
തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ തമിഴ്നാടിനെതിരെ മികച്ച ബൗളിങ് പ്രകടനവുമായി കേരളം. ആദ്യ ദിവസം കളി നിർത്തുമ്പോൾ എട്ട് വിക്കറ്റിന് 289 റൺസെന്ന നിലയിലാണ് തമിഴ്നാട്. കേരളത്തിന് വേണ്ടി അഭിജിത് പ്രവീൺ നാല് വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത തമിഴ്നാടിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 21 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായ തമിഴ്നാടിനെ കിരൺ കാർത്തികേയനും ക്യാപ്റ്റൻ മുഹമ്മദ് അലിയും ചേർന്നാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 155 റൺസ് കൂട്ടിച്ചേർത്തു. 75 റൺസെടുത്ത മുഹമ്മദ് അലിയെ റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കി അഭിജിത് പ്രവീണാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. 96 റൺസെടുത്ത കിരൺ കാർത്തികേയനും വൈകാതെ പുറത്തായി. തുടർന്നെത്തിയ ആർ.കെ. ജയന്ത് 21 ഉം ആർ.എസ്. അംബ്രീഷ് 18 ഉം സണ്ണി സന്ധു 38 ഉം റൺസെടുത്ത് പുറത്തായി. കേരളത്തിന് വേണ്ടി അഭിജിത് പ്രവീൺ നാലും ആദിത്യ ബൈജു, അർജുൻ ആർ. നായർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
Photo Courtesy - Google










