08:10am 29 April 2026
NEWS
ഒരു പവൻ കുറഞ്ഞതിന്റെ പേരിൽ ഭർതൃവീട്ടുകാരുടെ പീഡനം; വിവാഹത്തിന്റെ നാലാം ദിവസം യുവതി ജീവനൊടുക്കി
02/07/2025  07:24 AM IST
nila
ഒരു പവൻ കുറഞ്ഞതിന്റെ പേരിൽ ഭർതൃവീട്ടുകാരുടെ പീഡനം; വിവാഹത്തിന്റെ നാലാം ദിവസം യുവതി ജീവനൊടുക്കി

ഭർതൃവീട്ടിലെ പീഡനം സഹിക്കാനാകാതെ വിവാഹം കഴിഞ്ഞ് നാലാം ദിവസം യുവതി ജീവനൊടുക്കി. തമിഴ്നാട്ടിലെ തിരുവള്ളൂർ സ്വദേശിനി ലോകേശ്വരി(24) ആണ് സ്വന്തം വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചത്. വിവാഹ നിശ്ചയസമയത്ത് പറഞ്ഞുറപ്പിച്ചതിൽ ഒരു പവൻ സ്വർണം കുറവാണ് എന്ന പേരിലായിരുന്നു പീഡനം. ഭർത്താവിന്റെ അമ്മയും സഹോദര ഭാര്യയും ചേർന്നായിരുന്നു യുവതിയെ പീഡിപ്പിച്ചത് എന്നാണ് കുടുംബത്തിന്റെ ആരോപണം. 

സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ പനീറാണ് ലോകേശ്വരിയെ വിവാഹം കഴിച്ചത്. പത്തു പവന്റെ സ്വർണമാണ് പനീറിന്റെ വീട്ടുകാർ ആവശ്യപ്പെട്ടത്. അഞ്ചു പവൻ നൽകാമെന്ന് യുവതിയുടെ വീട്ടുകാർ പറ‍ഞ്ഞതോടെ യുവാവിന്റെ കുടുംബം സമ്മതിക്കുകയായിരുന്നു. എന്നാൽ, വിവാഹത്തിന് നാലു പവൻ സ്വർണം നൽകാനേ ലോകേശ്വരിയുടെ മാതാപിതാക്കൾക്ക് കഴിഞ്ഞുള്ളു. ഇതേചൊല്ലി പനീറിന്റെ അമ്മയും മൂത്ത സഹോദരന്റെ ഭാര്യയും ചേർന്ന് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മാതാപിതാക്കൾ ആരോപിക്കുന്നത്. 

 ഭർത്താവിൻറെ അമ്മയും സഹോദരൻറെ ഭാര്യയും ചേർന്ന് വീട്ടുജോലികൾ മുഴുവനും യുവതിയെ കൊണ്ട് ചെയ്യിപ്പിച്ചുവെന്നും സോഫയിൽ ഇരിക്കാൻ അനുവദിച്ചിരുന്നില്ലെന്നും ആരോപിക്കുന്നു. മൂത്തമരുമകൾക്ക് 12 പവൻ സ്വർണം ലഭിച്ചിരുന്നുവെന്ന് പറഞ്ഞും ലോകേശ്വരിയെ സമ്മർദത്തിലാക്കി. കഴിഞ്ഞ ദിവസം യുവതി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അവിടെ ശുചിമുറിയിൽ വച്ച് തൂങ്ങിമരിക്കുകയായിരുന്നു. കുളിക്കാനായി പോയ ലോകേശ്വരി ഏറെ നേരംകഴിഞ്ഞും തിരിച്ചുവരാതായതോടെ ചെന്ന് നോക്കിയപ്പോഴാണ് തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img