
ദോഹ: വിശുദ്ധ റമദാൻ മാസത്തിൽ സമൂഹത്തിലെ നാനാതുറകളിലുള്ളവർക്ക് ആശ്വാസമേകി പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ 'തലാബാത്' നടത്തിയ 'ഷെയർ ആൻ ഇൻ ഇഫ്താർ' (Share an Iftar) ക്യാമ്പയിൻ വൻ വിജയം. ഖത്തറിലുടനീളം 15 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാൻ ഈ പദ്ധതിയിലൂടെ സാധിച്ചു.
6,074 ദാതാക്കളിൽ നിന്നായി ഏകദേശം 14.5 ലക്ഷം ഖത്തർ റിയാൽ (343,024 യൂറോ) സമാഹരിക്കാൻ സാധിച്ചു. 22,451 തവണകളായാണ് ഈ തുക ദാനമായി ലഭിച്ചത്.
ഗൾഫ് മേഖലയിലാകെ 2.4 കോടിയിലധികം ഭക്ഷണപ്പൊതികളാണ് തലാബാത് വിതരണം ചെയ്തത്. 77,000-ലധികം ദാതാക്കളിൽ നിന്നായി 1.7 ദശലക്ഷം യൂറോ ഈ കാലയളവിൽ സമാഹരിച്ചു.തലാബാത് റൈഡർമാർക്കായി പ്രത്യേക ഇഫ്താർ വിരുന്നുകളും 35,000-ലധികം പാനീയങ്ങളും വിതരണം ചെയ്തു. ഖത്തർ റെഡ് ക്രസന്റുമായി സഹകരിച്ച് ഹീറോ മീൽസ് (Hero Meals) വിതരണവും 'ഡബിൾ ദി ടിപ്സ്' (Double the Tips) പദ്ധതിയും റൈഡർമാർക്കായി നടപ്പിലാക്കി.
ഖത്തറിലെ പ്രാദേശിക ചാരിറ്റികളുമായി സഹകരിച്ചാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ചെറിയ വ്യക്തിഗത സംഭാവനകൾ എങ്ങനെ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നു എന്നതിന്റെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് തലാബാത് ഖത്തർ മാനേജിംഗ് ഡയറക്ടർ ഫ്രാൻസിസ്കോ മിഗ്വൽ ഡി സൂസ പറഞ്ഞു.
റവ, റയ്യാൻ വാട്ടർ, ബലദ്‌ന, ലുലു ഹൈപ്പർ മാർക്കറ്റ് തുടങ്ങിയ പങ്കാളികളുടെ സഹകരണത്തോടെയാണ് ഈ വിപുലമായ കാരുണ്യ പ്രവർത്തനങ്ങൾ തലാബാത് പൂർത്തിയാക്കിയത്.











