
അഫ്‌ഗാനിസ്ഥാനിൽ ഇനിമുതൽ ചെസ് കളിയും നിയമവിരുദ്ധം. ഇസ്ലാമിക നിയമപ്രകാരം ചെസ് നിയമവിരുദ്ധമെന്നാണ് താലിബാന്റെ പ്രഖ്യാപനം. ചൂതാട്ടത്തിന് വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചെസ് മത്സരത്തിന് താലിബാൻ വിലക്കേർപ്പെടുത്തിയത്. രാജ്യത്തെ മതനിയമപ്രകാരം ചൂതാട്ടം നിയമവിരുദ്ധമാണെന്നും താലിബാൻ ഭരണകൂടം പ്രഖ്യാപിച്ചു.
താലിബാൻ ഭരണകൂടത്തിന് കീഴിലുള്ള കായിക ഡയറക്ടറേറ്റാണ് ചെസ്സ് വിലക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. അഫ്ഗാനിലെ കായിക മത്സരങ്ങൾ നിയന്ത്രിക്കുന്നത് കായിക ഡയറക്ടറേറ്റാണ്. ശരിഅത്ത് നിയമപ്രകാരം ചെസ്സ് ചൂതാട്ടത്തിനുള്ള മാർമായിട്ടാണ് കണക്കാക്കുന്നതെന്ന് താലിബാൻ വക്താവ് പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കപ്പെടുന്നതുവരെ അഫ്ഗാനിൽ അനിശ്ചിത കാലത്തേക്കായി ചെസ്സ് വിലക്കുന്നതായി വാക്താവ് അറിയിച്ചു.
അഫ്ഗാനിൽ താലിബാൻ സർക്കാരിൽ അധികാരത്തിലേറിയതിന് പിന്നാലെ ഒട്ടേറെ കായികഇനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം മിക്‌സഡ് മാർഷ്യൽ ആർട്‌സ്(എംഎംഎ)പോലുള്ള ഫ്രീഫൈറ്റിങ് പ്രൊഫഷണൽ മത്സരങ്ങൾ രാജ്യത്ത് നിരോധിച്ചിരുന്നു. അഫ്ഗാനിൽ സ്ത്രീകൾക്ക് കായികമത്സരങ്ങളിൽ പങ്കെടുക്കുന്നതിനും വിലക്കുണ്ട്.











