01:10am 18 January 2026
NEWS
ടി രാജീവ്‌ നാഥിന് ചലച്ചിത്രമേളയിൽ ആദരം ; ജനനി പ്രത്യേകമായി പ്രദർശിപ്പിക്കും
11/12/2025  03:21 PM IST
Nasar
ടി രാജീവ്‌ നാഥിന് ചലച്ചിത്രമേളയിൽ ആദരം ; ജനനി പ്രത്യേകമായി പ്രദർശിപ്പിക്കും


 തിരുവനന്തപുരം: പ്രഗത്ഭ ചലച്ചിത്ര സംവിധായകനും മുൻ കേരള ചലച്ചിത്ര അക്കാദമി ചെയർപേഴ്സണുമായ ടി രാജീവ്‌ നാഥിന്റെ 50 വർഷത്തെ സിനിമാജീവിതത്തിന് ഐ എഫ് എഫ് കെ ആദരമർപ്പിക്കും. ഇതിൻ്റെ ഭാഗമായി മേളയിൽ 2000-ത്തിലെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തിന് നേടിക്കൊടുത്ത ‘ജനനി’ സിനിമയുടെ പ്രത്യേക പ്രദർശനം നടക്കും.
‎1951-ൽ ചങ്ങനാശ്ശേരിയിൽ ജനിച്ച രാജീവ്‌ നാഥ്, 1978-ൽ  ‘തണൽ’ എന്ന സിനിമ സംവിധാനം ചെയ്താണ് മലയാള സിനിമാരംഗത്തേക്ക് എത്തിയത്. മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. എം ജി സോമന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും 'തണലി'ലെ അഭിനയത്തിന് ലഭിച്ചു.
‎സാഹിത്യകാരൻ ഒ വി വിജയന്റെ കഥ ആസ്പദമാക്കിയ കടൽത്തീരത്ത് ഉൾപ്പെടെ, അഹം, പകൽ നക്ഷത്രങ്ങൾ, ഡേവിഡ് ആൻഡ് ഗോലിയാത്ത്, രസം, സൂര്യന്റെ മരണം എന്നീ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു. 
മോഹൻലാൽ അഭിനയിച്ച ‘പകൽ നക്ഷത്രങ്ങൾ’, ഹിന്ദി ചിത്രമായ ‘അനുഭവ്: ആൻ ആക്ടർസ് ടെയ്ൽ, ഹെഡ് മാസ്റ്റർ  ഉൾപ്പെടെ വൈവിധ്യമാർന്ന പരീക്ഷണങ്ങൾ അദ്ദേഹം സിനിമയിൽ നടത്തി. 

 ജനനി: ആത്മീയതയും മാതൃത്വവും ചോദ്യചിഹ്നമാകുന്ന കഥ 

‎മേളയിൽ പ്രദർശിപ്പിക്കുന്ന ‘ജനനി’, ഏഴ് കത്തോലിക്ക സന്യാസിനിമാരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ഒരു അനാഥശിശുവിന്റെ പരിപാലന പ്രശ്നത്തിലൂടെയാണ് ആരംഭിക്കുന്നത്. 
പ്രതിജ്ഞകളും ആത്മീയവിശ്വാസങ്ങളും മാതൃത്വത്തെക്കുറിച്ചുള്ള ധാരണകളും തമ്മിൽ പൊരുത്തപ്പെടാത്ത മുഹൂർത്തങ്ങളിൽ നടക്കുന്ന ഹൃദയസ്പർശിയായ നാടകീയതയാണ് സിനിമയുടെ ആകർഷണം.
‎രാജീവ്‌ നാഥ്  സംവിധാനവും നിർമാണവും നിർവഹിച്ച ചിത്രത്തിന്റെ തിരക്കഥ സക്കറിയയും രഞ്ജി പണിക്കരും ചേർന്നാണ്  തയ്യാറാക്കിയത്. സുരേഷ് പി നായരുടെ ഛായാഗ്രഹണവും ബീനാ പോളിന്റെ എഡിറ്റിങും  ഔസേപ്പച്ചൻ്റെ സംഗീതവും ചിത്രത്തെ മികച്ചതാക്കി. ഓസ്ലോ ചലച്ചിത്രമേളയിലും ചിത്രം പ്രദർശിപ്പിക്കപ്പെട്ടു. 
സിനിമയിൽ ‎സിദ്ദിഖ് ഫാദർ റോസ്ലിനായും ശാന്തകുമാരി സിസ്റ്റർ വിക്ടോറിയയായും  മികച്ച അഭിനയം കാഴ്ച വെച്ചു.

‎കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മുൻ ചെയർപേഴ്സണായിരുന്ന രാജീവ്‌ നാഥ്, മലയാള സിനിമയുടെ വളർച്ചയ്ക്കും അന്താരാഷ്ട്ര വേദികളിലെ പ്രതിച്ഛായ ഉയർത്തുന്നതിനും നിർണായക പങ്ക് വഹിച്ചു.
‎അദ്ദേഹത്തിന്റെ അമ്പത് വർഷത്തെ സമ്പന്നമായ സൃഷ്ടിജീവിതത്തെയാണ് ഈ വർഷം ഐഎഫ്എഫ്കെ  പ്രത്യേകം ആദരിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img