02:35am 29 October 2026
NEWS
പാകിസ്ഥാനിൽ ജലക്ഷാമം രൂക്ഷമാകും; കുനാർ നദിയിൽ ഡാം നിർമിക്കാൻ താലിബാൻ നീക്കം
18/12/2025  04:52 AM IST
nila
പാകിസ്ഥാനിൽ ജലക്ഷാമം രൂക്ഷമാകും; കുനാർ നദിയിൽ ഡാം നിർമിക്കാൻ താലിബാൻ നീക്കം

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ ജലവിതരണം തടഞ്ഞതോടെ പ്രതിസന്ധിയിലായ പാകിസ്ഥാന് സമാനമായ പ്രതിസന്ധി സൃഷ്ടിക്കാൻ അഫ്​ഗാനിസ്ഥാനും തയ്യാറെടുക്കുന്നു. കുനാർ നദിയിൽ ഡാം നിർമിക്കാനാണ് അഫ്​ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്റെ പദ്ധതി. പാകിസ്ഥാനിലെ ചിത്രാൽ മേഖലയിൽ നിന്നാരംഭിച്ച് അഫ്ഗാനിസ്ഥാനിലെ കുനാർ, നൻഗറാർ പ്രദേശങ്ങൾ കടന്ന് വീണ്ടും പാകിസ്ഥാനിലേക്കൊഴുകുന്ന കുനാർ നദിയിൽ അഫ്​ഗാനിസ്ഥാൻ ഡാം നിർമ്മിച്ചാൽ പാകിസ്ഥാന് നേരിടേണ്ടി വരിക രൂക്ഷമായ ജലക്ഷാമമാണ്.

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദിയിലെ ജലവിതരണം തടഞ്ഞുകൊണ്ട് ഇന്ത്യ പാകിസ്ഥാനോട് കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ഇന്ത്യയുടെ നിലപാട് പാകിസ്ഥാന്റെ കാർഷികമേഖല വലിയ സമ്മർദത്തിലായിരുന്നു. ‘വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ലെ’ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശവും, ഭീകരവാദം അവസാനിപ്പിക്കാതെ ജലം വിട്ടുനൽകില്ലെന്ന ഇന്ത്യയുടെ നിലപാടും അന്താരാഷ്ട്ര വേദികളിൽ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് പാക്കിസ്ഥാനെ കൂടുതൽ ദുർബലപ്പെടുത്തുന്ന നീക്കവുമായി അഫ്ഗാനിസ്ഥാൻ മുന്നോട്ടുവന്നത്. 

ഡാം യാഥാർഥ്യമായാൽ പാക്കിസ്ഥാനിലെ ജലസുരക്ഷയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. കാർഷിക ആവശ്യങ്ങൾക്കൊപ്പം കുടിവെള്ളവും ജലവൈദ്യുത പദ്ധതികളും ആശ്രയിക്കുന്ന ഈ നദിയുടെ ഒഴുക്ക് മാറ്റപ്പെട്ടാൽ, പ്രത്യേകിച്ച് ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യ കടുത്ത പ്രതിസന്ധിയിലാകും.

കുനാർ നദിയിലെ വെള്ളം അഫ്ഗാനിലെ ഗംബീരി മരുഭൂമി വഴി നൻഗറാറിലെ ജലസംഭരണികളിലേക്ക് തിരിച്ചുവിടാനാണ് താലിബാന്റെ ലക്ഷ്യം. എന്നാൽ ഈ തീരുമാനം പാക്കിസ്ഥാനുമായി പുതിയ സംഘർഷങ്ങൾക്ക് വഴിയൊരുക്കുമെന്ന ആശങ്ക ശക്തമാണ്. അതിർത്തി സംഘർഷങ്ങളെ തുടർന്ന് പാക്കിസ്ഥാൻ ചെക്പോസ്റ്റുകൾ അടച്ചത് അഫ്ഗാനിസ്ഥാന്റെ വ്യാപാരരംഗത്തെ നേരത്തേ തന്നെ ബാധിച്ചിരുന്നു. പാക്കിസ്ഥാനുമായുള്ള വ്യാപാരബന്ധങ്ങൾ ഒഴിവാക്കുമെന്ന് വ്യക്തമാക്കിയ താലിബാൻ, ഇപ്പോൾ ഇന്ത്യ, ഇറാൻ, മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവയുമായി കയറ്റുമതി–ഇറക്കുമതി ബന്ധങ്ങൾ ശക്തിപ്പെടുത്തുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img