
ദലിതർ താമസിക്കുന്ന മേഖലകളെ വിശേഷിപ്പിക്കാൻ ‘കോളനി’ എന്ന വാക്ക് ഉപയോഗിക്കേണ്ടെന്ന് തമിഴ്നാടും. സർക്കാർ ഉത്തരവുകളിലും രേഖകളിലും ഇനിമുതൽ കോളനി എന്ന വാക്ക് ഉപയോഗിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമസഭയിൽ അറിയിച്ചു. തൊട്ടുകൂടായ്മയുടെയും ചരിത്രപരമായ ജാതി വിവേചനത്തിന്റെയും പ്രതീകമാണു കോളനി എന്ന പദമെന്നായിരുന്നു സ്റ്റാലിൻ ചൂണ്ടിക്കാട്ടിയത്. ഈ മണ്ണിൽ പ്രാചീന കാലം മുതൽ ജീവിക്കുന്ന മനുഷ്യരെ അപമാനിക്കാൻ വേണ്ടിയാണ് ആ വാക്ക് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കോളനി പ്രയോഗം ദലിതരെ അപമാനിക്കുന്നതിനു തുല്യമാണെന്നും അതൊഴിവാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും വിസികെ എംഎൽഎ സിന്തനൈ സെൽവൻ ആവശ്യപ്പെട്ടതിനു മറുപടിയായാണു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ജനങ്ങൾക്കിടയിൽ കോളനി എന്ന വാക്കിന്റെ ഉപയോഗം ഒഴിവാക്കുന്നതിനു സർക്കാർ ശ്രമങ്ങൾ നടത്തുമെന്നും അറിയിച്ചു. കഴിഞ്ഞ വർഷം കേരള സർക്കാരും ദലിതരുമായി ബന്ധപ്പെട്ട് കോളനി എന്ന വാക്ക് ഒഴിവാക്കിയിരുന്നു.











