
തമിഴ്നാട്ടുകാരെ സംബന്ധിച്ചിടത്തോളം അവരുടെ ഭാഷയും സംസ്കാരവും (കലാചാരം) പരമപ്രധാനമാണ്.
സ്റ്റാലിൻ താൻ വരാര്... നല്ലാഴ്ചിതരപ്പോരാര്... അതുതാൻ... അതുതാൻ... മക്കളോടെമുടിവ്... (സ്റ്റാലിൻ ആണ് വരാൻ പോകുന്നത്, നല്ല‘ഭരണം വരാൻ പോകുന്നു, അതുതന്നെയാണ് ജനങ്ങളുടെതീരുമാനം). 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ദ്രാവിഡമുന്നേറ്റ കഴകം മുന്നോട്ടുവെച്ച തിരഞ്ഞെടുപ്പ് പ്രചാരണ തീംസോംഗ് ഇതായിരുന്നു. കൃത്യം പറഞ്ഞുവെച്ചിരുന്നതുപോലെ തമിഴകജനത മുത്തുവേൽ കരുണാനിധി മകൻ സ്റ്റാലിൻ എന്ന എം.കെ. സ്റ്റാലിനെ തന്നെ മുതൽ അമൈച്ചറായി (മുഖ്യമന്ത്രി) തിരഞ്ഞെടുത്തു. കാച്ചിക്കുറുക്കിയ പദ്ധതികളും കൃത്യമായ തിരഞ്ഞെടുപ്പ് ആസൂത്രണവുമായിരുന്നു അന്ന് സ്റ്റാലിന്റെ വിജയത്തിന് വഴിയൊരുക്കിയത്. എതിർപക്ഷത്ത് അതിശക്തമായൊരു നേതൃനിര ഇല്ലായിരുന്നു എന്നത് സ്റ്റാലിന്റെ വിജയം സുഗമമാക്കി എന്നതും എടുത്ത് പറയേണ്ടതാണ്. കാലംമാറി. ഇന്ന് തമിഴകത്ത് അതിശക്തമല്ലെങ്കിലും ജനപ്രീതി കൊണ്ട് മുന്നിട്ടുനിൽക്കുന്നതും ദ്രാവിഡ വികാരം തൊട്ടുണർത്തുന്നതുമായ ഒരു പുതുശക്തി ഉരുത്തിരിഞ്ഞ് വരുന്നുണ്ട്. അതിന് ചുക്കാൻ പിടിക്കുന്നതാകട്ടെ 2021 ൽ സ്റ്റാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണതന്ത്രങ്ങൾക്ക് നേതൃത്വം നൽകിയ അതേ പ്രശാന്ത് കിഷോർ. രാജ്യഭരണം കൈയ്യാളുന്ന ഭാരതീയ ജനതാപാർട്ടി സൃഷ്ടിക്കുന്ന അനുരണനങ്ങളും ഇതോടൊപ്പം ചേർത്തുവായിക്കണം. ഇവിടെ ആരുവീഴും, ആരുവാഴും എന്ന ചോദ്യം പ്രസക്തം.
കേരള, തമിഴ്നാട് രാഷ്ട്രീയങ്ങൾ തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്. എങ്കിലും ഇക്കുറി മുഖ്യമന്ത്രി സ്റ്റാലിൻ ലക്ഷ്യമിടുന്നത് ഒരു കേരളമോഡൽ തനിയാവർത്തനമാണ്. അതായത് 2016 ൽ കേരളത്തിൽ അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയൻ എന്തൊക്കെ തന്ത്രങ്ങളാണോ പയറ്റിയത് അതിന്റെ തമിഴ്നാട് പതിപ്പു പയറ്റി തുടർഭരണം ഉറപ്പാക്കുക എന്ന് സാരം. കേരളത്തിലെ സി.പി.എമ്മും തമിഴ്നാടിലെ ഡി.എം.കെയും തമ്മിൽ പ്രത്യക്ഷത്തിൽ ഇല്ലെങ്കിലും പരോക്ഷമായി ചില സാദൃശ്യങ്ങളുണ്ട്. അതിൽ പ്രധാനം ഡി.എം.കെ. എന്നത് ഒരു പ്രാദേശികപാർട്ടി എന്നതാണ്. സി.പി.എമ്മിനെ പേരിന് ദേശീയപാർട്ടിയെന്ന് പറയാമെങ്കിലും വാസ്തവത്തിൽ അത് ശേഷിക്കുന്നത് കേരളത്തിൽ മാത്രമാണ്. അങ്ങിനെ വരുമ്പോൾ രണ്ടുപേരും ഒരേ തൂവൽപക്ഷികളാണ്. ഇരുവരും പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിനെതിരെ ശക്തിയുക്തം നിൽക്കുന്നു എന്ന് അവകാശപ്പെടുന്നവരാണ്. പുരോഗമനചിന്തയും നിരീശ്വരവാദവുമൊക്കെ ഇരുകൂട്ടർക്കും ഭൂഷണം. കൂടാതെ സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്ക് വിലങ്ങുതടിയാകുന്നത് കേന്ദ്രമാണെന്ന മുദ്രാവാക്യം സ്റ്റാലിനും പിണറായിയും ഒരുപോലെ ഉന്നയിക്കുന്നു. ഈ സാഹചര്യത്തിൽ കേന്ദ്രം വേഴ്സസ് നമ്മുടെ സംസ്ഥാനം എന്ന വികാരം സൃഷ്ടിക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്.
കേരളത്തിൽ കേന്ദ്രവിരുദ്ധവികാരം കത്തിക്കാൻ സാധിക്കുന്ന ഏക പ്രചാരണായുധം മതനിരപേക്ഷത മാത്രമാണ്. അതായത് ബി.ജെ.പി. വർഗ്ഗീയപാർട്ടിയാണ് എന്ന നിലപാട് ആവർത്തിക്കുക. എന്നാൽ തമിഴ്നാട്ടിൽ അതല്ല സ്ഥിതി. തമിഴ് എന്ന വികാരമാണ് അവിടെ കൂടുതൽ കത്തുക. അതിനായി അവർ പല അടവുകളും പയറ്റിയെങ്കിലും ഒന്നും അത്രകണ്ട് ഫലവത്തായിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രം ദേശീയ വിദ്യാഭ്യാസനയത്തിന്റെ പൊളിച്ചെഴുത്തിലൂടെ ത്രിഭാഷാനയം മുന്നോട്ടുവെയ്ക്കുന്നത്. ഇത് ഡി.എം.കെയ്ക്ക് ലഭിച്ച സുവർണ്ണാവസരമാണ്. ഇംഗ്ലീഷിനും പ്രാദേശികഭാഷയ്ക്കും പുറമേ ഒരു‘ഭാഷകൂടി പാഠ്യപദ്ധതിയിൽ നിർബന്ധമാക്കുന്ന തരത്തിലാണ് കേന്ദ്രം പുതിയ നയം വിഭാവനം ചെയ്തിരിക്കുന്നത്. ഇതിലൂടെ ഹിന്ദി അടിച്ചേൽപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന വാദവുമായി ഡി.എം.കെ. രംഗത്തുവന്നതോടെ അവരുടെ പൊളിറ്റിക്കൽ മൈലേജ് ഗണ്യമായി വർദ്ധിച്ചു എന്നാണ് തമിഴകത്തുനിന്നും ലഭിക്കുന്ന വിവരം.
തമിഴ്നാട്ടുകാരെ സംബന്ധിച്ചിടത്തോളം അവരുടെ ഭാഷയും സംസ്കാരവും (കലാചാരം) പരമപ്രധാനമാണ്. ജല്ലിക്കെട്ടിനെതിരായ കോടതി വിധിക്കെതിരെ തമിഴർ ഒഴുകിയെത്തിയത് ഇവിടെ ഉദാഹരിക്കാം. കൃത്യം ആ മർമ്മത്തിൽ തന്നെ സ്റ്റാലിൻ ആഞ്ഞുകുത്തി. കേന്ദ്രത്തിനെതിരെ ശക്തമായ സമരമുഖം തുറക്കാൻ ബി.ജെ.പി. വിരുദ്ധചേരിയിലുള്ള മറ്റു സർക്കാരുകളേയും സ്റ്റാലിൻ കൂടെക്കൂട്ടിയിരിക്കുകയാണ്. ഇതിലൂടെ കേന്ദ്രത്തെ വിറപ്പിക്കുന്ന തെന്നിന്ത്യൻ താരോദയമായി സ്റ്റാലിൻ മാറിയിരിക്കുകയാണ്. മുമ്പ് സെൽവി ജയലളിതയ്ക്ക ്മാത്രമാണ് അത്തരമൊരു ശബ്ദം ഉയർത്താൻ സാധിച്ചിട്ടുള്ളത്. ജയലളിതയുടെ കാലശേഷം അതിശക്തമായൊരു സ്വരം തെന്നിന്ത്യയിൽ നിന്നും ഉയർന്നിട്ടില്ല. ഈ സാഹചര്യം മുതലെടുത്ത് സ്റ്റാലിൻ മുന്നോട്ടുപോകുമ്പോൾ ഏറെക്കുറേ അവർ ജയം ഉറപ്പിക്കുന്നു. എന്നാൽ കാര്യങ്ങൾ അനുകൂലമായി ഒരിടത്ത് വന്നു‘ഭവിക്കുമ്പോഴും അവർ നേരിടുന്ന വെല്ലുവിളികൾ സമാനതകളില്ലാത്തതാണ്.
വെട്രികഴകം ഒരു ചോദ്യച്ചിഹ്നം
ഏറെനാൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ സൂപ്പർസ്റ്റാർ രജനികാന്ത് തന്റെ രാഷ്ട്രീയപ്രവേശം സംബന്ധിച്ച് കൃത്യമായ സൂചനകൾ നൽകുകയും അതിൽ നിന്നും പിന്നോട്ടുപോവുകയും ചെയ്തത് സ്റ്റാലിന്റെ ഭരണകാലയളവിൽതന്നെയാണ്. ഇതിനായി സ്റ്റാലിൻ നടത്തിയ ചരടുവലികൾ ദൈവത്തിനും രജനികാന്തിനും മാത്രമാണ് അറിവുള്ളത് എന്നാണ് തമിഴ്നാട്ടുകാർ അടക്കം പറയുന്നത്. ഏതായാലും സ്റ്റൈൽമന്നന്റെ തീരുമാനം സ്റ്റാലിന് വല്ലാത്ത ആശ്വാസമാണ് പകർന്നുനൽകിയത്. എന്നാൽ ആ ആശ്വാസത്തിന്റെ തിരിനാളം കെട്ടടങ്ങുന്നതിന് മുന്നേതന്നെ അടുത്ത വെല്ലുവിളി ഉയർന്നുകഴിഞ്ഞു. തലപതി വിജയ് സിനിമാഭിനയം ഉപേക്ഷിച്ച് രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചത് യാദൃച്ഛികമായിരുന്നില്ല. എങ്കിലും ഡി. എം.കെയെ സംബന്ധിച്ചിടത്തോളം അതിശക്തമായൊരു പ്രതിപക്ഷം നിലവിൽ ഇല്ല എന്നത് വലിയ ആശ്വാസകരമായ സംഗതി ആയിരുന്നു. ആ ആശ്വാസത്തെ കെടുത്തിക്കൊണ്ടാണ് വിജയ് തന്റെ തമിഴക വെട്രി കഴകം (ടി.വി.കെ.) എന്ന രാഷ്ട്രീയപ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്.
വിജയ് തന്റെ പാർട്ടിയുടെ നയസമീപനം പേരിൽതന്നെ വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിനെ വിജയിപ്പിക്കുക ! അതിൽ എല്ലാമുണ്ട്. പ്രഖ്യാപിത നിലപാടുകളും പ്രവർത്തനരീതിയും എല്ലാം തനി ദ്രാവിഡ വികാരത്തിൽ അധിഷ്ഠിതമായിത്തന്നെ. അതോടെ സ്റ്റാലിൻ ഒരുകാര്യം ഉറപ്പിച്ചു. ഡി.എം.കെയ്ക്ക് ഒരു എതിരാളി ഉദിച്ചുകഴിഞ്ഞു. ഇനി അറിയേണ്ടത് വിജയ്ക്ക് എത്രത്തോളം വളരാൻ സാധിക്കും എന്നതാണ്. തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം കഴിവും അറിവും പ്രവൃത്തിപരിചയവുമൊന്നും വിഷയമല്ല. അവിടെ മക്കൾക്ക് വൈകാരികതയാണ് പ്രധാനം. തങ്ങളെ ആര് രക്ഷിക്കുമെന്ന് അവർ കരുതുന്നുവോ ആ നേതാവിനെ അവർ എടുത്ത് തലയിൽവെയ്ക്കും. തമിഴ് തിരൈ ഉലകത്തിലെ മുടിചൂടാമന്നനായ വിജയ ്ഇപ്പോൾതന്നെ അവരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ്. അത് പുടിച്ച അരസിയൽവാദി (ഇഷ്ടപ്പെട്ട രാഷ്ട്രീയക്കാരൻ) എന്ന നിലയിലേക്ക് മാറാൻ അധികനാൾ വേണ്ടിവരില്ല എന്ന് മറ്റാരെക്കാളും നന്നായി സ്റ്റാലിന് അറിയാം.
ജനങ്ങൾക്ക് രാഷ്ട്രീയക്കാരനായ വിജയ്യോടുള്ള മതിപ്പ് എത്രത്തോളം ഉണ്ട് എന്നത് വ്യക്തമാകണമെങ്കിൽ ഒരു പൊതുതിരഞ്ഞെടുപ്പ് അനിവാര്യമാണ്. അതുകൊണ്ടുതന്നെ 2026 വിജയ്ക്കും സ്റ്റാലിനും ഏറെ നിർണ്ണായകമാണ്. വിജയ്യുടെ പാർട്ടി ഇക്കുറി 20 ശതമാനത്തിലേറെ വോട്ടുപിടിക്കും എന്ന് തിരഞ്ഞെടുപ്പ് വിദഗ്ദ്ധൻ പ്രശാന്ത് കിഷോർ ഇതിനോടകംതന്നെ വ്യക്തമാക്കികഴിഞ്ഞു. ഒന്നും കാണാതെ, തന്റെ ക്ലൈന്റിന് അനുകൂലമായസാഹചര്യം സൃഷ്ടിക്കാൻ വേണ്ടി വെറും ബഡായി അടിക്കുന്ന ആളല്ല പ്രശാന്ത് എന്ന് സ്റ്റാലിന് നന്നായി അറിയാം. കാരണം കഴിഞ്ഞ തവണ അദ്ദേഹം പ്രശാന്തിന്റെ സ്ട്രാറ്റജി അടുത്തുനിന്നറിഞ്ഞതാണ്. 20 ശതമാനം ലഭിക്കുമെന്ന് പറയുന്നിടത്ത് കേവലം ആറുശതമാനം ലഭിച്ചാൽപ്പോലും അത് സംസ്ഥാനതലത്തിൽ വ്യാപിക്കുകയാണെങ്കിൽ തന്റെ സ്ഥാനാർത്ഥികൾ പലരും തോൽക്കും എന്ന് സ്റ്റാലിൻ ഭയക്കുന്നു. കന്നിതിരഞ്ഞെടുപ്പിൽ ആറുശതമാനം വോട്ടുവിഹിതം ലഭിച്ചാൽഅത് 20 ലേക്ക് ഉയരാൻ (വിശിഷ്യാതാര ആരാധന ശക്തമായ തമിഴ്നാട്ടിൽ) അധികനാൾ വേണ്ട. ഏതൊരു പാർട്ടി 20 ശതമാനം വോട്ടുവിഹിതം നേടുന്നുവോ അവർ അവിടെ നിന്നും 30-35 ലേക്ക് ഏഴുമുതൽ പത്തുവർഷത്തിനുള്ളിൽ എത്തുമെന്നും അതിലൂടെ അധികാരം കയ്യാളുമെന്നതും പൊളിറ്റിക്കൽ തിയറിയാണ്. അതുകൊണ്ടുതന്നെ ഇളയതലപതിയുടെ വരവ് അത്ര നിസ്സാരമായി കാണാൻ സ്റ്റാലിന് സാധിക്കുന്നില്ല.
പ്രശ്നങ്ങൾ പിന്നെയും ബാക്കിയാണ്. സ്റ്റാലിനെ മുഖ്യമന്ത്രിക്കസേരയിൽ നിന്നും വലിച്ച് താഴെ ഇടാതെ ചെരിപ്പിടില്ല എന്ന് പ്രഖ്യാപിച്ച നേതാവാണ് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ്കൂടിയായ മുൻ ഐ.പി.എസ്. ഓഫീസർ അണ്ണാമലൈ. അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിന് പല തലങ്ങളുണ്ട്. അതിനെ തരാതരംപോലെ പല തരത്തിലും വായിക്കാം. അണ്ണാമലൈയുടെ വാക്കുകൾക്ക്, ഡി.എം.കെയ്ക്ക് പകരം ബി.ജെ.പി. വന്നാൽ മാത്രമേ താൻ ചെരിപ്പിടൂ എന്നർത്ഥമില്ല. ഡി.എം.കെ. വീണാൽമതി. പകരം ആരുവന്നാലും അണ്ണാമലൈക്ക് ചെരിപ്പ് ധരിക്കാം. നിലവിൽ 20 ശതമാനത്തോളം വോട്ടുവിഹിതം നേടാനായ ബി.ജെ.പിക്ക് വേണമെങ്കിൽ ഇപ്പോൾ ഇടഞ്ഞുനിൽക്കുന്ന അല്ലെങ്കിൽ മാറ്റിനിർത്തിയിരിക്കുന്ന എ.ഐ.എ.ഡി.എം.കെയെ കൂട്ടുപിടിച്ചും ടി.വി.കെയുമായി രഹസ്യബാന്ധവത്തിൽ ഏർപ്പെട്ടും ഡി.എം.കെയുടെ വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്താം. എന്നാൽ ഹിന്ദിവിരുദ്ധവികാരം ശക്തമായി നിൽക്കുന്ന സാഹചര്യത്തിൽ ബി.ജെ.പിയുമായി ഒരു പരസ്യകൂട്ടുകെട്ടിന് ആരും തയ്യാറായെന്നുവരില്ല. എന്നാൽ പിൻവാതിൽ സെറ്റിൽമെന്റിലൂടെ ഒരു ബദൽകക്ഷിസർക്കാരിനെ കൊണ്ടുവരാൻ സ്റ്റാലിൻവിരുദ്ധ ടീമിന് സാധിച്ചാൽ (അത്ര എളുപ്പമുള്ള കാര്യമല്ല) അത് ഡി.എം.കെയ്ക്ക് വിദൂരഭാവിയിൽ തിരിച്ചടിയാകുമെന്ന ്ഉറപ്പാണ്.
ഇതിനെല്ലാം പുറമേ സ്റ്റാലിൻ ഭയപ്പെടുന്നത് തന്റെ ആരോഗ്യനിലയെക്കുറിച്ചാണ്. അദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ട് എന്നത് വാസ്തവം. എന്നാൽ അതേക്കുറിച്ച് കൃത്യമായ ഒരു വിവരവും അദ്ദേഹമോ പാർട്ടിവൃത്തങ്ങളോ പുറത്തുവിടുന്നില്ല. കാരണം തമിഴകം ആഗ്രഹിക്കുന്നത് കാലത്തിനൊത്ത കരുത്തുറ്റ നേതാവിനെയാണ്. എം.ജി.ആർ കാലത്തെ അതിവൈകാരികതയൊക്കെ കാലാഹരണപ്പെട്ടു എന്ന് സാരം. അതുകൊണ്ടുതന്നെ കരുത്തനായ തന്നെ സ്വയം ഉയർത്തി പാർട്ടിയുടെ മുന്നിൽ നിർത്താത്തപക്ഷം പുതിയ പരീക്ഷണങ്ങൾക്ക് തമിഴകം തുനിഞ്ഞേക്കും. അങ്ങിനൊരു സാഹചര്യം വന്നാൽ തങ്ങൾക്ക് പരീക്ഷിക്കാൻ കാമ്പുളള നേതാവാണ് വിജയ് എന്ന് തമിഴകം കരുതുമെന്നതും സ്റ്റാലിൻ തിരിച്ചറിയുന്നു. ഇനി അഥവാ ഒരുവേള താൻ വീണുപോയാൽ അടുത്തത് എന്ത് എന്ന ചോദ്യവും സ്റ്റാലിനെ അലട്ടുന്നുണ്ട്. തനിക്കുശേഷം തന്റെ മകൻ ഉദയനിധിയാണ് എന്ന് സ്റ്റാലിൻ നേരത്തേ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്. അതിനായി അദ്ദേഹത്തെ പാർട്ടിയിലും സർക്കാരിലും ഉയർത്തിക്കൊണ്ടുവരാനും സ്റ്റാലിന് സാധിച്ചു.
സിനിമാതാരം എന്ന നിലയിൽ ശോഭിക്കാത്ത തന്റെ മകൻ രാഷ്ട്രീയത്തിൽ നേടും എന്നുകരുതാൻ മാത്രം വിഡ്ഢിയല്ല സ്റ്റാലിൻ. താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം മാത്രമേ ഉദയനിധിക്ക് തമിഴകരാഷ്ട്രീയത്തിൽ സ്പേസ് ഉണ്ടാകൂ എന്നദ്ദേഹം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഉദയനിധി വേഴ്സസ് വിജയ് എന്ന രാഷ്ട്രീയ ഫോർമുലയിലേക്ക് തമിഴ്നാട് മാറുമെന്നും അതിൽ നേടുന്നത് വിജയ് ആയിരിക്കും എന്നും സ്റ്റാലിന് നന്നേ ബോധ്യമുണ്ട്. ഈ സാഹചര്യത്തിൽ 2026 ൽ വിജയ് ഒന്നുമല്ല എന്ന് തെളിയിച്ച് തമിഴ്നാട്ടിൽ തന്റെ തുടർഭരണം ഉറപ്പാക്കാനാണ് സ്റ്റാലിന്റെ നീക്കം. എന്നാൽ ഇവിടെ ജനങ്ങളുടെ നിലപാട ്എന്താണ് എന്നത് കാത്തിരുന്ന് കാണേണ്ട വിഷയമാണ്.
അടുത്തതായി സ്റ്റാലിൻ ഭയക്കുന്ന പ്രധാനപ്പെട്ട സംഗതി പ്രശാന്ത് കിഷോറിന്റെ വരവ് തന്നെയാണ്. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതിൽ ചാണക്യനായ പ്രശാന്തിന് വിജയ്യെ വിജയിപ്പിക്കാൻ വേണ്ടതെന്താണ് എന്ന് നന്നായി അറിയാം. എന്നാൽ അതിനേക്കാളുപരി ഡി.എം.കെയുടെ ദൗർബല്യങ്ങൾ എന്താണ് എന്നും, അവർ എവിടെയൊക്കെയാണ് ഭയക്കുന്നതെന്നും പ്രശാന്തിന് നന്നേ ബോധ്യമുണ്ട്. കൂടെക്കിടക്കുന്നവനല്ലേ രാപ്പനി അറിയൂ എന്നുപറയുന്നതുപോലെ 2020-21 കാലഘട്ടത്തിൽ സ്റ്റാലിനൊപ്പം സഞ്ചരിച്ച ആളാണ് പ്രശാന്ത്. ആ അനുഭവസമ്പത്ത് ഇക്കുറി വിജയ്ക്ക് അനുകൂലമായി മാറാൻ സാദ്ധ്യത ഏറെയാണ് എന്നും സ്റ്റാലിൻ കരുതുന്നു. ഈ സാഹചര്യത്തിൽ വിജയ്യേക്കാൾ കൂടുതൽ സ്റ്റാലിൻ ഭയക്കുന്നത് പ്രശാന്ത് കിഷോറിനെയാണ് എന്ന് അനുമാനിക്കേണ്ടിവരും.
ബാ.ജാ.ക. എന്താകും ?
തമിഴ്നാട്ടിൽ ‘ഭാരതീയ ജനതാപാർട്ടി എന്ന ബി.ജെ.പി. ഭാരതീയ ജനതാകക്ഷി എന്ന ബാ.ജാ.ക. ആണ്. പേരിൽ തമിഴ് വത്കരണം നടത്തിയതിലൂടെ മാത്രം അവർ വെല്ലുവിളികൾ പൂർണ്ണമായി മറികടന്നിട്ടില്ല. എൽ. മുരുകൻ എന്ന മുൻ സംസ്ഥാന അദ്ധ്യക്ഷനിലൂടെ (നിലവിൽ കേന്ദ്രമന്ത്രി) ആണ് ബി.ജെ.പി. തമിഴ്നാട്ടിൽ വേരോട്ടം വ്യാപിപ്പിക്കാൻ തുടങ്ങിയത്. തമിഴ്നാട്ടിലെ മുരുകക്ഷേത്രങ്ങളിലൂടെ ഒരു യാത്ര സംഘടിപ്പിച്ച മുരുകൻ ആത്മീയത വിളമ്പേണ്ടിടത്തെല്ലാം രാഷ്ട്രീയം വിളമ്പി. പലയിടങ്ങളിലും അവർപോലും പ്രതീക്ഷിക്കാത്തത്രയും ആൾക്കൂട്ടംവന്നതോടെ രാഷ്ട്രീയപ്രഖ്യാപനങ്ങൾ ഡി.എം.കെയുടെ മതവിരുദ്ധ, ഹൈന്ദവവിരുദ്ധ നിലപാടുകൾ ആക്ഷേപങ്ങളായി ഉന്നയിക്കുന്നതിലേയ്ക്ക് വഴിമാറി. അപ്പോഴെല്ലാം ഡി.എം.കെ. പ്രതിരോധം തീർത്തത് ടിപ്പിക്കൽ തമിഴന്റെ തമിഴ്വികാരം കുത്തി ഉണർത്തിക്കൊണ്ടായിരുന്നു.
എന്നാൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗിനെ തമിഴ്നാട്ടിലെ മഹാബലിപുരത്ത് എത്തിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കൊണ്ട് തമിഴ് ഭക്ഷണം കഴിപ്പിച്ചും തമിഴ് പരമ്പരാഗത വേഷം ധരിപ്പിച്ചും ബി.ജെ.പി. പ്രതിരോധം തീർത്തുകൊണ്ടേ ഇരുന്നു. മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയാത്ര തുടങ്ങിയതും തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം ധ്യാനമിരുന്നതും തമിഴ്നാട്ടിൽ (കന്യാകുമാരി) നിന്നായിരുന്നു. പാർലമെന്റിൽ എത്തിച്ച അധികാരത്തിന്റെ ചെങ്കോൽ തമിഴ്നാട്ടിൽ ആയിരുന്നു എന്നതും യാദൃച്ഛികമായി സംഭവിച്ച ഒന്നായിരുന്നില്ല. ഇതിനെല്ലാം പുറമേ ആയിരുന്നു കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുന്നേ ഉയർത്തിക്കൊണ്ടുവന്ന കച്ചത്തീവ് പ്രശ്നം. തമിഴകത്തിന് ലഭിക്കേണ്ടതെല്ലാം ഇല്ലാണ്ടാക്കിയത് ഡി.എം.കെ -കോൺഗ്രസ് കൂട്ടുകക്ഷി ആണെന്ന വികാരം സൃഷ്ടിച്ച ബി.ജെ.പിക്ക് നിലവിലെ സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈയിലൂടെ ബഹുദൂരം മുന്നേറാൻ സാധിച്ചു.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടുവിഹിതം ഗണ്യമായി വർദ്ധിപ്പിച്ച ബി.ജെ.പി. ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി ഹിന്ദിവിരുദ്ധ വികാരമാണ്. എ.ഐ.എ.ഡി.എം.കെയുമായുള്ള ബാന്ധവം വെടിഞ്ഞ് ഒറ്റയ്ക്ക് നിൽക്കുന്നതും പല ബി.ജെ.പി. നേതാക്കൻമാരേയും ചൊടിപ്പിക്കുന്നുണ്ട് എന്നതും ഒരു വസ്തുതയാണ്. ആരെ കൂട്ടുപിടിച്ചിട്ടായാലും അധികാരം പിടിക്കണം എന്നതാണ് അവരുടെ പക്ഷം. എന്നാലിവിടെ വിട്ടുവീഴ്ച നടത്താൻ അണ്ണാമലൈ ഒരുക്കമല്ല. അദ്ദേഹത്തിന്റെ ഏകപക്ഷീയ നിലപാടുകളിൽ പ്രതിഷേധിച്ച് പലരും അടുത്തിടെ പാർട്ടി വിട്ടതും ഇതേ സാഹചര്യത്തിലാണ്.
സംസ്ഥാനം വീണ്ടുമൊരു തിരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുമ്പോൾ എന്താകും ബി.ജെ.പി. തമിഴ്നാട്ടിൽ പരീക്ഷിക്കുന്ന പുതിയ പ്രചരണായുധം എന്നത് പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്. മൂന്നുവർഷം കാലാവധി പൂർത്തിയാക്കിയ അണ്ണാമലൈ പാർട്ടിതലപ്പത്ത് നിന്നും മാറുമോ എന്നതാണ് പ്രധാന ചോദ്യം. അടുത്തൊരു പ്രധാനമന്ത്രി തമിഴ്നാട്ടിൽ നിന്നായാൽ എന്താണ് കുഴപ്പമെന്ന പ്രധാനമന്ത്രി നരേനന്ദ്രമോദിയുടെ ചോദ്യം ഇവിടെ വീണ്ടും പ്രസക്തം. ദേശീയതലത്തിൽ പാർട്ടി അഴിച്ചുപണി നടത്തുമ്പോൾ ജെ.പി. നദ്ദ മാറുമെന്ന് ഏറെക്കുറേ ഉറപ്പാണ്. ഈ സ്ഥാനത്തേയ്ക്ക് അണ്ണാമലയെ കൊണ്ടുവരാനുള്ള സാദ്ധ്യത പലരും തള്ളുന്നില്ല. അങ്ങിനൊരു രാഷ്ട്രീയകളി ബി.ജെ.പി. നടത്തിയാൽ പിന്നെ ഉത്തരേന്ത്യൻ പാർട്ടി എന്ന ലേബൽ മറികടക്കാൻ ബി.ജെ.പി. തമിഴ്നാട് ഘടകത്തിന് സാധിക്കും. തുടർന്ന് തമിഴ് വൈകാരികത വ്യക്തമാകുന്ന ഒരുപിടി തീരുമാനങ്ങൾ കൂടിവന്നാൽ എല്ലാം ശുഭം. രാഷ്ട്രീയത്തിൽ ആർക്കും ഒന്നും പ്രവചിക്കാൻ സാധിക്കില്ല. ഏത് നിമിഷവും എന്തുവേണമെങ്കിലും സംഭവിക്കാം. തമിഴ്നാട്ടിലും സ്ഥിതി വിഭിന്നമല്ല.