12:46pm 16 September 2026
NEWS
സൂപ്പർഹിറ്റായി തമിഴ്‌നാട് നിയമസഭ; ജനപ്രതിനിധികൾ ജനങ്ങൾക്ക് മുമ്പിൽ തുറന്നുകാട്ടപ്പെടുന്നു
16/09/2026  12:02 PM IST
ചെറുകര സണ്ണീലൂക്കോസ്
സൂപ്പർഹിറ്റായി  തമിഴ്‌നാട് നിയമസഭ; ജനപ്രതിനിധികൾ ജനങ്ങൾക്ക്  മുമ്പിൽ തുറന്നുകാട്ടപ്പെടുന്നു

തമിഴ്‌നാട് നിയമസഭ ഒരു അപ്രതീക്ഷിത ടെലിവിഷൻ ഹിറ്റായി മാറിയെന്നതാണ് 2026 ഓഗസ്റ്റിൽ തമിഴ്‌നാട്ടിൽ നിന്നുള്ള വാർത്തകൾ. സാധാരണയായി സീരിയലുകൾ, റിയാലിറ്റിഷോകൾ, കോമഡി ഷോകൾ, സിനിമകൾ ഒക്കെ കാണാൻ സമയം ചെലവഴിച്ചിരുന്ന ടി.വി പ്രേക്ഷകർ ഇപ്പോൾ നിയമസഭാ നടപടികളുടെ തത്സമയ സംപ്രേഷണം കാണാൻ ആവേശം കാണിക്കുന്നു എന്നതാണ് തമിഴ്‌നാട്ടിലെ പുതിയ ട്രെൻഡ്.
രാഷ്ട്രീയചർച്ചകളും വീറും വാശിയുമുള്ള സഭയിലെ തർക്കങ്ങളും ടെലിവിഷൻ കാഴ്ചയായി മാറുന്നതോടെ നിയമസഭാ നടപടികൾക്ക് കൂടുതൽ സമയം കവറേജ് നൽകുന്ന ടെലിവിഷൻ ചാനലുകളുടെ കാഴ്ചക്കാരുടെ എണ്ണം തമിഴ്‌നാട്ടിൽ സമീപനാളുകളിൽ കുത്തനെ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സഭാനടപടികൾ സ്ട്രീം ചെയ്യുന്ന ഓൺലൈൻ ചാനലുകളും കൂടുതൽ കാഴ്ചക്കാരെയും കമന്റുകളും ഷെയറുകളും നേടുന്നു.

തമിഴ്‌നാട്ടിൽ നിയമസഭാ നടപടികൾ മുമ്പ് ശ്രദ്ധിച്ചിരുന്നത് പരമ്പരാഗത രാഷ്ട്രീയ പ്രേക്ഷകർ മാത്രമാണ്. എന്നാലിപ്പോൾ നിയമസഭാ നടപടികൾ മുമ്പ് കാഴ്ചാദിനചര്യയുടെ ഭാഗമല്ലാതിരുന്ന വീടുകളിലൊക്കെയും മാറ്റം പ്രകടമാണ്. പ്രായമായവർ, സ്ത്രീകൾ, ജെൻസികൾ ഉൾപ്പെടെ കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്നു നിയമസഭാ നടപടികൾ കാണുന്നു എന്നത് ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിൽ പുതുമയുള്ള അനുഭവമാണ്.
നിയമനിർമ്മാണ നടപടിക്രമങ്ങൾ പലർക്കും അത്ര ആകർഷണീയമല്ല. എന്നാൽ നിയമസഭാ ചർച്ചകളിൽ അണിനിരക്കുന്ന രാഷ്ട്രീയ വ്യക്തിത്വങ്ങൾ അവർക്കിടയിലെ വാദപ്രതിവാദങ്ങൾ സഭയ്ക്കുള്ളിലെ നാടകീയ സംഭവവികാസങ്ങൾ, മുഹൂർത്തങ്ങൾ എന്നിവയൊക്കെയാണ് പ്രേക്ഷകരെ ആകർഷിക്കുന്നത്.

മുഖ്യമന്ത്രി സി. ജോസഫ് വിജയ് തന്നെയാണ് തമിഴ്‌നാട് ജനതയ്ക്ക് നിയമസഭാ കാര്യങ്ങൾ അറിയാനുണ്ടായ പെട്ടെന്നുള്ള താൽപ്പര്യത്തിന് പിന്നിലെ പ്രേരകശക്തി. ഒരു ജനപ്രിയ സിനിമക്കാരൻ എന്ന നിലയിൽ നിന്നും മുഖ്യമന്ത്രിയെന്ന സംസ്ഥാനത്തെ ഏറ്റവും ഉന്നതമായ അധികാരപരിധിയിലേക്കുള്ള വിജയ്‌യുടെ മാറ്റം എങ്ങനെയെന്നറിയാനുള്ള സാധാരണജനത്തിന്റെ ആകാംക്ഷയും കൗതുകവും ആണ് ഇങ്ങനെയൊരു തരംഗം തമിഴ്‌നാട്ടിൽ സൃഷ്ടിച്ചിട്ടുള്ളത്.

വാർത്താചാനലുകളെ സംബന്ധിച്ചിടത്തോളം ചൂടുള്ള വാർത്തകൾക്കുവേണ്ടി അലഞ്ഞു നടക്കേണ്ടി വരുന്നില്ല. നിയമസഭാ നടപടികളുടെ തത്സമയ സംപ്രേഷണം കൊണ്ട് അവർക്കുള്ള അവസരം തീരുന്നില്ല. അവർ പിന്നീട് വാർത്താ ബുള്ളറ്റിനുകളിലും സംവാദങ്ങളിലും സഭാനടപടിക്രമങ്ങളുടെ ഭാഗങ്ങൾ വീണ്ടും പ്രദർശിപ്പിക്കുന്നു. ചൂടേറിയ വാഗ്വാദങ്ങളുടെയും, മൂർച്ചയുള്ള രാഷ്ട്രീയ പരാമർശങ്ങളുടെയും അവിസ്മരണീയ പ്രസ്താവനകളുടെയും ക്ലിപ്പിംഗുകൾ ചെറിയ വീഡിയോകളായും, റീലുകളായും മീമുകളായും മാറ്റുന്നു. സഭയ്ക്കുള്ളിൽ നിരവധി മിനിറ്റു നീണ്ടുനിൽക്കുന്ന ഒരു പ്രസംഗം 30 സെക്കന്റ് ദൈർഘ്യമുള്ള ഒരു ക്ലിപ്പായി ചുരുക്കി മിനിറ്റുകൾക്കുള്ളിൽ വിവിധ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിക്കപ്പെടുകയാണ്.

2026 ലേക്കെത്തുമ്പോൾ അതിശയകരമായ ഒരു കാര്യം തമിഴ്‌നാട് നിയമസഭയുടെ വമ്പിച്ച ജനാധിപത്യവൽക്കരണമാണ്. 2026 തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പ് സംസ്ഥാന രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവുകൾക്കാണ് സാക്ഷ്യം വഹിച്ചത്. നടൻ വിജയ് രൂപീകരിച്ച തമിഴക വെട്രികഴകം തങ്ങളുടെ ആദ്യതിരഞ്ഞെടുപ്പിൽതന്നെ തമിഴ്‌നാട് രാഷ്ട്രീയത്തെ പതിറ്റാണ്ടുകളായി നിയന്ത്രിച്ചിരുന്ന ദ്രാവിഡ പാർട്ടികളുടെ മേധാവിത്വത്തിന് ഒരറുതിവരുത്തിക്കൊണ്ട് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉദയം ചെയ്തു. 234 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടിയിരുന്നത്. തമിഴക വെട്രികഴകം (TVK) ക്ക് ലഭിച്ചത് 108 നിയമസഭാ സാമാജികരെയാണ്.

കഴിഞ്ഞ 59 വർഷമായി തമിഴ്‌നാട് രാഷ്ട്രീയം മാറിമാറി ഭരിച്ചിരുന്ന ഡി.എം.കെ, അണ്ണാഡി.എം.കെ എന്നീ രണ്ട് വൻശക്തികളേയും മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളിമാറ്റിക്കൊണ്ടാണ് വിജയ്‌യുടെ ടി.വി.കെ തരംഗം സൃഷ്ടിച്ചത്. ഭൂരിപക്ഷത്തിന് 10 സീറ്റുകൾ കുറവായിരുന്നെങ്കിലും ഭൂരിപക്ഷം തികച്ച് 2026 മെയ് 10 ന് വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റു. യുവാക്കൾ, സ്ത്രീകൾ, ആദ്യമായി വോട്ടുചെയ്യുന്നവരും മാറ്റത്തിനുവേണ്ടി ടി.വി.കെയ്ക്ക് വോട്ട് ചെയ്തവരാണ്. ഈ അട്ടിമറി വിജയത്തിന് കാരണമായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് എം.ജി.ആറിനും ജയലളിതയ്ക്കും ശേഷം തമിഴ് സിനിമാലോകത്തുനിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങി തമിഴ്‌നാടിന്റെ ഭരണം പിടിച്ചെടുക്കുന്ന ജനപ്രിയ നായകനായി വിജയ് മാറിയപ്പോൾ തമിഴ്‌നാട് നിയമസഭാ നടപടികളുടെ കാഴ്ചക്കാരുടെ എണ്ണം കുത്തനെ ഉയരുകയും നിയമസഭാ നടപടികൾ വമ്പിച്ച ജനപ്രീതിയാർജ്ജിക്കുകയുമായിരുന്നു.

സൂപ്പർതാര പദവിയുള്ള ജനപ്രിയ നടൻ ആദ്യമായി ഭരണാധികാരിയെന്ന നിലയിൽ നിയമസഭയിലെങ്ങനെ പ്രവർത്തിക്കുന്നുവെന്നും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് എങ്ങനെ മറുപടി നൽകുന്നുവെന്നും, അറിയാനുള്ള കൗതുകവും ആകാംക്ഷയും വിജയ് ഫാൻസും ഒപ്പം എതിർപക്ഷത്തുള്ളവരും പ്രകടിപ്പിച്ചിരുന്നു. വിജയ് നിയമസഭയിലുള്ള ദിവസങ്ങളിൽ സഭ കാണാനുള്ള സന്ദർശകപാസിന് പോലും വലിയ തിരക്കാണത്രേ അനുഭവപ്പെടുന്നത്. ചായക്കടകൾ മുതൽ ട്രെയിൻ യാത്രകളിൽ വരെ ആളുകൾ മൊബൈൽ സ്‌ക്രീനുകളിൽ നിയമസഭാ സമ്മേളനം തൽസമയം കാണുന്നുവെന്നത് തമിഴ്‌നാട്ടിലെ ജനപ്രതിനിധികളുടെ ഉത്തരവാദിത്വം വർദ്ധിപ്പിക്കുകയാണ്. നിയമസഭാ നടപടികൾ കൂടുതൽ കൂടുതൽ ആളുകളിൽ എത്തുന്നതോടെ സർക്കാർ പ്രവർത്തനങ്ങളുടെ സുതാര്യത വർദ്ധിക്കുക കൂടിയാണ്. എത്രകാലം ഈ ട്രെൻഡ് നിലനിൽക്കും എന്നറിയില്ല. എന്തായാലും തമിഴ്‌നാട്ടിൽ ഇപ്പോൾ നിയമസഭ തത്സമയസംപ്രേഷണം ഒരു പ്രത്യേക രാഷ്ട്രീയ പരിപാടി മാത്രമല്ല ആ മുഖ്യധാരാ കാഴ്ചാശീലമായി മാറിയിരിക്കുന്നു.

വർഷങ്ങളോളം തമിഴ്‌നാട്  നിയമസഭയിലെ ഗവർണറുടെ പ്രസംഗം, ധനമന്ത്രിയുടെ ബജറ്റ് അവതരണം തുടങ്ങി പ്രത്യേക ചടങ്ങുകൾ മാത്രമേ തത്സമയമായി ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്തിരുന്നുള്ളൂ.

എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സർക്കാരിന്റെ കാലത്ത് 2022 ജനുവരി 6 ന് തമിഴ്‌നാട് നിയമസഭാ ചരിത്രത്തിൽ ആദ്യമായി ചോദ്യോത്തരവേള തത്സമയം സംപ്രേഷണം ചെയ്യാൻ ആരംഭിച്ചു. സഭാനടപടികൾ ദൂരദർശൻ വഴിയും, ഔദ്യോഗിക യൂ ട്യൂബ് ചാനൽ വഴിയുമാണ് ജനങ്ങളിലേക്ക് എത്തിച്ചത്.

2026 ജൂൺ 22 ഓടെയാണ് തമിഴ്‌നാട് നിയമസഭാ നടപടികൾ ആദ്യമായി പൂർണ്ണമായി തത്സമയ സംപ്രേഷണം ചെയ്യാൻ ആരംഭിച്ചത്. സ്പീക്കർ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യുന്ന അൺപാർലമെന്ററിയായുള്ള വാചകങ്ങളും നീക്കം ചെയ്യപ്പെടാതെ പ്രചരിപ്പിക്കപ്പെടുന്നത് എങ്ങനെ ഒഴിവാക്കാം എന്ന ആലോചനയിലാണത്രേ തമിഴ്‌നാട് നിയമസഭാ സെക്രട്ടറിയേറ്റ്.

ഈ പ്രശ്‌നത്തിൽ കേരളം അവലംബിക്കുന്ന രീതിയും നടപ്പാക്കുന്നതും തമിഴ്‌നാട് നിയമസഭാ പരിഗണനയിലുണ്ടെന്നാണറിയുന്നത്. കേരള നിയമസഭയിൽ നിന്ന് തത്സമയ സംപ്രേഷണം തത്സമയം തന്നെ പോകുന്നില്ല. മറിച്ച് കുറഞ്ഞ സെക്കന്റുകളുടെ വ്യത്യാസത്തിലാണ് ഇത് ജനങ്ങളിലേക്ക് എത്താറുള്ളത്. ഇതിന് 'ടൈം ഡിലേ' സാങ്കേതികവിദ്യ എന്നാണ് പറയാറ്. സഭയിലെ ദൃശ്യങ്ങളും ശബ്ദങ്ങളും തത്സമയം സംപ്രേഷണം ചെയ്യുമ്പോൾ അൺപാർലമെന്ററിയായി എന്തെങ്കിലും പരാമർശം ഉണ്ടായാൽ അത് തത്സമയ സംപ്രേഷണത്തിൽ വരുന്നത് തടയാൻ ഈ ടൈം ഡിലേ കൊണ്ട് സാധിക്കും.

അതുപോലെ സ്പീക്കറുടെ നിർദ്ദേശപ്രകാരം ഒരംഗത്തിന്റെ മൈക്ക് ഓഫ് ചെയ്താൽ തത്സമയ സംപ്രേഷണം കാണുന്നവർക്ക് ശബ്ദം കേൾക്കാൻ സാധിക്കില്ല. കേരള നിയമസഭയിൽ തത്സമയ സംപ്രേഷണത്തിനിടയിൽ പ്രതിപക്ഷ ബഹളം സംഘർഷാത്മകമായാൽ ക്യാമറകൾ മാറ്റി ആ ദൃശ്യങ്ങൾ ഒഴിവാക്കുന്ന രീതിയും ഉണ്ട്. സ്പീക്കർ ഔദ്യോഗികമായി നീക്കം ചെയ്ത പരാമർശങ്ങൾ അതിനുമുമ്പേ ടെലികാസ്റ്റ് ചെയ്യപ്പെട്ടാലും നീക്കം ചെയ്തത് പിന്നീട് വാർത്തയാക്കിയാൽ സഭയുടെ അവകാശലംഘനമായി കണക്കാക്കും.

തമിഴ്‌നാട് നിയമസഭയിലും അൺപാർലമെന്ററിയായുള്ള പരാമർശങ്ങൾ ഒഴിവാക്കുന്നതിന് തത്സമയ സംപ്രേഷണം 5 മിനിറ്റ് മുതൽ 10 മിനിറ്റ് വരെ വൈകിപ്പിക്കണം എന്ന് മദ്രാസ് ഹൈക്കോടതി 2024 ജനുവരി 23 ന് നിയമസഭാ സ്പീക്കറോട് നിർദ്ദേശിച്ചിരുന്നു.

തമിഴ്‌നാട്  നിയമസഭാ നടപടികൾ വാർത്താ മാധ്യമങ്ങൾ വഴി ജനങ്ങൾക്കിടയിൽ ഹിറ്റായതോടെ മുഖ്യമന്ത്രി വിജയ്‌യുടെ മാത്രമല്ല സ്പീക്കർ ജോൺ ക്രിസ്ത്യൻ ദേവാരം പ്രഭാകരൻ എന്ന ജെ.സി.ഡി പ്രഭാകരന്റെ താരമൂല്യവും വർദ്ധിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനും വലിയ ജനശ്രദ്ധ കിട്ടുന്നുണ്ട്. ചെപ്പോക്ക് തിരുവല്ലിക്കേനി എം.എൽ.എയാണ് ഉദയനിധി.
ചെന്നൈയിലെ തൗസൺഡ് ലൈറ്റ് മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ് സ്പീക്കർ ജെ.സി.ഡി പ്രഭാകർ. നിഷ്പക്ഷമായി സഭാനടപടികൾ നിയന്ത്രിക്കുന്ന സഭയുടെ അന്തസ് കാത്തുസൂക്ഷിക്കാൻ ജാഗ്രത പാലിക്കുന്നു എന്ന അഭിപ്രായം സ്പീക്കർ ജെ.സി.ഡി പ്രഭാകറിനുണ്ട്. തങ്ങൾ നിയമസഭയൽ എങ്ങനെ പെർഫോം ചെയ്യുന്നുണ്ട് എന്ന് നാട്ടുകാർ വോട്ടർമാർ കാണുന്നു, വിലയിരുത്തുന്നു എന്നത് തമിഴ്‌നാട്ടിലെ എം.എൽ.എമാർക്കെല്ലാം ടെൻഷനായിരിക്കുകയാണ്. മിക്കവരും കൂടുതൽ ഉത്തരവാദിത്തത്തോടെ സഭയിൽ ഹാജരാകാൻ നിർബന്ധിതരായിരിക്കുന്നു.

ഭരണകൂടങ്ങൾ അധികാരങ്ങൾ തങ്ങളിൽ കേന്ദ്രീകരിക്കുകയും സുതാര്യമായ ചർച്ചകൾക്കുള്ള അവസരങ്ങൾ ഒഴിവാക്കി നിയമസഭാ സമ്മേളനങ്ങൾ ഭരണഘടനാ ബാധ്യത നിറവേറ്റുന്നതിനുള്ള കേവലം ചടങ്ങുമാത്രമായി ചുരുക്കുകയും ചെയ്യുന്ന കാലത്ത് തമിഴ്‌നാട്ടിലെ പുതിയ ട്രെൻഡ് പ്രതീക്ഷയ്ക്ക് വകനൽകുന്നു. ജനാധിപത്യത്തിന്റെ സുഗമമായ പ്രയാണത്തെ താങ്ങിനിർത്തുന്ന നാല് പ്രധാന തൂണുകൾ നിയമനിർമ്മാണസഭ, കാര്യനിർവ്വഹണ വിഭാഗം, നീതിന്യായ വ്യവസ്ഥ, മാധ്യമങ്ങൾ എന്നിവയാണെന്നത് ഒരു അടിസ്ഥാനതത്വമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ പാർലമെന്റും സംസ്ഥാന നിയമസഭകളും ആണ് നാടിനും ജനങ്ങൾക്കും ആവശ്യമായ നിയമങ്ങൾ നിർമ്മിക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന രീതിയിൽ നിയമനിർമ്മാണ സഭകൾ എത്ര ഫലപ്രദമായി പ്രവർത്തിക്കുന്നുവോ അത്രയേറെ ശക്തമായി ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടും.

ഇന്ത്യയിലെ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജനങ്ങൾ തിരഞ്ഞെടുക്കപ്പെടുന്ന നിയമനിർമ്മാണ സഭകളാണ് നിയമസഭകൾ. ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ഒരു സംസ്ഥാനത്തെ ജനാധിപത്യപരമായി മുന്നോട്ടുനയിക്കുന്നതിനുള്ള അധികാരകേന്ദ്രവും ചർച്ചാവേദിയുമാണ് നിയമസഭ. സംസ്ഥാനത്തിന്റെ പരിധിയിൽ വരുന്ന വിഷയങ്ങളിൽ(ഉദാഹരണത്തിന് ക്രമസമാധാനം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി) പുതിയ നിയമങ്ങൾ നിർമ്മിക്കുക, കാലഹരണപ്പെട്ടവ റദ്ദാക്കുക, നിലവിലുള്ളവ കാലോചിതമായി ഭേദഗതി ചെയ്യുക എന്നതെല്ലാം നിയമസഭയ്ക്കുള്ള പ്രധാന ഉത്തരവാദിത്തമാണ്.

ജനങ്ങൾ നേരിട്ട് തിരഞ്ഞെടുത്തയയ്ക്കുന്ന പ്രതിനിധികളാണ് നിയമസഭാ നടപടികളിൽ പങ്കെടുക്കുന്നത്. അവർക്ക് തങ്ങളുടെ നാടിന്റേയും ജനങ്ങളുടേയും പ്രശ്‌നങ്ങളും ആവശ്യങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും അതിന് പരിഹാരം കാണാനുമുള്ള വേദിയാണിത്. ജനങ്ങളിൽ നിന്ന് നികുതി പിരിക്കുന്നതിനും അത് ജനക്ഷേമ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നതിനും നിയമസഭയിൽ അനുമതി വേണം.
ഭരണം നടത്തുന്ന മന്ത്രിമാരേയും ഭരണസംവിധാനങ്ങളേയും ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരാക്കി നിർത്തുന്നത് നിയമസഭയാണ്. ചർച്ചകൾ, പ്രമേയങ്ങൾ, ചോദ്യോത്തര വേളകൾ എന്നിവയിലൂടെയെല്ലാം ഭരണപ്രതിപക്ഷഭേദമില്ലാതെ അംഗങ്ങൾക്കെല്ലാം സർക്കാരിന്റെ നടപടികളേയും പ്രവർത്തനങ്ങളേയും വിലയിരുത്താനും ചോദ്യം ചെയ്യാനും തിരുത്തിക്കാനും സാധിക്കും.

ഇന്ത്യൻ പാർലമെന്ററി ജനാധിപത്യവ്യവസ്ഥിതിയിൽ ഭരണഘടന എല്ലാ സംസ്ഥാനങ്ങളിലും ഒരു നിയമസഭ സ്ഥാപിക്കാൻ വ്യവസ്ഥ ചെയ്യുന്നുണ്ട്. 28 സംസ്ഥാനങ്ങൾക്കും ഡൽഹി, ജമ്മുകാശ്മീർ, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിയമസഭകളുണ്ട്. ഉത്തർപ്രദേശ്, ബീഹാർ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നീ ആറ് സംസ്ഥാനങ്ങൾ മാത്രമാണ് ലെജിസ്ലേറ്റീവ് കൗൺസിൽ എന്ന രണ്ടാമത്തെ സഭയുള്ളത്.

എന്നാൽ നമ്മുടെ നിയമസഭകൾ എത്രത്തോളം ഫലപ്രദമായി ജനോപകാരപ്രദമായി നടക്കുന്നുണ്ട് എന്നത് വോട്ട് ചെയ്തയയ്ക്കുന്ന ജനത കുറേക്കൂടി ഗൗരവത്തോടെ പരിശോധന വിധേയമാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഒരു സാമൂഹിക വിചാരണതന്നെ ഉണ്ടാവണം.
സംസ്ഥാന നിയമസഭകളിലുടനീളം സിറ്റിംഗ് ദിവസങ്ങൾ ക്രമാനുഗതമായി കുറഞ്ഞുവരികയാണെന്നത് ഒട്ടും ആശാവഹമല്ല. സ്പീക്കർ സഭയുടെ നാഥനാണെങ്കിലും നിയമസഭാ സമ്മേളനങ്ങൾ ഷെഡ്യൂൾ ചെയ്യുന്നതിനും വിളിച്ചുകൂട്ടുന്നതിനുമുള്ള ഉത്തരവാദിത്തം പ്രധാനമായും സംസ്ഥാന സർക്കാരുകൾക്കാണ്. സംസ്ഥാന സർക്കാരിന് ഇച്ഛാശക്തിയുണ്ടെങ്കിൽ എത്രയധികം ദിവസം വേണമെങ്കിലും സഭ സമ്മേളിക്കാനും ജനങ്ങളെ ബാധിക്കുന്ന ഏത് വിഷയവും ഇഴകീറി പരിശോധിക്കാനും സാധിക്കും.

ഇന്ത്യയിലെ 27 സംസ്ഥാന നിയമസഭകളുടെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രവർത്തനങ്ങളെക്കുറിച്ച് ആധികാരികമായി പഠിച്ച് വാർഷിക അവലോകനം നടത്തുന്ന ഏജൻസിയാണ് പി.ആർ.എസ് ലെജിസ്ലേറ്റീവ് റിസർച്ച് എന്ന സ്ഥാപനം. ഇവർ സംസ്ഥാന നിയമസഭകളുടെ 2025 ലെ പ്രവർത്തനങ്ങളെക്കുറിച്ച് നടത്തിയ പഠനവും അവലോകനവും 2026 ജൂലൈ 14 ന് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് പത്രം പുറത്തുവിടുകയുണ്ടായി. അവരുടെ റിപ്പോർട്ടിൽ രണ്ട് സമ്മേളനങ്ങൾക്കിടയിൽ ആറുമാസത്തിൽ കൂടുതൽ സമയം അനുവദിക്കരുതെന്ന ഭരണഘടനാ നിബന്ധന നിറവേറ്റാൻ മാത്രമേ മിക്കവാറും സംസ്ഥാന നിയമസഭകൾ സമ്മേളിച്ചിട്ടുള്ളൂ എന്ന് കണ്ടെത്തിയിട്ടുള്ളത് ആശങ്കയുളവാക്കുന്ന കാര്യമാണ്.

പി.ആർ.എസ് ലെജിസ്ലേറ്റീവ് റിസർച്ചിന്റെ അവലോകനം കേരള  നിയമസഭയ്ക്ക് അഭിമാനിക്കാൻ വക നൽകുന്നുണ്ട്. 2025ൽ രാജ്യത്ത് എല്ലായിടത്തുമുള്ള നിയമസഭകൾ സമ്മേളിച്ച ദിവസങ്ങളുടെ ദേശീയ ശരാശരി 24 ദിവസമായിരുന്നെങ്കിൽ കേരള നിയമസഭ സമ്മേളിച്ചത് 38 ദിവസമായിരുന്നു എന്നതാണ് ഒന്ന്. സംസ്ഥാനം ഈ പ്രകടനം സ്ഥിരമായി നിലനിർത്തിയിട്ടുണ്ട്. 2021 മുതൽ 2025 വരെ ഓരോ സംസ്ഥാനിയമസഭകളും സമ്മേളിച്ച ദിവസങ്ങളുടെ കണക്കെടുത്താൽ കേരള  നിയമസഭയാണ് രാജ്യത്ത് മുന്നിൽ. 41 ദിവസങ്ങൾ, 39 ദിവസം സമ്മേളിച്ച ഒഡീസ രണ്ടാമതും 37 ദിവസങ്ങൾ സമ്മേളിച്ച കർണ്ണാടക മൂന്നാമതും എത്തി. ഏറ്റവും കുറഞ്ഞ ദിവസങ്ങൾ സമ്മേളനങ്ങൾ നടത്തിയത് നാഗാലാൻഡും(8 ദിവസം) ത്രിപുരയും(9 ദിവസം) ആയിരുന്നു.

പാർലമെന്ററി വ്യവസ്ഥിതിയിൽ നിർവ്വഹണ വിഭാഗം അഥവാ മന്ത്രിസഭ നിയമനിർമ്മാണ സഭയോട് ഉത്തരവാദപ്പെട്ടിരിക്കുന്നു. നിയമസഭയ്ക്ക് വിശ്വാസമുള്ളിടത്തോളം കാലമേ മന്ത്രിസഭയ്ക്ക് സർക്കാരിന്റെ പ്രവർത്തനങ്ങളെ നിർണ്ണയിക്കാനും നിയന്ത്രിക്കാനും സാധിക്കൂ. സർക്കാരിന്റെ പ്രവർത്തനങ്ങളെ വിമർശിക്കാൻ സഭാചർച്ചകളിലും ശ്രദ്ധ ക്ഷണിക്കലിലും ഉപക്ഷേപത്തിലും കൂടിയും ചോദ്യോത്തരവേളയിലും നിയമസഭാംഗങ്ങൾക്ക് അവസരം ലഭിക്കുന്നു. ഒരു അവിശ്വാസ പ്രമേയത്തിലൂടെ മന്ത്രിസഭയെ അധികാരത്തിൽ നിന്ന് പുറത്താക്കാനും നിയമസഭയ്ക്കധികാരമുണ്ട്.

സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, സഭാനേതാവ്, പ്രതിപക്ഷ നേതാവ് എന്നിവരാണ് സഭയ്ക്കുള്ളിലെ പ്രധാനികൾ എങ്കിലും നിയമസഭയുടെ പരമാധികാരി സ്പീക്കർ ആയിരിക്കും. അപ്രസക്തവും അനാവശ്യവുമായ കാര്യങ്ങൾ സഭയ്ക്കുള്ളിലെ അംഗങ്ങളുടെ പ്രസംഗത്തിൽ ഉൾപ്പെട്ടാൽ അവയെല്ലാം സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യാൻ സ്പീക്കർക്ക് അവകാശമുണ്ട്. സഭാനടപടികൾ തടസ്സപ്പെട്ടാൽ സഭ നിർത്തിവയ്ക്കാനും സഭാ നടപടികളിൽ അപമര്യാദയായി പെരുമാറുന്ന അംഗത്തെ സസ്‌പെൻഡ് ചെയ്യാനും സ്പീക്കർക്ക് അധികാരമുണ്ട്.

നിയമസഭ ചേരുന്ന ദിവസങ്ങളിൽ ആദ്യത്തെ ഒരു മണിക്കൂർ പൊതുപ്രാധാന്യമുള്ള വിഷയങ്ങളെ സംബന്ധിച്ച് അംഗങ്ങൾക്ക് ബന്ധപ്പെട്ട മന്ത്രിമാരിൽ നിന്നും വിവരങ്ങൾ ആരായുന്നതിനുള്ള അവസരമാണ്. ജനാധിപത്യ വ്യവസ്ഥിതിയിൽ ഭരണകൂടത്തിന്റെ പക്കലുള്ള എല്ലാവിവരവും പൗരർക്ക് കൂടി അവകാശപ്പെട്ടതാണെന്ന് മാത്രമല്ല ഭരണകൂട അധികാരത്തെ നിയന്ത്രണ വിധേയമാക്കുക എന്നതുകൂടി സാധ്യമാക്കുന്ന അവസരം എന്ന പ്രാധാന്യം ചോദ്യോത്തരവേളയ്ക്കുണ്ട്.

തമിഴ്‌നാട് നിയമസഭ അടുത്തകാലത്ത് കൂടുതൽ ജനപ്രീതി നേടിയെങ്കിലും ഇന്ത്യയിലെ ഏറ്റവും സജീവവും മാതൃകാപരവുമായ നിയമസഭകളിൽ ഒന്ന് കേരള നിയമസഭയാണ്. നിയമനിർമ്മാണരംഗത്തും ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും കേരള നിയമസഭ കൈവരിച്ച നേട്ടങ്ങൾ രാജ്യത്തുടനീളം വലിയ രീതിയിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

രാജ്യത്താദ്യമായി കേരള നിയമസഭയാണ് സ്വന്തമായി ഒരു ഔദ്യോഗിക ടെലിവിഷൻ ചാനൽ ആരംഭിച്ച് നിയമസഭാ നടപടികൾ ജനങ്ങളിലേക്ക്  നേരിട്ട് എത്തിക്കുന്നത്. 2020 ഓഗസ്റ്റ് 17 നാണ് കേരള നിയമസഭയുടെ ഔദ്യോഗിക ഒ.ടി.ടി പ്ലാറ്റ്‌ഫോമും വെബ്‌സൈറ്റും ചാനലായ സഭ ടിവിയും അന്നത്തെ ലോക്‌സഭ സ്പീക്കർ ഓംബിർള ഉദ്ഘാടനം ചെയ്തത്. സഭാനടപടികളുടെ തത്സമയ സംപ്രേഷണത്തിന് പുറമേ സഭയും, സമൂഹവും, കേരള ഡയലോഗ്, സെൻട്രൽ ഹാൾ, നാട്ടുവിശേഷം തുടങ്ങിയ പരിപാടികളും സഭ ടി.വി പ്രക്ഷേപണം ചെയ്യുന്നുണ്ട്.

സഭാ ടി.വി വരും മുമ്പ് ഗവർണറുടെ നയം, പ്രഖ്യാപന പ്രസംഗം, ധനമന്ത്രിയുടെ ബജറ്റ് അവതരണം തുടങ്ങിയ പ്രധാന പരിപാടികൾ ദൂരദർശൻ വഴിയാണ് ജനങ്ങളിലേക്ക് എത്തിച്ചിരുന്നത്. സഭയിലെ ഔദ്യോഗിക ക്യാമറകൾ വഴി റെക്കോർഡ് ചെയ്ത ദൃശ്യങ്ങൾ ദൂരദർശനും മറ്റ് സ്വകാര്യവാർത്താചാനലുകളും പിന്നീട് വാർത്താബുള്ളറ്റുകളായി സംപ്രേഷണം ചെയ്യുകയായിരുന്നു 2020 ന് മുമ്പുള്ള പതിവ്. 2020 ന് ശേഷം കേരള നിയമസഭയുടെ സഭാ ടി.വി. ഒരു സാറ്റ്‌ലൈറ്റ് ചാനലിൽ ഒതുങ്ങാതെ വിവിധ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ തത്സമയം സംപ്രേക്ഷണം നടത്തുന്നു.

കേരള  നിയമസഭ രാജ്യത്തിനഭിമാനം -കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

പ്രവർത്തനമികവ്, ജനാധിപത്യപരമായ ചർച്ചകൾ, സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവ കണക്കിലെടുക്കുമ്പോൾ ഇന്ത്യൻ പാർലമെന്ററി വ്യവസ്ഥിതിക്കുതന്നെ അഭിമാനമാണ് കേരള നിയമസഭ. ഇന്ത്യയിൽ ആദ്യമായി പൂർണ്ണമായും ഡിജിറ്റൽ(കടലാസ് രഹിത) സംവിധാനത്തിലേക്ക് മാറിയ നിയമസഭയാണ് കേരളം. ഇതിലൂടെ കോടിക്കണക്കിന് രൂപയും ടൺകണക്കിന് കടലാസും ലാഭിക്കാൻ കഴിയുന്നു.

നിയമനിർമ്മാണത്തിന് മുൻപ് ബില്ലുകൾ പരിശോധിക്കുന്ന 14 സബ്ജക്റ്റ് കമ്മിറ്റികൾ കേരള നിയമസഭയുടെ പ്രത്യേകതയാണ്. ഇന്ത്യയിൽ തന്നെ ആദ്യമായി ഈ സംവിധാനം കൊണ്ടുവന്നത് കേരളമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ നിയമസഭാ ലൈബ്രറികളിലൊന്ന് കേരളത്തിലാണുള്ളത്. ഇത് ഇപ്പോൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്തിരിക്കുന്നു.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ ദിവസം സഭ സമ്മേളിക്കുന്നതും ചർച്ചകൾ നടത്തുന്നതും കേരളത്തിലാണ്. സെഷൻ ദിവസങ്ങളുടെ എണ്ണം, നിയമനിർമ്മാണങ്ങൾ, ചർച്ചകളുടെ ഗുണനിലവാരം എന്നിവയിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മൾ മുന്നിലാണ്. പക്ഷേ വർഷത്തിൽ 50 മുതൽ 60 ദിവസം വരെ സിറ്റിംഗ് ദിവസങ്ങൾ എന്ന മാതൃകാപരമായ നിലയിലേക്ക് നമുക്ക് എത്തിച്ചേരണം. സഭാനേതാവടക്കമുള്ളവരുമായി ഇക്കാര്യം ചർച്ച ചെയ്ത് നമ്മളാലക്ഷ്യവും മറികടക്കും. കൂടുതൽ നല്ല നിലയിലുള്ള മാറ്റങ്ങൾ വരുംവർഷങ്ങളിൽ കേരള നിയമസഭയ്ക്കുണ്ടാകുമെന്നും കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img