നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചു. നടപടികൾ പുരോഗമിക്കുന്നതായി മന്ത്രി പി. കെ. ബഷീർ
എറണാകുളം നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ നിർണായകമായ തമ്മനം–പുല്ലേപ്പടി റോഡ് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ അടിയന്തരമായി പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കണമെന്ന് ആവശ്യപ്പെട്ട് ടി.ജെ. വിനോദ് എം.എൽ.എ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു.
എം.ജി. റോഡിലെ പത്മ ജംഗ്ഷനിൽ നിന്ന് ചക്കരപ്പറമ്പ് ദേശീയപാത 66 വരെ ബന്ധിപ്പിക്കുന്ന 3.68 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ് പദ്ധതി പതിറ്റാണ്ടായി പരിഗണനയിലാണെന്ന് ടി.ജെ. വിനോദ് എം.എൽ.എ ചൂണ്ടിക്കാട്ടി. 2016-17 ലാണ് പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്തിയത്.
1998-ൽ റോഡ് വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചപ്പോൾ, ഭൂമി വിലകൊടുത്ത് വാങ്ങുന്നതിന് പകരം ഭൂവുടമകൾക്ക് എഫ്.എ.ആർ (FAR) ആനുകൂല്യം നൽകി സൗജന്യമായി ഭൂമി ഏറ്റെടുക്കുന്ന രീതിയാണ് കോർപ്പറേഷൻ സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി എളംകുളം, പൂണിത്തുറ, എറണാകുളം വില്ലേജുകളിലായി 83 വ്യക്തികളിൽ നിന്ന് ആകെ 102.41 ആർ (253.11 സെന്റ്) ഭൂമി സൗജന്യമായി ലഭിച്ചു.
കൂടാതെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാലത്ത് കൊച്ചി മെട്രോയുടെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി അനുവദിച്ച 25 കോടി രൂപ ഉപയോഗിച്ചും 111.41 ആർ ഭൂമി ഏറ്റെടുത്തിരുന്നു.
2016 -17 കിഫ്‌ബി ഈ പദ്ധതി ഏറ്റെടുത്തു. അതിന്റെ ഭാഗമായി നിർമ്മാണ ചുമതല കെ ആർ എഫ് ബി യെ ഏല്പിച്ചു. എന്നാൽ ഇപ്പോഴും ഏകദേശം 500 കൈവശക്കാരിൽ നിന്ന് 212 സർവേ നമ്പറുകളിലായി 3.65 ഹെക്ടർ (ഏകദേശം 9 ഏക്കർ) ഭൂമി ഏറ്റെടുക്കേണ്ടതുണ്ടെന്ന് ടി.ജെ. വിനോദ് എം.എൽ.എ സഭയിൽ വ്യക്തമാക്കി.
2021ൽ റോഡിൻറെ നിർമ്മാണ പ്രവൃത്തി ഏറ്റെടുത്ത കേരള റോഡ് ഫണ്ട് ബോർഡ് അലൈൻമെന്റ് നിശ്ചയിച്ച് അതിർത്തിക്കല്ലുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ആർ.ടി.കെ (Real Time Kinematic) മെഷീൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡിജിറ്റൽ സർവേയും പൂർത്തിയാകാത്തതിനാൽ ഭൂമിയുടെ മൂല്യനിർണയ നടപടികൾ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ടി.ജെ. വിനോദ് എം.എൽ.എ ചൂണ്ടിക്കാട്ടി.
ഇതുമായി ബന്ധപ്പെട്ട 5 സർവെയെർമാരെയും 1 ഡ്രാഫ്റ്സ്മാനെയും നിയമിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുള്ളതാണ്. എന്നാൽ റവന്യു വകുപ്പിന് ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരെ നൽകാൻ സാധിക്കാത്തതിനാൽ സർവ്വേ നടപടികൾ ആരംഭിക്കാൻ സാധിച്ചിട്ടില്ലെന്നും ടി.ജെ. വിനോദ് എം.എൽ.എ വ്യക്തമാക്കി.
ഇതുമൂലം 11(1) വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനും ബി.വി.ആർ (Basic Valuation Report), ഡി.വി.എസ് (Detailed Valuation Statement) എന്നിവ തയ്യാറാക്കുന്നതിനും കാലതാമസം നേരിടുകയാണ്. ഈ നടപടികൾ പൂർത്തിയാക്കിയ ശേഷമേ 19(1) വിജ്ഞാപനം പുറപ്പെടുവിച്ച് നഷ്ടപരിഹാരം വിതരണം ചെയ്ത് ഭൂമി ഏറ്റെടുത്ത് നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കാൻ സാധിക്കൂവെന്നും ടി.ജെ. വിനോദ് എം.എൽ.എ വ്യക്തമാക്കി.
സബ്മിഷന് മറുപടിയായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ. ബഷീർ പദ്ധതി സംബന്ധിച്ച നടപടികൾ പുരോഗമിക്കുകയാണെന്ന് അറിയിച്ചു. 2017 ജൂലൈ 10-ലെ സർക്കാർ ഉത്തരവ് പ്രകാരം പദ്ധതിക്ക് 100 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ടെന്നും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കിഫ്ബി വഴി 93.89 കോടി രൂപ പദ്ധതിക്കായി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അലൈൻമെന്റ് പ്രകാരം ആവശ്യമായ ഭൂമി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഭൂമി ഏറ്റെടുക്കുന്നതിനുള്ള 11(1) വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പി. കെ. ബഷീർ സഭയെ അറിയിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി 19(1) വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിനാവശ്യമായ തുടർ നടപടികൾ പൊതുമരാമത്ത് വകുപ്പും റവന്യൂ വകുപ്പും സ്വീകരിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജില്ലാകളക്ടർ മുഖേനെ സർവേ നടപടികൾക്കുള്ള റവന്യു ഉദ്യോഗസ്‌ഥരെ നിയോഗിക്കുന്നതിനുള്ള നടപടി അടിയന്തിരമായി സ്വീകരിച്ച് ഭൂമിയേറ്റെടുക്കൽ പൂർത്തിയാകുന്നതാണെന്നും മന്ത്രി പി കെ ബഷീർ അറിയിച്ചു.
.









