08:07am 25 June 2026
NEWS
സ്ത്രീയുടെ അനുമതിയില്ലാതെ ഫോട്ടോയെടുത്താൽ ഒളിഞ്ഞുനോട്ടമാകില്ല: സുപ്രീംകോടതി
05/12/2025  09:47 AM IST
സുരേഷ് വണ്ടന്നൂർ
സ്ത്രീയുടെ അനുമതിയില്ലാതെ ഫോട്ടോയെടുത്താൽ ഒളിഞ്ഞുനോട്ടമാകില്ല: സുപ്രീംകോടതി
HIGHLIGHTS

​സ്വകാര്യ നിമിഷങ്ങൾ പകർത്തിയാൽ മാത്രം ഐ.പി.സി. 354സി പ്രകാരം കേസെടുക്കാം

​ന്യൂഡൽഹി: പൊതുസ്ഥലങ്ങളിലോ സ്വകാര്യ സന്ദർഭം അല്ലാത്ത വേളകളിലോ സ്ത്രീയുടെ സമ്മതമില്ലാതെ മൊബൈൽ ഫോണിൽ ഫോട്ടോയെടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതും ഒളിഞ്ഞുനോട്ടമായി (Voyeurism) കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സ്ത്രീകളുടെ സ്വകാര്യഭാഗങ്ങൾ, കുളിമുറിയിലെ ദൃശ്യങ്ങൾ, ലൈംഗികബന്ധം എന്നിവ അവരറിയാതെ പകർത്തുന്ന സാഹചര്യങ്ങളിൽ മാത്രമാണ് ഒളിഞ്ഞുനോട്ട നിയമം ബാധകമാവുകയെന്നും കോടതി ചൂണ്ടിക്കാട്ടി.
​ജസ്റ്റിസുമാരായ എൻ. കോട്ടീശ്വർ സിംഗ്, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. പശ്ചിമ ബംഗാളിലെ ഒരു ഭൂമിത്തർക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ നിരീക്ഷണം.
​കേസിന്റെ പശ്ചാത്തലം:
​ഭൂമി തർക്കത്തിനിടെ വസ്തുവിലേക്ക് അതിക്രമിച്ച് കടന്ന സ്ത്രീയുടെ ദൃശ്യങ്ങൾ എതിർകക്ഷിയുടെ മകൻ മൊബൈലിൽ പകർത്തിയിരുന്നു.
​ഇതിനെതിരെ, സ്വകാര്യതയിലേക്ക് കടന്നുകയറിയെന്ന് ആരോപിച്ച് സ്ത്രീ പരാതി നൽകുകയും പോലീസ് ഒളിഞ്ഞുനോട്ടത്തിന് (ഐ.പി.സി. 354സി) കേസെടുത്ത് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.കുറ്റവിമുക്തനാക്കണമെന്ന ആവശ്യം കൽക്കട്ട ഹൈക്കോടതി തള്ളിയതോടെ പ്രതി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
​പ്രതിക്കെതിരെ സ്വകാര്യ നിമിഷങ്ങൾ പകർത്തി എന്നതിന് ആരോപണമില്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി പ്രതിയെ കുറ്റവിമുക്തനാക്കി.
​ഐ.പി.സി 354സി വകുപ്പ്:
​സ്ത്രീയുടെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടം ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐ.പി.സി) 354സി വകുപ്പ് പ്രകാരം കുറ്രകരമാണ്. ഈ വകുപ്പ് പ്രകാരം, ആദ്യമായി കുറ്റം ചെയ്യുന്നവർക്ക് മൂന്നു വർഷം വരെ തടവും പിഴയും, വീണ്ടും പിടികൂടിയാൽ 7 വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img