02:18pm 11 November 2026
NEWS
സീറോമലബാർസഭ സമുദായ ശാക്തീകരണവർഷം 2026
11/10/2025  05:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സീറോമലബാർസഭ സമുദായ ശാക്തീകരണവർഷം 2026

അഞ്ചാമത് മേജർ ആർകിഎപ്പിസ്‌കോപ്പൽ  അസ്സംബ്ലിയിൽ നടന്ന ചർച്ചകളുടെയും കഴിഞ്ഞ ഏതാനും വർഷങ്ങളായി നടന്നുവന്ന പഠനങ്ങളുടെയും വെളിച്ചത്തിൽ, 2026 സീറോമലബാർ സഭ സമുദായ ശാക്തീകരണവർഷമായി ആചരിക്കുകയാണ്. ഇത് സംബന്ധിച്ച മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ സർക്കുലർ  നാളെ (ഒക്ടോബർ 12 ഞായർ)  സീറോമലബാർസഭയിലെ എല്ലാ ദേവാലയങ്ങളിലും വിശുദ്ധ   കുർബാനമദ്ധ്യേ വായിക്കും. സീറോമലബാർ സഭാംഗംങ്ങളുടെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക പരിസ്ഥിതികളെക്കുറിച്ചു യാഥാർഥ്യബോധത്തോടെ നടത്തിയ പഠനങ്ങളുടെ വെളിച്ചത്തിൽ, വിശ്വാസികളുടെ ആത്മീയമേഖലയിൽ  എന്നതുപോലെതന്നെ ഭൗതിക ആവശ്യങ്ങളിലും അവർ നേരിടുന്ന വെല്ലുവിളികളിലും സഭയുടെ സത്വരമായ ശ്രദ്ധ പതിയേണ്ടതുണ്ടെന്ന ബോധ്യത്തോടെയാണ് സമുദായ ശാക്തീകരണവർഷം ആചരിക്കുന്നത്. ക്രൈസ്തസമൂഹത്തിന്റെ സാമൂഹികവും ഭൗതികവുമായ തലങ്ങളെ വ്യക്തതയോടെ അവതരിപ്പിക്കുന്നതിനാണ്  സഭ എന്നതിന് പകരം സമുദായം എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്.  
     
സമുദായ ശാക്തീകരണവർഷാചരണം ഫലപ്രദമായി സംഘടിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്ത്വം സീറോമലബാർ സഭയുടെ പബ്ലിക് അഫയേഴ്‌സ് കമ്മീഷനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. പ്രാരംഭഘട്ടം, പ്രായോഗികഘട്ടം, അനുബന്ധഘട്ടം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് കർമ്മപദ്ധതി   വിഭാവനം ചെയ്തിരിക്കുന്നത്. സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ചുള്ള ബോധവത്കരണമാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. രണ്ടാമത്തെതു  പ്രായോഗികഘട്ടമാണ്. സീറോമലബാർ സഭ ഒരു സമുദായം എന്ന നിലയിൽ നിലനിൽക്കുന്നതിനും വളരുന്നതിനും സഹായകമാകുന്ന കർമപദ്ധതികൾ നടപ്പിലാക്കുകയാണ് ഈ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്.  ദീർഘകാലാടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ടതും ക്രമേണ ലക്ഷ്യത്തിലെത്തേണ്ടതുമായ പദ്ധതികളെയാണ്  മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സമുദായ ശാക്തീകരണ പ്രവർത്തനങ്ങൾ ഒരു വർഷംകൊണ്ട് അവസാനിക്കേണ്ടതല്ല മറിച്ചു, നിരന്തരം തുടരേണ്ടവയാണ്. അതിനാൽ വരും വർഷങ്ങളെ അനുബന്ധ ഘട്ടമായിട്ടാണ് കണക്കാക്കുന്നത്. യഥാർത്ഥത്തിൽ 2026 ലെ സമുദായ ശാക്തീകരണവർഷാചരണം സമുദായ ശാക്തീകരണത്തിന്റെ പ്രാരംഭനടപടിയും പ്രായോഗിക പരിശീലനവും, ബോധവത്കരണവും മാത്രമാണ്. 

 സമുദായ ശാക്തീകരണവർഷാചരണത്തിന്റെ ഫലപ്രദമായ നടത്തിപ്പിന് എല്ലാ രൂപതകളിലും ക്രമീകരണങ്ങൾ ഉണ്ടാകണമെന്നു മേജർ ആർച്ചുബിഷപ് സർക്കുലറിൽ ആഹ്വാനം ചെയ്തു. ഓരോ രൂപതയിലും ഒരു സിഞ്ചെല്ലൂസിനെ ഇതിന്റെ ചുമതല ഏല്പിക്കുകയും, അദ്ദേഹത്തിന്റെ കീഴിൽ ഒരു വൈദികൻ ഡയറക്ടറായും  അൽമായവിശ്വസികളിൽ ഒരാൾ കൺവീനറായും  പ്രവർത്തിക്കേണ്ടതും സഭയുടെ എല്ലാ ഘടകങ്ങളെയും ശാക്തീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുകയും ചെയ്യേണ്ടതാണെന്നും അങ്ങനെ സഭയിലെ ഓരോ അംഗവും ഓരോ ഘടകവും  സമുദായത്തെ ശക്തിപ്പെടുത്താനുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുമ്പോൾ സമുദായ ശാക്തീകരണവർഷാചരണം നിലനിൽക്കുന്നതും ഫലപ്രദവുമായ മാറുമെന്നും മാർ റാഫേൽ തട്ടിൽ പിതാവ് പ്രത്യാശ പ്രകടിപ്പിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img