05:05pm 12 October 2026
NEWS
മോദിയും ഗവർണറും മുഖ്യമന്ത്രിയും പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരമില്ല; തമിഴ്‌നാട്ടിൽ വീണ്ടും ചർച്ചയായി ആലാപനക്രമം
12/10/2026  09:14 AM IST
nila
 മോദിയും ഗവർണറും മുഖ്യമന്ത്രിയും പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരമില്ല; തമിഴ്‌നാട്ടിൽ വീണ്ടും ചർച്ചയായി ആലാപനക്രമം

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്‌നാട് ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും പങ്കെടുത്ത ഔദ്യോഗിക ചടങ്ങിൽ വന്ദേമാതരം ആലപിച്ചില്ല. ഞായറാഴ്ച ചെന്നൈയിൽ നടന്ന പരിപാടിയിൽ ദേശീയഗാനത്തിനും തമിഴ് തായ്‌വാഴ്ത്തിനുമാണ് പ്രാധാന്യം നൽകിയത്. ഗവർണർ പങ്കെടുക്കുന്ന ചടങ്ങുകളിൽ വന്ദേമാതരം പൂർണമായി ആലപിക്കുന്നതിനെയും തമിഴ് തായ്‌വാഴ്ത്തിന്റെ സ്ഥാനക്രമത്തെയും ചൊല്ലി സംസ്ഥാനത്ത് പ്രതിഷേധം ശക്തമായിരിക്കെയാണ് സംഭവം.

ചെന്നൈ മെട്രോ റെയിൽ രണ്ടാംഘട്ടം ഉൾപ്പെടെ 13,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും ശിലാസ്ഥാപനത്തിനുമായാണ് പ്രധാനമന്ത്രി ചെന്നൈയിലെത്തിയത്. മദ്രാസ് ഐ.ഐ.ടി. ക്യാംപസിലെ കേന്ദ്രീയ വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ ആദ്യം ദേശീയഗാനവും തുടർന്ന് തമിഴ് തായ്‌വാഴ്ത്തുമാണ് ആലപിച്ചത്. ചടങ്ങിൽ വന്ദേമാതരം ഉണ്ടായിരുന്നില്ല.

പ്രസംഗത്തിൽ തമിഴ് ജനതയെ അഭിസംബോധന ചെയ്തുകൊണ്ട് ഇംഗ്ലീഷിൽ സംസാരിച്ച പ്രധാനമന്ത്രി പിന്നീട് ഹിന്ദിയിലേക്ക് മാറി. തമിഴും ഇംഗ്ലീഷും ചേർത്തായിരുന്നു മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ പ്രസംഗം.

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചിരുന്നു. അന്ന് തമിഴ് തായ്‌വാഴ്ത്ത് മൂന്നാമതായാണ് ആലപിച്ചത്. ഗവർണർ പങ്കെടുത്ത മറ്റു പല ഔദ്യോഗിക പരിപാടികളിലും സമാനമായ രീതി തുടർന്നതോടെ വിഷയത്തിൽ പ്രതിഷേധം ഉയർന്നിരുന്നു.

തമിഴ്‌നാട്ടിലെ ഔദ്യോഗിക ചടങ്ങുകളിൽ തമിഴ് തായ്‌വാഴ്ത്ത് ആദ്യം ആലപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കുകയും നിയമസഭയിൽ പ്രമേയം പാസാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഔദ്യോഗിക പരിപാടികളിൽ തമിഴ് തായ്‌വാഴ്ത്ത് ആദ്യം ആലപിക്കുന്നതിന് തടസ്സമില്ലെന്ന് മദ്രാസ് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img