യമന്ത്രി സ്റ്റാലിൻ കൊളത്തൂരിൽ തുടർച്ചയായ നാലാം വിജയം ലക്ഷ്യമിടുമ്പോൾ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ചെപ്പോക്ക്–ട്രിപ്ലിക്കനിൽ വീണ്ടും രംഗത്തുണ്ട്. പളനിസ്വാമി എടപ്പാടിയിലും, വിജയ് പെരമ്പൂരും തിരുച്ചി ഈസ്റ്റിലും മത്സരിക്കുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ, നാം തമിഴർ കക്ഷി നേതാവ് സീമാൻ, ഡി.എം.ഡി.കെ നേതാവ് പ്രേമലത വിജയകാന്ത് എന്നിവരും മത്സരരംഗത്തുള്ള പ്രമുഖരാണ്. മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം ബോഡിനായ്ക്കന്നൂരിൽ മത്സരരംഗത്തുണ്ട്.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഭരണതുടർച്ച ഉറപ്പാണെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചെങ്കിലും പ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടു. കുടുംബവാഴ്ച അവസാനിപ്പിക്കുന്ന തിരഞ്ഞെടുപ്പാണിതെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി പ്രതികരിച്ചു. ടി.വി.കെ. നേതാവ് വിജയ് വോട്ടർമാർക്ക് അഞ്ച് വർഷത്തെ ഉത്തരവാദിത്തഭരണം വാഗ്ദാനം ചെയ്തു. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ഇത്തവണ ബി.ജെ.പി. മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് അവകാശപ്പെട്ടു.










