09:36am 18 May 2026
NEWS
കന്യകയായ പ്രായപൂർത്തിയായ പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാം; പുതിയ നിയമവുമായി താലിബാൻ
17/05/2026  04:10 PM IST
nila
കന്യകയായ പ്രായപൂർത്തിയായ പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാം; പുതിയ നിയമവുമായി താലിബാൻ

 

കാബൂൾ: കന്യകയായ പ്രായപൂർത്തിയായ പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി പുതിയ കുടുംബനിയമം അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം നടപ്പാക്കി. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുൻസദ  അംഗീകരിച്ച ഈ നിയമം ‘ഭാര്യാഭർതൃ വേർപിരിയലിന്റെ തത്വങ്ങൾ’ എന്ന പേരിലുള്ള 31 വകുപ്പുകളടങ്ങിയ ചട്ടങ്ങളാണ് ഉൾക്കൊള്ളുന്നത്. പ്രായപൂർത്തിയാകാത്തവരുടെ വിവാഹം, വിവാഹമോചനം, പുരുഷ രക്ഷാധികാരികളുടെ അധികാരം തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായും നിയമം കേന്ദ്രീകരിക്കുന്നത്. മേയ് മാസത്തിന്റെ മധ്യത്തിൽ പ്രസിദ്ധീകരിച്ച ചട്ടങ്ങളിൽ വിവാഹബന്ധം അവസാനിപ്പിക്കുന്നതിനുള്ള മതപരവും നിയമപരവുമായ നടപടിക്രമങ്ങളും വിശദമാക്കുന്നുണ്ട്. ശൈശവവിവാഹം, നിർബന്ധിത വിവാഹമോചനം, കാണാതാകുന്ന ഭർത്താക്കന്മാർ, വിവാഹേതര ബന്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പിതാക്കൾക്കും മുത്തശ്ശന്മാർക്കും ശൈശവവിവാഹങ്ങളിൽ നിർണായക അധികാരം നൽകുന്ന തരത്തിലാണ് പുതിയ നിയമം. ആർത്തവാരംഭത്തിന് ശേഷം ബാലവിവാഹം റദ്ദാക്കാമെങ്കിലും അതിന് താലിബാൻ കോടതിയുടെ അനുമതി നിർബന്ധമാണെന്ന് ചട്ടത്തിൽ പറയുന്നു. അതേസമയം, കന്യകയായ പെൺകുട്ടിയുടെ മൗനം വിവാഹസമ്മതമായി കണക്കാക്കാമെന്നും, എന്നാൽ പുരുഷന്മാർക്കും മുൻപ് വിവാഹിതരായ സ്ത്രീകൾക്കും ഈ വ്യവസ്ഥ ബാധകമല്ലെന്നും വ്യക്തമാക്കുന്നു.

അഫ്ഗാനിസ്ഥാനിലെ അതിദാരിദ്ര്യം കാരണം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നിരവധി കുടുംബങ്ങൾ പെൺകുട്ടികളെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിപ്പിക്കുന്നതായി മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. പുതിയ നിയമം ഇത്തരം പ്രവണതകൾക്ക് നിയമപരമായ പിന്തുണ നൽകുമെന്ന ആശങ്കയും സംഘടനകൾ ഉയർത്തുന്നുണ്ട്. കടങ്ങൾ തീർക്കാനോ സാമ്പത്തിക സഹായം നേടാനോ കുട്ടികളെ വിവാഹത്തിനായി വാഗ്ദാനം ചെയ്ത സംഭവങ്ങൾ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ബാലവിവാഹത്തിനായി നൽകുന്ന തുക 500 മുതൽ 3,000 ഡോളർ വരെയാണെന്നാണ് വിവരം.

 അഫ്ഗാനിസ്ഥാനിലെ ഏകദേശം മൂന്നിൽ ഒരുഭാഗം പെൺകുട്ടികളും 18 വയസ്സിന് മുമ്പ് വിവാഹിതരാകുന്നുണ്ടെന്ന് ചാരിറ്റി സംഘടനയായ ഗേൾസ് നോട്ട് ബ്രൈഡ്‌സ് ചൂണ്ടിക്കാട്ടുന്നു. 2021ൽ വീണ്ടും അധികാരത്തിലെത്തിയതിന് ശേഷം താലിബാൻ സ്ത്രീകളുടെ വിദ്യാഭ്യാസം, തൊഴിൽ, പൊതുപങ്കാളിത്തം എന്നിവയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ആംനെസ്റ്റി ഇന്റർനാഷണൽ അടക്കമുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ഈ നയങ്ങളെ ലിംഗവിവേചനപരമാണെന്ന് വിമർശിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് മാധ്യമമായ ജിബി ന്യൂസ് ഉദ്ധരിച്ച റിപ്പോർട്ടുകൾ പ്രകാരം, താലിബാൻ നിയമങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗികവും മാനസികവുമായ അതിക്രമങ്ങൾ വ്യക്തമായി നിരോധിച്ചിട്ടില്ലെന്നും, ചില സാഹചര്യങ്ങളിൽ ഭാര്യമാരെ ശാരീരികമായി ശിക്ഷിക്കാൻ ഭർത്താക്കൾക്ക് അവസരം നൽകുന്നതായും ആരോപണമുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img