
കൊച്ചി: ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിക്കുകയും വെടിവെച്ച് കൊല്ലണമെന്ന തരത്തിൽ പരാമർശം നടത്തുകയും ചെയ്ത കേസിൽ ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസ് കസ്റ്റഡിയിൽ. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് മട്ടാഞ്ചേരിയിലെ വീട്ടിലെത്തി മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം ഇന്ന് രാത്രി മോഹൻദാസിനെ തിരുവനന്തപുരത്ത് എത്തിക്കും. തുടർന്ന് നാളെ കോടതിയിൽ ഹാജരാക്കും. കേസെടുത്ത് പതിനൊന്നാം ദിവസമാണ് പൊലീസ് നടപടി. ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ വെടിവെക്കണമെന്ന തരത്തിൽ മോഹൻദാസ് നടത്തിയ പരാമർശമാണ് കേസിനാധാരം. സംഭവത്തിൽ ആദ്യം പരാതി നൽകിയത് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോനായിരുന്നു. പിന്നാലെ നിരവധി പേർ പൊലീസിൽ പരാതി നൽകി. സൈബർ സെൽ ഓപ്പറേഷൻസ് ഐജിക്കായിരുന്നു അന്വേഷണ ചുമതല. എന്നാൽ പരാതി ലഭിച്ചിട്ടും കേസെടുക്കാൻ വൈകിയതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. പരാതികൾ ലഭിച്ച് മൂന്നാം ദിവസമാണ് ഒടുവിൽ പൊലീസ് കേസെടുത്തത്. ജൂലൈ 29ന് കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ മോഹൻദാസ് നടത്തിയ പരാമർശങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. അശ്ലീലവും അധിക്ഷേപകരവുമായ പരാമർശങ്ങൾ ഉൾപ്പെട്ട വീഡിയോകൾ യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ചെന്നും, ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് വീഡിയോകൾ പുറത്തുവിട്ടതെന്നുമാണ് എഫ്ഐആറിലെ ആരോപണം.











