12:50pm 30 April 2026
NEWS
മാറ്റത്തിന്റെ മണിമുഴക്കം; ദ്രാവിഡ കോട്ടകളിൽ വിള്ളൽ വീഴ്ത്തി തമിഴകം പുതിയ പോർമുഖത്തേക്ക്
14/04/2026  05:58 PM IST
അജോ കുറ്റിക്കൻ
മാറ്റത്തിന്റെ മണിമുഴക്കം; ദ്രാവിഡ കോട്ടകളിൽ വിള്ളൽ വീഴ്ത്തി തമിഴകം പുതിയ പോർമുഖത്തേക്ക്

പതിറ്റാണ്ടുകളായി തമിഴ് മണ്ണിന്റെ രാഷ്ട്രീയ വിധി നിശ്ചയിച്ചിരുന്ന ദ്രാവിഡ കക്ഷികളുടെ കുത്തകവാഴ്ചയ്ക്ക് അന്ത്യം കുറിച്ചുകൊണ്ട് തമിഴകം ഒരു പുതിയ രാഷ്ട്രീയ പരിവർത്തനത്തിന്റെ പടിവാതിൽക്കൽ നിൽക്കുകയാണ്. കരുണാനിധിയും ജയലളിതയും വിടവാങ്ങിയതോടെ ശൂന്യമായ തമിഴ് രാഷ്ട്രീയത്തിന്റെ ഉച്ചിയിലേക്ക് പുതിയ അവകാശികൾ പടയോട്ടം തുടങ്ങിക്കഴിഞ്ഞു. കേവലം ഭരണമാറ്റത്തിനപ്പുറം, തമിഴ് ജനതയുടെ രാഷ്ട്രീയ ബോധ്യങ്ങളെ തന്നെ പുനർനിർവ്വചിക്കുന്ന കാഴ്ചയ്ക്കാണ് ഇപ്പോൾ ചെന്നൈയിലെ കോട്ടകൾ സാക്ഷ്യം വഹിക്കുന്നത്.

ഭരണത്തുടർച്ചയ്ക്കായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷി സഖ്യം സകല അടവുകളും പയറ്റുമ്പോൾ, നഷ്ടപ്പെട്ട അധികാരം എന്തുവിലകൊടുത്തും തിരിച്ചുപിടിക്കാനുള്ള അങ്കപ്പുറപ്പാടിലാണ് എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള പ്രധാന പ്രതിപക്ഷം. എന്നാൽ, ഇവരുടെ ഉറക്കം കെടുത്തുന്നത് വെള്ളിത്തിരയിൽ നിന്നും രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങിവന്ന വിജയ്‌യുടെ സാന്നിധ്യമാണ്. തമിഴക വെട്രി കഴകം എന്ന പാർട്ടിയിലൂടെ വിജയ് ഉയർത്തുന്ന മതനിരപേക്ഷ സാമൂഹിക നീതി മുദ്രാവാക്യം യുവതലമുറയെ ഒന്നടങ്കം ആവേശഭരിതരാക്കുന്നു. അഴിമതിക്കും കൈക്കൂലിക്കുമെതിരെ പൗരാവകാശ രേഖ, പരാതികൾ നേരിട്ട് സഭയിൽ എത്തിക്കാൻ ജനകീയ വേദി തുടങ്ങിയ നൂതന ഭരണപരിഷ്കാരങ്ങൾ വാഗ്ദാനം ചെയ്താണ് വിജയ് ജനങ്ങളിലേക്ക് ഇറങ്ങുന്നത്.

കേരളത്തോട് ചേർന്നുനിൽക്കുന്ന തേനി ജില്ലയിലെ കമ്പം ഉൾപ്പെടെയുള്ള അതിർത്തി മേഖലകളിൽ ഈ മാറ്റത്തിന്റെ അലയൊലികൾ അതീവ ശക്തമാണ്. തമിഴ് രാഷ്ട്രീയത്തിലെ ഗതിവിഗതികൾ നിർണ്ണയിക്കുന്നതിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന തേനിയിൽ, ഇക്കുറി ജാതി സമവാക്യങ്ങൾക്കപ്പുറം പുതിയൊരു രാഷ്ട്രീയ തരംഗം അടിച്ചുവീശുന്നു. കമ്പത്തെ മുന്തിരിത്തോപ്പുകളിലും മലയോര ഗ്രാമങ്ങളിലും വിജയ് ആരാധക കൂട്ടായ്മകൾ രാഷ്ട്രീയ യൂണിറ്റുകളായി മാറിയത് പരമ്പരാഗത വോട്ട് ബാങ്കുകളിൽ വലിയ വിള്ളലുണ്ടാക്കും. ഇതിനിടയിൽ ശശികലയുടെ നേതൃത്വത്തിലുള്ള വിഭാഗം ഉൾപ്പെടെയുള്ള ചെറുകക്ഷികൾ സ്വന്തം നിലയ്ക്ക് സഖ്യങ്ങൾ രൂപീകരിക്കുന്നത് വോട്ടുകൾ ഭിന്നിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.

മാറ്റത്തിന് കൊതിക്കുന്ന ഒരു തലമുറയും, ദ്രാവിഡ പാരമ്പര്യം മുറുകെ പിടിക്കുന്ന മറ്റൊരു വിഭാഗവും തമ്മിലുള്ള ഈ പോരാട്ടം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ചരിത്രപ്രധാനമാക്കും. സിനിമയും രാഷ്ട്രീയവും പാലും തേനും പോലെ അലിഞ്ഞുചേർന്ന തമിഴ് മണ്ണിൽ, താരപ്രഭ ഭരണതന്ത്രങ്ങളെ അതിജീവിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. എന്തായാലും, ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ടുകൾ ഇളകിക്കഴിഞ്ഞു എന്നത് രാഷ്ട്രീയ നിരീക്ഷകർ ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ്. തമിഴകത്തിന്റെ പുതിയ നായകൻ ആരാകുമെന്ന് കാലം കാത്തുവെച്ചിരിക്കുന്ന ഉത്തരം വരും നാളുകളിൽ തമിഴ് മണ്ണിൽ നിന്നുള്ള രാഷ്ട്രീയ കാറ്റിൽ വ്യക്തമാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img