
മലപ്പുറം: ഗുരുതരമായ രോഗാവസ്ഥയും ശാരീരിക ബുദ്ധിമുട്ടുകളും പഠനത്തിന് തടസ്സമാകില്ലെന്ന് സ്വന്തം ജീവിതംകൊണ്ട് തെളിയിച്ചിരിക്കുകയാണ് ടി. ഷാന. വീൽചെയറിലിരുന്നും പിന്നീട് ക്ലാസ് മുറിയിലെ കിടക്കയിൽ കിടന്നും പഠനം തുടർന്ന ഷാന, കാലിക്കറ്റ് സർവകലാശാലയുടെ എംഎഡ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. രണ്ട് മക്കളുടെ അമ്മയായ ഷാനയുടെ ഈ നേട്ടം പ്രതിസന്ധികൾക്കു മുന്നിൽ തോൽക്കാത്ത ഇച്ഛാശക്തിയുടെ അടയാളം കൂടിയാണ്.
വിവാഹശേഷം കോഴിക്കോട് ഫാറൂഖ് കോളജിൽ ബിഎസ്സി ഫിസിക്സ് പഠിക്കുന്നതിനിടെയാണ് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന സിസ്റ്റമിക് ലൂപ്പസ് എറിത്തമറ്റോസസ് (എസ്എൽഇ) എന്ന രോഗം ഷാനയെ ബാധിച്ചത്. ചികിത്സയ്ക്കൊപ്പം പഠനം തുടർന്ന അവർ ബിരുദവും ബിഎഡും പൂർത്തിയാക്കി. രണ്ടാമത്തെ ഗർഭകാലത്ത് ആരോഗ്യപ്രശ്നങ്ങൾ കാരണം ദീർഘകാലം വിശ്രമിക്കേണ്ടിവന്നപ്പോഴും പഠനം ഉപേക്ഷിച്ചില്ല. വിദൂരപഠനത്തിലൂടെ സൈക്കോളജിയിൽ എംഎയും നേടി.
കോവിഡ് കാലത്ത് ഓൺലൈൻ ട്യൂഷൻ എടുത്തും രണ്ട് സ്കൂളുകളിൽ ഗസ്റ്റ് അധ്യാപികയായും ജോലി ചെയ്തിരുന്നു. എന്നാൽ രോഗാവസ്ഥ ജോലി തുടരുന്നതിന് തടസ്സമായതോടെ ആറുവർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും പഠനത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചു. ഫാറൂഖ് ട്രെയിനിങ് കോളജിലാണ് എംഎഡിന് ചേർന്നത്.
എന്നാൽ ആദ്യ സെമസ്റ്റർ പൂർത്തിയായപ്പോഴേക്കും എസ്എൽഇ ചികിത്സയുടെ പാർശ്വഫലമായി അവാസ്കുലർ നെക്രോസിസ് എന്ന ഗുരുതര അസ്ഥിരോഗവും കണ്ടെത്തി. രക്തപ്രവാഹം തടസ്സപ്പെടുന്നതോടെ അസ്ഥികളിലെ കോശങ്ങൾ നശിക്കുന്ന ഈ അവസ്ഥയിൽ അധികനേരം നിൽക്കാനോ ഇരിക്കാനോ കിടക്കാനോ കഴിയില്ല. പഠനം തുടരാനാകാത്ത സാഹചര്യത്തിൽ മകളെ കോളജിൽനിന്ന് പിൻവലിക്കുന്നതിനെക്കുറിച്ച് സംസാരിക്കാൻ മാതാപിതാക്കൾ അധികൃതരെ സമീപിച്ചു.
എന്നാൽ ഷാനയ്ക്ക് പഠനം തുടരാനുള്ള അവസരം ഒരുക്കുകയായിരുന്നു കോളജ് അധികൃതർ. 'നിങ്ങൾക്ക് അവളെ ഇവിടെ എത്തിച്ചുതരാനാകുമോ?' എന്ന പ്രിൻസിപ്പൽ ഡോ. ടി. മുഹമ്മദ് സലീമിന്റെ ചോദ്യത്തിന് പിന്നാലെ വീൽചെയറിൽ ഷാന വീണ്ടും കോളജിലെത്തി. ക്ലാസ് മുറി താഴത്തെ നിലയിലേക്ക് മാറ്റി. പഠനത്തിനായി അവിടെ കിടക്കയും ഒരുക്കി. ഇരുന്നും കിടന്നും ക്ലാസുകളിൽ പങ്കെടുത്ത് പഠനം മുന്നോട്ടുകൊണ്ടുപോയി.
അതിനിടെ രണ്ട് ഇടുപ്പെല്ലുകളും മാറ്റിവയ്ക്കേണ്ടിവന്നു. സങ്കീർണമായ രണ്ട് ശസ്ത്രക്രിയകൾക്കുശേഷം പതിനെട്ടാം ദിവസം തന്നെ ഷാന വീണ്ടും ക്ലാസ് മുറിയിലെത്തി. പഠനം മുടക്കാതെ പരീക്ഷകളും എഴുതി. ഒരു ഘട്ടത്തിലും പഠനപ്രവർത്തനങ്ങളിൽ പ്രത്യേക ഇളവുകൾ തേടാതെയാണ് ഈ നേട്ടത്തിലേക്കെത്തിയത്.
മലപ്പുറം ചേലേമ്പ്ര ചാലിപ്പറമ്പിലെ തേവങ്ങാട്ട് ഹംസക്കോയയുടെയും ഫൗസിയയുടെയും മകളാണ് ഷാന. കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി പി. മുസ്തഫയാണ് ഭർത്താവ്.
രോഗാവസ്ഥ ഏറെക്കുറെ ഭേദമായതോടെ അടുത്ത ലക്ഷ്യത്തിലേക്കുള്ള തയ്യാറെടുപ്പിലാണ് ഷാന. നെറ്റ് പരീക്ഷയ്ക്കായി പഠനം ആരംഭിച്ചുകഴിഞ്ഞു. ഇതിനുപുറമെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ എംഎസ്സി ഫിസിക്സിനും ചേർന്നു. ശാരീരികപ്രതിസന്ധികളെ മറികടന്ന് നേടിയ ഒന്നാം റാങ്ക്, ഇനിയും പഠിച്ചുയരാനുള്ള ഷാനയുടെ യാത്രയിലെ പുതിയൊരു തുടക്കം മാത്രമാണ്.










