
കേരളവുമായുള്ള രാഷ്ട്രീയ സൗഹൃദം തുടരുമ്പോഴും മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ വിട്ടുവീഴ്ച്ചയില്ലെന്ന് തമിഴ്നാട്. പുതിയ ഡാം നിർദേശത്തെ എതിർക്കുമെന്നാണ് തമിഴ്നാട് വ്യക്തമാക്കുന്നത്. തമിഴ്നാടിന്റെയും കർഷകരുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ സംസ്ഥാനം പ്രതിജ്ഞാബദ്ധമാണെന്നും തമിഴ്നാട് ജലവിഭവ വകുപ്പ് നിയമസഭയിൽ സമർപ്പിച്ച രേഖയിൽ പറയുന്നു.
മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്തുന്നതിനെ കേരള സർക്കാർ കാലങ്ങളായി തടയുകയാണെന്ന് തമിഴ്നാട് കുറ്റപ്പെടുത്തുന്നു. 2021ൽ 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയ കേരളം പിന്നീട് അത് റദ്ദാക്കുകയായിരുന്നെന്നും രേഖയിൽ വ്യക്തമാക്കുന്നുണ്ട്. ചീഫ് സെക്രട്ടറിമാരുടെ യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യപ്പെട്ടെങ്കിലും കേരളത്തിന്റെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായില്ല.
അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം മുല്ലപ്പെരിയാറിന്റെ പൂർണസംഭരണ ശേഷിയായ 152 അടിയിലേക്കു ജലനിരപ്പ് ഉയർത്തുകയാണു തമിഴ്നാടിന്റെ ലക്ഷ്യം. കേരളത്തിന്റെ അതിർത്തികളോടു ചേർന്നുള്ള വിവിധ നദീജല സംയോജന പദ്ധതികളുടെ കാര്യത്തിലും മുന്നോട്ടുപോകാനാണു തമിഴ്നാടിന്റെ തീരുമാനം.











