സിറിയയിൽ വിമത സായുധ സംഘം വൻ മുന്നേറ്റം നടത്തുന്നെന്ന് റിപ്പോർട്ട്. നേർക്കുനേർ പോരാട്ടത്തിൽ ഹയാത് തഹ്‌രീർ അൽ ഷാം (എച്ച് ടിഎസ്) സിറിയൻ സൈന്യത്തെ പരാജയപ്പെടുത്തി മുന്നേറുകയാണ്. രാജ്യത്തെ മൂന്ന് പ്രധാന നഗരങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത തഹ്‌രീർ അൽ ഷാം തലസ്ഥാന നഗരമായ ഡമാസ്കസ് വളഞ്ഞിരിക്കുകയാണ്. രാജ്യം വിമോചനത്തിൻ്റെ അവസാന നിമിഷങ്ങളിലെത്തിയെന്ന് എച്ച് ടിഎസ് തലവൻ അഹമ്മദ് അൽ ഷാറാ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദ് രാജ്യം വിട്ടെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ പ്രസിഡന്റ് ഇത് നിഷേധിച്ചു. സിറിയയിലെ ആഭ്യന്ത പ്രശ്നത്തിൽ ഇടപെടാനില്ലെന്നാണ് അമേരിക്കയുടെ നിലപാട്. എന്നാൽ, ആഭ്യന്തര യുദ്ധം രൂക്ഷമാകവെ സിറിയൻ സർക്കാരിന് എല്ലാ സഹായവും നൽകുമെന്ന് ഇറാൻ അറിയിച്ചു. സിറിയൻ സൈന്യത്തെ സഹായിക്കാൻ ഹിസ്ബുള്ള 2000 സായുധാംഗങ്ങളെ അയച്ചിട്ടുണ്ട്.
പ്രശ്നത്തെപ്പറ്റി ചർച്ചചെയ്യാൻ ഇറാൻ, റഷ്യ, തുർക്കി എന്നീ രാജ്യങ്ങളിലെ നയതന്ത്രജ്ഞർ ഖത്തറിലെ ദോഹയിൽ യോഗം ചേർന്നു.സിറിയൻ സർക്കാരും വിമതരും തമ്മിലുള്ള രാഷ്ട്രീയചർച്ചയ്ക്ക് തുടക്കംകുറിക്കാൻ തീരുമാനിച്ചതായി യോഗത്തിനുശേഷം ഇറാനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. സിറിയയിൽ രാഷ്ട്രീയപരിഹാരംതേടി 2017 മുതൽ നടക്കുന്ന ചർച്ചയിൽ പങ്കാളികളാണ് മൂന്നുരാജ്യവും.