05:32am 25 October 2026
NEWS
ഹിന്ദി നിരോധിക്കാൻ തമിഴ്നാട് സർക്കാരിന്റെ നീക്കം
15/10/2025  02:45 PM IST
nila
ഹിന്ദി നിരോധിക്കാൻ തമിഴ്നാട് സർക്കാരിന്റെ നീക്കം

തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിന് തടയിടാൻ സർക്കാർ നിയമനിർമ്മാണത്തിനൊരുങ്ങുന്നു. ഇതു സംബന്ധിച്ച് സുപ്രധാന ബിൽ നിയമസഭയിൽ അവതരിപ്പിക്കാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം.  തമിഴ്‌നാട്ടിലുടനീളം ഹിന്ദി ഹോർഡിംഗുകളും ഹിന്ദി ഭാഷാ സിനിമകളും നിരോധിക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ ബിൽ അവതരിപ്പിക്കുന്നത്. ഇതുസംബന്ധിച്ച കൂടിയാലോചനകൾക്കായി ചൊവ്വാഴ്ച്ച രാത്രിയിൽ സംസ്ഥാന സർക്കാരും ബന്ധപ്പെട്ട മേഖലയിലെ വിദ​ഗ്ധരും യോ​ഗം ചേർന്നുവെന്നും റിപ്പോർട്ടുകളുണ്ട്. 

തമിഴ്‌നാട്ടിലുടനീളമുള്ള ഹിന്ദി ഹോർഡിങുകൾ, ബോർഡുകൾ, സിനിമകൾ, പാട്ടുകൾ എന്നിവ നിരോധിക്കാൻ ലക്ഷ്യമിടുന്ന പുതിയ നിയമം ഭരണഘടനയ്ക്ക് അനുസൃതമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഞങ്ങൾ ഭരണഘടനയ്ക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്നും എന്നാൽ ഹിന്ദി അടിച്ചേൽപ്പിക്കലിന് എതിരാണെന്നും മുതിർന്ന ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ പ്രതികരിച്ചു.

അതേസമയം, വിഡ്ഢിത്തവും അസംബന്ധവുമായ നീക്കമാണ് സർക്കാർ നടത്തുന്നതെന്നും ഭാഷയെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കരുതെന്നും ബിജെപി നേതാവ് വിനോജ് സെൽവം പ്രതികരിച്ചു. ഡിഎംകെ, വിവാദമായ ഫോക്‌സ്‌കോൺ നിക്ഷേപ പ്രശ്‌നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഭാഷാ തർക്കം ഉപയോഗിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

2025-26 ലെ സംസ്ഥാന ബജറ്റ് ലോഗോയിൽ ദേശീയ രൂപയുടെ ചിഹ്നത്തിന് (₹) പകരം തമിഴ് അക്ഷരമായ ‘ரூ’ (രു) ഉപയോഗിച്ചിരുന്നു. ഈ മാറ്റം ബിജെപി നേതാക്കളിൽ നിന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനിൽ നിന്നും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ, ദേശീയ ചിഹ്നത്തെ നിരാകരിക്കുകയല്ല, മറിച്ച് തമിഴ് ഭാഷയെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമാണിതെന്നാണ് ഡിഎംകെ ഇതിനെ പ്രതിരോധിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img