01:32pm 12 May 2026
NEWS
അണ്ണാ ഡി.എം.കെ എംഎൽഎമാരുടെ ശരാശരി ആസ്തി 152 കോടി രൂപ; രണ്ടാം സ്ഥാനത്ത് ടിവികെ; തമിഴ്നാട്ടിലെ എംഎൽഎമാരുടെ ആസ്തി പട്ടികയിൽ ഏറ്റവും അവസാനം സിപിഎം
12/05/2026  10:13 AM IST
nila
അണ്ണാ ഡി.എം.കെ എംഎൽഎമാരുടെ ശരാശരി ആസ്തി 152 കോടി രൂപ; രണ്ടാം സ്ഥാനത്ത് ടിവികെ; തമിഴ്നാട്ടിലെ എംഎൽഎമാരുടെ ആസ്തി പട്ടികയിൽ ഏറ്റവും അവസാനം സിപിഎം

ചെന്നൈ: പുതുതായി സത്യപ്രതിജ്ഞ ചെയ്ത തമിഴ്നാട് നിയമസഭാംഗങ്ങളിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എം.എൽ.എ അണ്ണാ ഡി.എം.കെ.യുടെ ലീമാ റോസ്. ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ ഭാര്യയും മാർട്ടിൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടറുമാണ് ലീമ റോസ്. മുഖ്യമന്ത്രിയും ടി.വി.കെ. നേതാവുമായ ജോസഫ് വിജയ് ആസ്തിപ്പട്ടികയിൽ രണ്ടാംസ്ഥാനത്താണ്. അതേസമയം, ഏറ്റവും കുറഞ്ഞ ആസ്തിയുള്ള രണ്ട് എം.എൽ.എമാരും ടി.വി.കെ.യിൽ നിന്നുള്ളവരാണെന്നതും ശ്രദ്ധേയമാണ്.

അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ.) പുറത്തുവിട്ട കണക്കുകൾ പ്രകാരം,  ലീമാ റോസിന് 5863 കോടി രൂപയുടെ ആസ്തിയുണ്ട്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അണ്ണാ ഡി.എം.കെ.യിൽ ചേർന്ന ലീമാ റോസ്, തിരുച്ചിറപ്പള്ളി ജില്ലയിലെ ലാൽഗുഡി മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്. പെരമ്പൂരിൽ നിന്ന് വിജയിച്ച മുഖ്യമന്ത്രി ജോസഫ് വിജയ് 649 കോടി രൂപയുടെ ആസ്തിയുമായി രണ്ടാംസ്ഥാനത്തുണ്ട്. ടി.വി.കെ. സ്ഥാനാർഥിയായി വില്ലിവാക്കത്ത് നിന്ന് വിജയിച്ച ആധവ് അർജുന് 534 കോടി രൂപയുടെ ആസ്തിയുണ്ട്. സാന്റിയാഗോ മാർട്ടിന്റെ മകൾ ഡെയ്‌സി മാർട്ടിന്റെ ഭർത്താവാണ് ആധവ് അർജുൻ.

ഏറ്റവും കുറഞ്ഞ ആസ്തിയുള്ള എം.എൽ.എ റാണിപ്പേട്ടിലെ ടി.വി.കെ. അംഗം താഹിറയാണ്. 33,000 രൂപ മാത്രമാണ് ഇവർ സമ്പാദ്യമായി രേഖപ്പെടുത്തിയിരിക്കുന്നത്. വിജയ്‌യുടെ ആരാധക സംഘടനയിലൂടെ രാഷ്ട്രീയത്തിലെത്തിയ താഹിറ, ടി.വി.കെ.യുടെ പ്രചാരണവിഭാഗം ജോയിന്റ് സെക്രട്ടറിയുമാണ്. പെരമ്പലൂരിലെ ടി.വി.കെ. എം.എൽ.എ. കെ. ശിവകുമാർ 1.96 ലക്ഷം രൂപയുടെ ആസ്തിയുമായി രണ്ടാംസ്ഥാനത്തും, തിരുത്തുറൈപൂണ്ടിയിലെ സി.പി.ഐ എം.എൽ.എ കെ മാരിമുത്തു 7.16 ലക്ഷം രൂപയുമായി മൂന്നാംസ്ഥാനത്തുമുണ്ട്.

അതേസമയം, ഏറ്റവും കൂടുതൽ ബാധ്യത രേഖപ്പെടുത്തിയതും ലീമാ റോസാണ്. 340 കോടി രൂപയുടെ ബാധ്യതയാണ് അവർ വെളിപ്പെടുത്തിയിരിക്കുന്നത്.

കക്ഷി അടിസ്ഥാനത്തിൽ നോക്കുമ്പോൾ ശരാശരി ആസ്തിയിൽ അണ്ണാ ഡി.എം.കെ. മുന്നിലാണ്. പാർട്ടിയുടെ എം.എൽ.എമാരുടെ ശരാശരി ആസ്തി 152 കോടി രൂപയാണ്. ടി.വി.കെ. 27 കോടി രൂപയുമായി രണ്ടാംസ്ഥാനത്തും, ഡി.എം.കെ. 14 കോടി രൂപയുമായി മൂന്നാംസ്ഥാനത്തുമുണ്ട്. 68 ലക്ഷം രൂപയുടെ ശരാശരി ആസ്തിയോടെ സി.പി.എം. പട്ടികയിൽ അവസാന സ്ഥാനത്താണ്.

സംസ്ഥാനത്തെ മുഴുവൻ എം.എൽ.എമാരുടെയും ആസ്തിയിൽ 52 ശതമാനവും ലീമാ റോസിന്റെ സംഭാവനയാണെന്നതാണ് റിപ്പോർട്ടിലെ മറ്റൊരു പ്രധാന വിവരമെന്ന് എ.ഡി.ആർ. ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img