10:32pm 14 November 2026
NEWS
പന്ത്രണ്ടാം വര്‍ഷത്തില്‍ ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് ചുവടുവച്ച് ടാലന്‍മാര്‍ക്ക് കോര്‍പറേഷന്‍
14/11/2026  06:18 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പന്ത്രണ്ടാം വര്‍ഷത്തില്‍ ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് ചുവടുവച്ച് ടാലന്‍മാര്‍ക്ക് കോര്‍പറേഷന്‍
HIGHLIGHTS

ടാലന്‍മാര്‍ക്ക് കോര്‍പറേഷന്‍ സഹസ്ഥാപകനും ഡയറക്ടറുമായ എന്‍. ഹിബത്തുല്ല, സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ എം. ഹബീബ് റഹ്‌മാന്‍, സഹസ്ഥാപകനും ഡയറക്ടറുമായ മുഹമ്മദ് ഷക്കീല്‍ ടി.കെ. എന്നിവർ

കോഴിക്കോട് : പ്രവര്‍ത്തനത്തിന്റെ 12 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് പ്രമുഖ നിര്‍മാണ-വികസന കമ്പനിയായ ടാലന്‍മാര്‍ക്ക് കോര്‍പറേഷന്‍. റിയല്‍ എസ്റ്റേറ്റ്, നിര്‍മാണം, ഡിസൈന്‍, ആരോഗ്യപരിചരണം തുടങ്ങിയ മേഖലകളില്‍ സാന്നിധ്യമുള്ള ഗ്രൂപ്പ് ഹോട്ടല്‍ വ്യവസായത്തിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതോടെ പുതിയൊരു ബിസിനസ് മേഖല കൂടി തുറക്കുകയാണ്.

2014-ലാണ് ടാലന്‍മാര്‍ക്ക് കോര്‍പറേഷന്‍ സ്ഥാപിതമായത്. ഇതിന്റെ പ്രധാന സംരംഭമായ ടാലന്‍മാര്‍ക്ക് ഡെവലപ്പേഴ്‌സ് അതേ വര്‍ഷം തന്നെ നിര്‍മാണ, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ടൗണ്‍ഷിപ്പ് വികസനം, പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച കമ്പനി പിന്നീട് ടാലന്‍ ഇന്‍ഫ്ര പ്രോജക്ട്‌സ് ആന്‍ഡ് സര്‍വീസസ്, പീപ്പിള്‍ എന്‍ സ്‌പേസ്, ടാലന്റിസോര്‍ട്ട്, ടാലന്‍ഹെല്‍ത്ത് എന്നീ സംരംഭങ്ങളിലൂടെ പ്രവര്‍ത്തനം വിപുലീകരിച്ചു.

ഹോസ്പിറ്റാലിറ്റി മേഖലയിലെ വികസനത്തിന്റെ ഭാഗമായി ആഗോള ഹോട്ടല്‍ ബ്രാന്‍ഡുകളുമായി സഹകരിച്ച് കോഴിക്കോട്ടും വയനാട്ടിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള ബ്രാന്‍ഡഡ് ഹോട്ടലുകള്‍ വികസിപ്പിക്കാനാണ് ടാലന്‍മാര്‍ക്ക് ഹോട്ടല്‍സ് കോര്‍പറേഷന്റെ പദ്ധതി. കൊച്ചിയിലും പുതിയ ഹോട്ടല്‍ പദ്ധതി ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

കെട്ടിടങ്ങള്‍ മികച്ച രീതിയില്‍ നിര്‍മിക്കുകയും ദീര്‍ഘകാലം നിലനില്‍ക്കുന്നവയാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് 12 വര്‍ഷം മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ചതെന്ന് ടാലന്‍മാര്‍ക്ക് കോര്‍പറേഷന്‍ സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ എം. ഹബീബ് റഹ്‌മാന്‍ പറഞ്ഞു. നിര്‍മാണത്തിലെ മികവ് കെട്ടിടങ്ങള്‍ ഉപയോഗിക്കുന്നവരുടെ അനുഭവങ്ങളിലും പ്രതിഫലിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഹോസ്പിറ്റാലിറ്റി മേഖലയിലേക്കുള്ള പ്രവേശനം സ്വാഭാവികമായ അടുത്ത ചുവടുവയ്പാണെന്നും അദ്ദേഹം പറഞ്ഞു.

ഈ മേഖലയില്‍ പ്രവര്‍ത്തിക്കാനുള്ള സാധ്യതകള്‍ ടാലന്റിസോര്‍ട്ടിലൂടെ തിരിച്ചറിഞ്ഞതായും അതേ ഗുണനിലവാരവും പ്രവര്‍ത്തന മികവും പുതിയ പദ്ധതികളിലും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും സഹസ്ഥാപകനും ഡയറക്ടറുമായ എന്‍. ഹിബത്തുല്ല പറഞ്ഞു.

ഒരു മികച്ച ഹോട്ടലിന്റെ മികവ് അതിന്റെ രൂപകല്‍പ്പന മുതല്‍ അതിഥികള്‍ക്ക് ലഭിക്കുന്ന പരിചരണം വരെയുള്ള ഓരോ വിശദാംശങ്ങളിലുമാണെന്ന് സഹസ്ഥാപകനും ഡയറക്ടറുമായ മുഹമ്മദ് ഷക്കീല്‍ ടി.കെ. പറഞ്ഞു. ഈ നിലവാരം പുതിയ പദ്ധതികളിലും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹ് മസ്ജിദ്, ഇന്ത്യയിലെ ഏറ്റവും വലിയ സൂഖ് എന്നിവ ടാലന്‍മാര്‍ക്ക് ഡെവലപ്പേഴ്‌സിന്റെ ശ്രദ്ധേയമായ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. വാസ്തുവിദ്യാ രൂപകല്‍പ്പന മുതല്‍ ഇന്റീരിയര്‍ ഫിനിഷിങ് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനി നിര്‍വഹിച്ചിട്ടുണ്ട്.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img