
ദോഹ: സിറിയൻ അറബ് റിപ്പബ്ലിക് പ്രസിഡന്റ് അഹമ്മദ് അൽ ഷറ ഔദ്യോഗിക സന്ദർശനത്തിനായി ദോഹയിലെത്തി. ഇന്ന് രാവിലെയാണ് അദ്ദേഹം ഖത്തറിലെത്തിയത്. മേഖലയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ചർച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം.ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രസിഡന്റിനെയും സംഘത്തെയും ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോൾ വിഭാഗം ഡയറക്ടർ ഇബ്രാഹിം ബിൻ യൂസഫ് ഫക്രോ, ഖത്തറിലെ സിറിയൻ എംബസി ചാർജ് ഡി അഫയേഴ്സ് ഡോ. ബിലാൽ തുർക്കിയ എന്നിവർ ചേർന്ന് സ്വീകരിച്ചു.
സിറിയയിലെ ആഭ്യന്തര സുസ്ഥിതിയും സാമ്പത്തിക പുനർനിർമ്മാണവും ഉൾപ്പെടെയുള്ള നിർണ്ണായക വിഷയങ്ങൾ ഖത്തർ ഭരണനേതൃത്വവുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് കരുതുന്നത്. സിറിയൻ ജനതയ്ക്ക് ഖത്തർ നൽകിവരുന്ന പിന്തുണയ്ക്കും നയതന്ത്ര സഹായങ്ങൾക്കും സന്ദർശനം കൂടുതൽ കരുത്തുപകരും.










