01:19pm 25 July 2026
NEWS
സിഎംആർഎൽ–എക്സാലോജിക് കേസ്; ശശിധരൻ കർത്തയുടെ മൊഴി വീണാ വിജയന് തിരിച്ചടി
25/07/2026  10:35 AM IST
nila
സിഎംആർഎൽ–എക്സാലോജിക് കേസ്; ശശിധരൻ കർത്തയുടെ മൊഴി വീണാ വിജയന് തിരിച്ചടി

കൊച്ചി∙ സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് തിരിച്ചടിയാകുന്ന നിർണായക മൊഴി പുറത്തുവന്നു. സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയിൽ, വീണയുടെ എക്സാലോജിക് കമ്പനിയിൽ നിന്ന് യാതൊരു സേവനവും ലഭിച്ചിട്ടില്ലെന്നും, പിണറായി വിജയനുമായുള്ള ബന്ധം കണക്കിലെടുത്താണ് പണം നൽകിയതെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്.

2024 ഏപ്രിൽ 24-ന് ഇ.ഡിക്കു മുന്നിൽ നൽകിയ ഈ മൊഴിയുടെ അടിസ്ഥാനത്തിൽ വീണാ വിജയനെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചേക്കുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി വീണയുടെ ബാങ്ക് അക്കൗണ്ടുകൾ ഇ.ഡി നേരത്തെ മരവിപ്പിച്ചിരുന്നു. ഇതിനിടെ എക്സാലോജിക് കമ്പനി നിലവിൽ പ്രവർത്തനം അവസാനിപ്പിച്ചതായും വിവരമുണ്ട്.

അതേസമയം, കഴിഞ്ഞ മാസം ഇ.ഡിക്കു മുന്നിൽ നൽകിയ മൊഴിയിൽ സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തമായ അറിവില്ലെന്ന നിലപാടാണ് വീണ സ്വീകരിച്ചത്. 2017 മുതൽ 2021 വരെ കൺസൽട്ടൻസി ഫീസ് എന്ന പേരിൽ 2.78 കോടി രൂപ കൈമാറിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വ്യക്തമായ വിശദീകരണം നൽകാനായില്ലെന്നും, സിഎംആർഎൽ എന്തിന്റെ അടിസ്ഥാനത്തിലാണ് എക്സാലോജിക്കിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയതെന്ന ചോദ്യത്തിനും മറുപടി ഉണ്ടായിരുന്നില്ലെന്നും അന്വേഷണവൃത്തങ്ങൾ വ്യക്തമാക്കുന്നു.

എക്സാലോജിക്കിന്റെ ദൈനംദിന പ്രവർത്തനങ്ങൾ അന്നത്തെ ജീവനക്കാരാണ് കൈകാര്യം ചെയ്തിരുന്നതെന്നും അതുമായി ബന്ധപ്പെട്ട വിവരങ്ങൾ അവർക്കായിരിക്കും അറിയുകയെന്നുമാണ് വീണ ഇ.ഡി ഉദ്യോഗസ്ഥരോട് പറഞ്ഞത്. സിഎംആർഎലിന്റെ സഹോദര സ്ഥാപനമായ ‘എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ്സ്’ വഴി അനുവദിച്ച 50 ലക്ഷം രൂപയുടെ വായ്പയെക്കുറിച്ചും ഇ.ഡി വിശദമായ വിവരങ്ങൾ തേടിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img