
ഇസ്ലാമാബാദ്: പാക്- അഫ്ഗാൻ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ. സമാധാന ശ്രമങ്ങൾക്കിടെയാണ് കുറം ജില്ലയിലും വടക്കൻ വസീറിസ്ഥാൻ ജില്ലയിലും ശക്തമായ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ അഞ്ച് പാകിസ്ഥാനി സൈനികർ കൊല്ലപ്പെട്ടു. 25 താലിബാൻ ഭീകരരെ വധിച്ചെന്നും പാകിസ്ഥാൻ വ്യക്തമാക്കി.
താലിബാൻ ഭീകരർ അതിർത്തി കടന്ന് പാകിസ്ഥാനിലേക്കു കടന്നുകയറാൻ ശ്രമിച്ചപ്പോഴാണ് സംഘർഷം ഉണ്ടായതെന്നാണ് പാകിസ്ഥാൻ പറയുന്നത്. അതിർത്തി സംരക്ഷണസേന നുഴഞ്ഞുകയറ്റക്കാരെ നേരിട്ടു. സംഘർഷത്തിൽ അഞ്ചു സൈനികരും 25 ഭീകരരും മരിച്ചെന്നും പാകിസ്ഥാൻ വ്യക്തമാക്കി.
തുർക്കിയിലെ ഇസ്താംബൂളിൽ ഇരുരാജ്യങ്ങളും പങ്കെടുത്ത സമാധാന ചർച്ചകൾക്ക് മണിക്കൂറുകൾക്കകം നടന്നതാണ് ഈ ആക്രമണം. "സ്വന്തം മണ്ണിൽ നിന്നുതന്നെ ഉയർന്നുവരുന്ന ഭീകരത"യ്ക്കെതിരെയാണ് താലിബാൻ ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്ന് പാകിസ്ഥാൻ സൈന്യം പ്രതികരിച്ചു. എന്നാൽ ഏറ്റുമുട്ടലിനെ കുറിച്ച് താലിബാൻ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പാകിസ്ഥാൻ നിരന്തരം വ്യോമാക്രമണങ്ങളിലൂടെ അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തെ ലംഘിക്കുന്നുവെന്ന് മാത്രമാണ് താലിബാൻ ആരോപിച്ചത്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇരുരാജ്യങ്ങളും നേർക്കുനേർ ഏറ്റുമുട്ടുന്ന നാലാമത്തെ സംഭവമാണ് ഇത്. നിലനിൽക്കുന്ന സംഘർഷാവസ്ഥയെ തുടർന്ന് ഖത്തറും തുർക്കിയും ഇടപെട്ട് സമാധാന ചർച്ചകൾക്ക് മദ്ധ്യസ്ഥത വഹിച്ചിരുന്നു. ഇസ്താംബൂളിൽ നടന്ന ചർച്ച പരാജയപ്പെടുകയാണെങ്കിൽ "അഫ്ഗാനിസ്ഥാനുമായി പൂർണയുദ്ധം ഒഴിവാക്കാനാവില്ല" എന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകിയിരുന്നു.











