06:35am 05 September 2026
NEWS
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'; സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി
15/01/2025  08:12 AM IST
രജനികൃഷ്ണ
അഭിനന്ദനങ്ങൾ സമ്മാനിച്ച തമാശ; സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി

സിനിമയിലേക്ക്

കുട്ടിക്കാലത്ത് കണ്ടിരുന്ന സിനിമകളിലൂടെ തന്നെയാവണം എന്റെ ഉള്ളിലും സിനിമ എന്ന ആഗ്രഹം ഉടലെടുത്തത്. പണ്ടുതൊട്ട് സംഗീതവും വയലിൻ പോലുള്ള വാദ്യോപകരണങ്ങൾഒക്കെ പഠിച്ചിട്ടുണ്ട്. നാടകത്തിനോട് വലിയ താൽപ്പര്യം ഉള്ള ഒരാളായിരുന്നു ഞാൻ. സിനിമ എന്ന മാധ്യമത്തോടുള്ള ആഗ്രഹം ഒഴിച്ചാൽ, സിനിമയിൽ എത്തിപ്പെടാനുള്ള യാതൊരു മാർഗ്ഗവും എനിക്ക് മുമ്പിൽ ഉണ്ടായിരുന്നില്ല. ആഗ്രഹത്തോട് നീതിപുലർത്താൻ പണ്ട് പല സുഹൃത്തുക്കളെ സംഘടിപ്പിച്ച് അവിടവിടെയായി ക്യാമറ വെച്ച് ഷോർട്ട് ഫിലിമുകൾ തട്ടിക്കൂട്ടുമായിരുന്നു. അന്ന് എല്ലാവരും കരുതിയിരുന്നത് ഞാൻ ഒരു സംവിധായിക ആകുമെന്നായിരുന്നു. എന്നാൽ പിന്നീടാണ് ഉള്ളിന്റെ ഉള്ളിൽ നാടകത്തിന്റെ വേരുകൾ ആഴത്തിൽ ഇറങ്ങാൻ തുടങ്ങിയത്. ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദാനന്തരബിരുദം എടുത്ത ഞാൻ പി.എച്ച്.ഡി ചെയ്യാൻ നാടകം തെരഞ്ഞെടുത്തു. ഒരിക്കൽ തിരുവനന്തപുരം സെനറ്റ് ഹാളിൽ ഷേക്‌സ്പിയറിന്റെ ഒരു നാടകം അവതരിപ്പിക്കുന്നത് കണ്ടാണ് കാസ്റ്റിംഗ് ഡയറക്ടർ ആയ അജയ് രാഘവൻ എന്നെ 'അനുരാഗ കരിക്കിൻ വെള്ളം' എന്ന സിനിമയിലേക്ക് ക്ഷണിക്കുന്നത്. ആ സിനിമയുടെ ഓഡിഷന് പങ്കെടുത്തു തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. രണ്ടാമത് ചെയ്ത സിനിമയായിരുന്നു ക്യാപ്പു ചീനോ. അതിനുശേഷം എന്നെത്തേടി വലിയ അവസരങ്ങൾ ഒന്നും വന്നില്ല. പിന്നീട് അടുത്ത സുഹൃത്തും സംവിധായകനും ആയ ഖാലിദ് റഹ്മാന്റെ ഉണ്ട എന്ന സിനിമയുടെ ചില മീറ്റിംഗുകളുടെ ഇടയിലാണ് അദ്ദേഹം തമാശ എന്ന സിനിമയെക്കുറിച്ച് എന്നോട് സംസാരിക്കുന്നത്. വളരെ കാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ സിമ്പിളായി അവതരിപ്പിക്കുന്ന ആ സിനിമയിൽ മുഖ്യധാരാ അഭിനേതാക്കളിൽ ഒരാളായി എനിക്കും വരാൻ സാധിച്ചപ്പോൾ അഭിമാനം തോന്നിയിരുന്നു.

പ്രതിസന്ധികൾ

തമാശ എനിക്ക് ഒരു ഐഡന്റിറ്റിയും ഏറെ അഭിനന്ദനങ്ങളും സമ്മാനിച്ച സിനിമയാണ്. സിനിമ ഇറങ്ങിയശേഷം ആദ്യഫോൺ കോൾ നടൻ സൈജു കുറുപ്പിന്റേതായിരുന്നു. അദ്ദേഹം ഒരുപാട് അഭിപ്രായങ്ങൾ പറഞ്ഞപ്പോൾ സന്തോഷമായി. തമാശയ്ക്ക് ശേഷം നിരവധി കഥകൾ കേൾക്കാൻ ഇടവന്നു. എന്നാൽ, ഏറെ വിഷമം തോന്നയത്, വന്ന പല കഥകളിലും വണ്ണമുള്ള ആളുകളെ കളിയാക്കുന്ന രീതിയിലുള്ള രചനകളായിരുന്നു എന്നതായണ്. വളരെ ധൈര്യത്തോടെ, കഷണ്ടിയേയും വണ്ണത്തിനേയും മറ്റ് പുറംമോടിയേയും വിമർശിക്കുന്നതിനെ എതിർത്ത് സംസാരിച്ച തമാശ പോലോരു പടം ചെയ്ത ശേഷമാണ് എനിക്ക് മുൻപിൽ ഇത്തരം പ്രമേയങ്ങളുമായി സംവിധായകർ നെഞ്ചുവിരിച്ച് വന്നിരുന്നതല്ലോ എന്നോർക്കുമ്പോൾ സങ്കടം തോന്നി. അതുകൊണ്ടുതന്നെ അത്തരം ഒരുപാട് കഥകളോട് ഞാൻ മുന്നും പിന്നും നോക്കാതെ നോ പറഞ്ഞു. സത്യത്തിൽ, ഞാൻ വേണ്ടെന്ന് വെച്ച പല സിനിമകളും ബ്ലോക്ക്ബസ്റ്റേഴ്‌സ് ആയിട്ടുണ്ട്. പക്ഷേ ഞാൻ എടുത്ത തീരുമാനത്തിൽ എനിക്ക് കുറ്റബോധം തോന്നീട്ടില്ല.

നല്ല മാറ്റങ്ങൾ

പണ്ട് ഒരു സ്വകാര്യചാനലിൽ ആങ്കറായി പ്രവർത്തിക്കുമ്പോഴാണ് എനിക്ക് വണ്ണം വയ്ക്കുന്നത്. അന്ന് ഒരുപാട് കളിയാക്കലുകൾ നേരിട്ടിട്ടുള്ള ഒരാൾ ആണ് ഞാൻ. ആദ്യമൊക്കെ മറ്റുള്ളവരുടെ കളിയാക്കലുകൾ ഉള്ളിൽ തട്ടുമായിരുന്നു. പിന്നെ സ്വയം മുഖം രക്ഷിക്കാൻ അവരുടെ കമന്റുകൾക്ക് മറ്റുള്ളവർ ചിരിക്കുന്നതിന് മുൻപേ ഞാൻ ചിരിക്കാൻ തുടങ്ങും. പിന്നീട് എപ്പോഴോ മനസ്സിലായി, ഇതൊന്നും ചിരിച്ചു പ്രോത്സാഹിപ്പിക്കേണ്ട ഒന്നല്ല. ഇതൊന്നും ഒരു രീതിയിലും തമാശകൾ അല്ല എന്ന്. എന്റെ വിശ്വാസം ഇതൊന്നും ഒരു രീതിയിലും തമാശകൾ അല്ല എന്ന്. എന്റെ വിശ്വാസം സിനിമ ഏതൊക്കെയോ രീതിയിൽ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട് എന്നാണ്. പണ്ട്, വണ്ണമുള്ള നായകനോ, നായികയോ കളിയാക്കാൻ വേണ്ടിയുള്ള, അല്ലെങ്കിൽ ചില തമാശകൾ കൊണ്ടുവരാനുള്ള കളിപ്പാവകൾ മാത്രമായിരുന്നു. എന്നാൽ ഇന്ന് ആളുകൾ കുറച്ച് കൂടെ ബോധവാന്മാരാണ്. ഇന്ന് സംഭവിക്കുന്ന സിനിമകളുടെ സംവിധായകർ അത്തരം കാര്യങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ച് പ്രകടിപ്പിച്ച് എഴുതുന്നിടത്താണ് മാറ്റങ്ങൾ ഉണ്ടാകുന്നത്. അത്തരം സിനിമകളുടെ ഭാഗം ആകുമ്പോഴാണ് മുന്നോട്ടുള്ള നല്ല മാറ്റങ്ങൾക്ക് എന്നെപ്പോലുള്ളവർ കാരണക്കാർ ആകുന്നതും.

ജീവിതകഥകൾ

തമാശയ്ക്കുശേഷം ചെയ്ത സിനിമകൾ 'ഭീമന്റെ വഴി', 'താനാരാ' എന്നിവയ്ണ്. അതിനുശേഷം നിലവിലെ വലിയ വാർത്ത വിശേഷം ആണ്. വിശേഷം പോലൊരു ചെറിയ  സിനിമ നാല് ആഴ്ചയോളം തിയേറ്ററിൽ പ്രേക്ഷകപ്രീതി കൊണ്ട് നിലനിന്നു എന്നത് വലിയ കാര്യമാണ്. എന്നാൽ വിശേഷത്തിന് ആരാധകർ ഏറിയത് ഒ.ടി.ടി വന്നതിനുശേഷമാണ്. ഒരുപാട് പ്രേക്ഷകർക്ക് അവരുടെ സ്വന്തം ജീവിതത്തിലേക്ക് ഒരു കണ്ണാടി വെച്ച തോന്നൽ ഉളവാക്കിയ സിനിമകളാണ് തമാശയും വിശേഷവും. എന്റെ ഇൻബോക്‌സിൽ എണ്ണാൻ പറ്റാത്തത്ര ആളുകളുടെ ജീവിതകഥകൾ ആണ് സിനിമകൾക്കുശേഷം എനിക്ക് വന്നിരുന്നത്. വിശേഷത്തിനുശേഷം എന്റെ കഥ തെരഞ്ഞെടുക്കുന്ന രീതിയെ പരാമർശിച്ചു ഒരുപാട് അഭിനന്ദനങ്ങൾ സമൂഹമാധ്യമങ്ങളിൽ കണ്ടിരുന്നു. സത്യത്തിൽ, ഒരു കഥ കേൾക്കുമ്പോൾ എനിക്ക് വ്യക്തിപരമായി കാണാൻ ഇഷ്ടപ്പെടുന്നവ ആണ് ഞാൻ തെരഞ്ഞെടുക്കാറുള്ളത്. അതിലെ കഥാപാത്രത്തിന്റെ നിലപാട് നല്ലതാണെന്ന് തോന്നിയാൽ യെസ് പറയും. നമ്മൾ ചെയ്യുന്ന കഥാപാത്രത്തിന് വ്യക്തമായി എന്തെങ്കിലും പ്രേക്ഷകരോട് സംസാരിക്കാൻ ഉണ്ടാവണം എന്ന ആശ എവിടെയോ എന്റെ ഉള്ളിൽ ഉണ്ട്.

മുന്നോട്ട്

ഇനി മുന്നോട്ടും, പ്രേക്ഷപ്രീതി കൈവിട്ടുപോകാതെ നല്ല സിനിമകളടെ ഭാഗം ആകണം എന്നാണ് ആഗ്രഹം. സിനിമയുടെ വിവിധ ശൈലികൾ ചെയ്യണം. കോമഡി, റൊമാൻസ്, ഫൈറ്റ്, സൂപ്പർഹീറോ... അങ്ങനെ അങ്ങനെ ഭാവിയിൽ ഒരു പ്രൊഡക്ഷൻ കമ്പനി തുടങ്ങണം എന്ന പദ്ധതിയും മനസ്സിലുണ്ട്. ഓരോ യാത്രയിലും കുടുംബം ആണ് കരുത്ത്. അമ്മ ചാന്ദ്‌നി, അച്ഛൻ പരമേശ്വരൻ നായർ. നാലുവർഷം മുൻപാണ് അച്ഛൻ ഞങ്ങളെ വിട്ടുപോയത്. സ്‌ക്രിപ്റ്റിന്റെ കാര്യത്തിൽ ആയാലും, വേറെ എന്ത് തിരഞ്ഞെടുപ്പ് ആയാലും ആദ്യം ചർച്ച ചെയ്തിരുന്നത് അച്ഛനോടും അമ്മയോടും ആണ്. ഓരോ സിനിമയും വിജയിക്കുന്നതും, ഭൂമിയിൽ ഞങ്ങൾ സന്തോഷത്തോടെ ഇരിക്കുന്നതും അച്ഛൻ എവിടെ നിന്നോ കണ്ടാസ്വാദിക്കുന്നുണ്ടെന്നാണ് വിശ്വാസം.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.