
ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപവത്കരണത്തെ ചുറ്റിപ്പറ്റിയ അനിശ്ചിതത്വങ്ങൾക്കിടെ സംസ്ഥാന രാഷ്ട്രീയത്തിൽ അപൂർവ നീക്കങ്ങൾക്ക് സാധ്യത തെളിയുന്നു. പരമ്പരാഗത വൈരികളായ ഡിഎംകെയും എഐഎഡിഎംകെയും സഖ്യത്തിലെത്തി സർക്കാർ രൂപവത്കരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. നടൻ വിജയ് നേതൃത്വം നൽകുന്ന ടിവികെയ്ക്ക് കേവലഭൂരിപക്ഷം നേടാനാകാത്ത സാഹചര്യത്തിൽ, ഗവർണർ രാജേന്ദ്ര ആർലേക്കർ സർക്കാർ രൂപവത്കരണത്തിന് ക്ഷണിക്കാൻ മടിക്കുന്നതും പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
സഖ്യചർച്ചകൾക്ക് മുമ്പായി എഐഎഡിഎംകെ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന നിബന്ധന ഡിഎംകെ മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് വിവരം. തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന്റെ ഭാഗമായിട്ടായിരുന്നു എഐഎഡിഎംകെയും ബിജെപിയും മത്സരിച്ചത്. ഈ ബന്ധം വിച്ഛേദിച്ചാൽ മാത്രമേ എഐഎഡിഎംകെ സർക്കാരിനെ പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കൂവെന്ന നിലപാടിലാണ് ഡിഎംകെ. കൂടാതെ, തങ്ങളുടെ മുന്നണിയിലെ വിസികെ പോലുള്ള കക്ഷികൾക്ക് മന്ത്രിസ്ഥാനം ഉറപ്പാക്കണമെന്ന ആവശ്യവും ഡിഎംകെ ഉന്നയിച്ചിട്ടുണ്ടെന്നാണ് സൂചന.
രണ്ട് സീറ്റുകൾ നേടിയ വിസികെയുടെ പിന്തുണ നേടാൻ വിജയ് ശ്രമം നടത്തിയിരുന്നു. ആദ്യം അനുകൂലസൂചനകൾ നൽകിയിരുന്ന വിസികെ, മന്ത്രിസ്ഥാനം സംബന്ധിച്ച ഡിഎംകെയുടെ നിർദേശത്തിന് പിന്നാലെ നിലപാട് പുനഃപരിശോധിക്കുന്നുവെന്നാണ് വിവരം. ഇതോടെ ടിവികെയ്ക്ക് പകരം ഡിഎംകെ മുന്നണിയോടൊപ്പമാകാനാണ് വിസികെയുടെ ഇപ്പോഴത്തെ താത്പര്യമെന്ന് രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തുന്നു.
കോൺഗ്രസ്, സിപിഐ, സിപിഎം എന്നീ കക്ഷികളുടേയും പിന്തുണ വിജയ് തേടിയിരുന്നു. അഞ്ച് സീറ്റുകൾ നേടിയ കോൺഗ്രസ് ഇതിനോടകം ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 234 അംഗങ്ങളുള്ള തമിഴ്‌നാട് നിയമസഭയിൽ ഭൂരിപക്ഷത്തിനായി 118 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. വിജയ്‌യുടെ ടിവികെയ്ക്ക് 108 സീറ്റുകളാണുള്ളത്. ഡിഎംകെ 59 സീറ്റും എഐഎഡിഎംകെ 47 സീറ്റും നേടിയപ്പോൾ ബിജെപിക്ക് ഒരു സീറ്റാണ് ലഭിച്ചത്. സിപിഐ, സിപിഎം പാർട്ടികൾക്ക് രണ്ടു സീറ്റുകൾ വീതമുണ്ട്.










