
ചെന്നൈ: തമിഴ്നാട് ഗവർണർ ആർ എൻ രവി നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. നിയമസഭയിൽ ദേശീയ ഗാനത്തിനു പകരം 'തമിഴ് തായ് വാഴ്ത്ത്' ആലപിച്ചതിൽ പ്രതിഷേധിച്ചാണ് ഗവർണർ നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയത്. തമിഴ്നാട് നിയമസഭ ഭരണഘടനയെയും ദേശീയഗാനത്തെയും അപമാനിച്ചുവെന്ന് രാജ്ഭവൻ ആരോപിച്ചു.
സ്പീക്കർ എം അപ്പാവു പൊന്നാടയണിയിച്ചാണ് ഗവർണർ ആർ എൻ രവിയെ നിയമസഭയിലേക്ക് സ്വീകരിച്ചത്. സമ്മേളനം ആരംഭിച്ചപ്പോൾ ആദ്യം തമിഴ് തായ് വാഴ്ത്ത് ആലപിക്കുകയായിരുന്നു. അടുത്തതായി ദേശീയ ഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്.
'ഇന്ന് തമിഴ്‌നാട് നിയമസഭയിൽ വച്ച് ഭാരതത്തിൻ്റെ ഭരണഘടനയും ദേശീയഗാനവും വീണ്ടും അപമാനിക്കപ്പെട്ടു. ദേശീയഗാനത്തെ ബഹുമാനിക്കുകയെന്നത് നമ്മുടെ ഭരണഘടന അനുശാസിക്കുന്ന മൗലിക കടമകളിലൊന്നാണ്. എല്ലാ സംസ്ഥാന നിയമസഭകളിലും സമ്മേളനത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും ദേശീയഗാനം ആലപിക്കേണ്ടതുണ്ട്'- രാജ്ഭവൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.











