12:06pm 31 January 2026
NEWS
അഫ്​ഗാനിൽ അടിമത്തം തിരികെ വന്നു; സ്ത്രീകൾക്ക് നൃത്തം ചെയ്താൽ പോലും ശിക്ഷ; താലിബാൻ നടപ്പാക്കുന്നത് പ്രാചീന ​ഗോത്രനിയമങ്ങൾ
29/01/2026  01:01 PM IST
nila
അഫ്​ഗാനിൽ അടിമത്തം തിരികെ വന്നു; സ്ത്രീകൾക്ക് നൃത്തം ചെയ്താൽ പോലും ശിക്ഷ; താലിബാൻ നടപ്പാക്കുന്നത് പ്രാചീന ​ഗോത്രനിയമങ്ങൾ

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടം നടപ്പാക്കിയ പുതിയ ക്രിമിനൽ നിയമമാണ് ലോകമെമ്പാടും ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. പ്രാകൃതമായ നിയമം പ്രാബല്യത്തിൽ വന്നതോടെ അഫ്​ഗാനിലെ സാധാരണ ജനങ്ങളും ആശങ്കയിലാണ്. സമൂഹത്തെ വിവിധ ശ്രേണികളായി തിരിച്ച് ശിക്ഷ വിധിക്കുന്നത് മുതൽ അടിമത്തം സാധൂകരിക്കുന്നത് വരെയുള്ള ​ഗോത്രവർ​ഗ നിയമങ്ങളാണ് താലിബാൻ ഭരണകൂടം അഫ്​ഗാനിൽ നടപ്പാക്കുന്നത്. 119 ആർട്ടിക്കിളുകളടങ്ങിയ നിയമത്തിന് താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ ജനുവരി നാലിനാണ് അംഗീകാരം നൽകിയത്. അടിമത്തം നിയമവിധേയമാക്കുന്നതടക്കം, മധ്യകാലഘട്ട ചിന്തകളെ ഓർമിപ്പിക്കുന്ന വ്യവസ്ഥകളാണ് പുതിയ നിയമത്തിന്റെ മുഖ്യ സവിശേഷത.

പൗരന്മാർ നാല് വിഭാഗങ്ങൾ, നീതി ഓരോരുത്തർക്കും വേവ്വേറെ

പുതിയ നിയമം അഫ്ഗാൻ പൗരന്മാരെ നാലു സാമൂഹിക-നിയമ വിഭാഗങ്ങളായി വേർതിരിക്കുന്നു

  1. മതപണ്ഡിതർ (മുല്ലമാർ)
  2. വരേണ്യവർഗം (ഗോത്രത്തലവന്മാർ, സൈനിക കമാൻഡർമാർ)
  3. മധ്യവർഗം
  4. താഴ്ന്ന വിഭാഗം

കുറ്റകൃത്യങ്ങളുടെ ശിക്ഷ നിശ്ചയിക്കുന്നത് കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്തല്ല, മറിച്ച് കുറ്റം ചെയ്യുന്ന വ്യക്തി ഏത് സാമൂഹിക വിഭാഗത്തിൽപ്പെടുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണെന്ന് നിയമം വ്യക്തമാക്കുന്നു. ഇതുവഴി ‘നിയമത്തിന് മുന്നിൽ എല്ലാവരും സമം’ എന്ന അടിസ്ഥാന നീതിതത്വം പൂർണമായും ഇല്ലാതാകുന്നു.

‘സ്വതന്ത്രർ’–‘അടിമകൾ’

നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് പൗരന്മാരെ ‘സ്വതന്ത്രർ’, ‘അടിമകൾ’ എന്നിങ്ങനെ കോഡ് ഉപയോഗിച്ച് രേഖപ്പെടുത്താനും അധികാരികൾക്ക് അനുമതി നൽകുന്നു. ഇതോടെ അടിമത്തം സാമൂഹികമായി മാത്രമല്ല, നിയമപരമായും അംഗീകരിക്കപ്പെടുന്ന സ്ഥിതിയാണ് രാജ്യത്ത് നിലവിൽ വരുന്നത്.

ശിക്ഷയിലെ അസമത്വം

ആർട്ടിക്കിൾ 9 പ്രകാരം മതപണ്ഡിതർ കുറ്റം ചെയ്താൽ ശിക്ഷയല്ല, ‘ഉപദേശങ്ങൾ’ മാത്രമാണ് ലഭിക്കുക.

  • വരേണ്യവർഗത്തിന് കോടതി സമൻസും ഉപദേശവും.
  • മധ്യവർഗത്തിന് അതേ കുറ്റത്തിന് തടവുശിക്ഷ.
  • താഴ്ന്ന വിഭാഗത്തിൽപ്പെട്ടവർക്ക് തടവിനൊപ്പം പൊതുമധ്യത്തിൽ ചാട്ടവാറടി ഉൾപ്പെടെയുള്ള ക്രൂര ശാരീരിക പീഡനങ്ങളും.

അഫ്ഗാൻ മനുഷ്യാവകാശ സംഘടനയായ റവാദരി ഇതിനെ “നിയമവേഷം ധരിച്ച ക്രൂരത” എന്നാണ് വിശേഷിപ്പിച്ചത്.

സ്ത്രീകളും കുട്ടികളും ഏറ്റുവാങ്ങേണ്ടി വരിക കൊടിയ ക്രൂരതകൾ

അടിമത്തത്തെ നിയമപരമായി അംഗീകരിക്കുന്ന വ്യവസ്ഥകൾ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിപ്പിക്കുമെന്ന കടുത്ത ആശങ്കയാണ് ഉയരുന്നത്. ആർട്ടിക്കിൾ 15 പ്രകാരം, യജമാനന്മാർക്കും ഭർത്താക്കന്മാർക്കും തങ്ങളുടെ ‘കീഴിലുള്ളവരെ’ ശിക്ഷിക്കാൻ നിയമപരമായ അധികാരം നൽകുന്നു. അസ്ഥികൾ ഒടിയാത്തതോ, ചർമം മുറിയാത്തതോ ആയ ശാരീരിക പീഡനങ്ങൾ ഗാർഹിക പീഡനമായി കണക്കാക്കില്ലെന്ന വ്യവസ്ഥ, പീഡകർക്ക് നിയമപരമായ സംരക്ഷണം ഒരുക്കുന്നതിന് തുല്യമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

നീതി നടപടികളിലെ അടിസ്ഥാന അവകാശങ്ങൾ ഇല്ലാതാക്കുന്നു

പുതിയ നിയമം പ്രതികൾക്ക്:

  • അഭിഭാഷകനെ നിയമിക്കാനുള്ള അവകാശം നിഷേധിക്കുന്നു
  • വിചാരണകൾ കുറ്റസമ്മത മൊഴികളും സാക്ഷ്യങ്ങളും മാത്രം അടിസ്ഥാനമാക്കിയാണ് നടക്കുക
  • ജഡ്ജിമാർക്ക് വ്യാപകമായ വിവേചനാധികാരം നൽകുന്നു

ഇത് നീതിന്യായ സംവിധാനത്തെ അധികാര ദുരുപയോഗത്തിനുള്ള ഉപകരണമാക്കി മാറ്റുമെന്ന വിമർശനവും ശക്തമാണ്.

സ്ത്രീകളുടെ സാമൂഹിക ജീവിതത്തിനും നിയന്ത്രണം

സ്ത്രീകൾ നൃത്തം ചെയ്യുന്നതും, സാമൂഹിക കൂട്ടായ്മകളിൽ പങ്കെടുക്കുന്നതും നിയമപരമായി കുറ്റകരമാക്കി. ആരെയും തടയാനും ശിക്ഷിക്കാനും ജഡ്ജിമാർക്ക് പൂർണ സ്വാതന്ത്ര്യം നൽകുന്ന വ്യവസ്ഥകൾ, ഭരണകൂടത്തിന്റെ ഇഷ്ടാനുസൃത നിയമപ്രയോഗത്തിന് വഴിയൊരുക്കുമെന്ന് വിമർശകർ പറയുന്നു.

ആഗോള പ്രതിഷേധം

താലിബാന്റെ പുതിയ നിയമത്തിനെതിരെ അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് ശക്തമായ പ്രതികരണമാണ് ഉയരുന്നത്.
ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോർട്ടർ റിച്ചാർഡ് ബെന്നറ്റ് നിയമത്തെ “ഗൗരവകരമായ ആശങ്ക ഉളവാക്കുന്നത്” എന്ന് വിശേഷിപ്പിച്ചു. മുൻ അഫ്ഗാൻ അറ്റോർണി ജനറൽ മുഹമ്മദ് ഫരീദ് ഹമീദി, ഇത് “മനുഷ്യാവകാശങ്ങൾക്കെതിരായ തുറന്ന ആക്രമണം” ആണെന്നും പ്രതികരിച്ചു.

അടിമത്തത്തിനും വർഗീയ ശിക്ഷകൾക്കും നിയമസാധുത നൽകുന്ന ഈ ക്രിമിനൽ കോഡ്, അഫ്ഗാനിസ്ഥാനെ അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങളിൽ നിന്ന് കൂടുതൽ അകറ്റുന്ന നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. നിയമം നടപ്പിലായതോടെ, രാജ്യത്തെ സാമൂഹിക അസമത്വങ്ങളും ഭീതിയും കൂടുതൽ ആഴപ്പെടുമെന്ന ആശങ്ക വ്യാപകമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img