07:28am 21 January 2025
NEWS
അസദ് ഭരണത്തിൻ കീഴിൽ നരകയാതന അനുഭവിച്ചിരുന്ന തടവുപുള്ളികൾക്കും മോചനം
09/12/2024  11:48 AM IST
nila
അസദ് ഭരണത്തിൻ കീഴിൽ നരകയാതന അനുഭവിച്ചിരുന്ന തടവുപുള്ളികൾക്കും മോചനം

ഡമാസ്‌കസ്: സിറിയയിൽ വിമതർ ഭരണം പിടിച്ചതോടെ  പ്രസിഡന്റ് ബഷർ അൽ അസദ് കൊട്ടാരവും ഭരണവും ഉപേക്ഷിച്ച് റഷ്യയിൽ അഭയം തേടിയിരിക്കുകയാണ്. പതിറ്റാണ്ടുകളായി ബഷർ അൽ അസദിന്റെ കുടുംബമായിരുന്നു സിറിയ ഭരിച്ചിരുന്നത്. അസദ് തന്നെ രണ്ടു പതിറ്റാണ്ടിലേറെയായി സിറിയയിൽ അധികാരത്തിലുണ്ട്. തനിക്കും ഭരണകൂടത്തിനും എതിരെ പ്രവർത്തിക്കുന്നവരെയും സംസാരിക്കുന്നവരെയും തടവറയിലാക്കുക എന്നതായിരുന്നു അസദ് തുടർന്നുവന്ന നയം. ഇപ്പോൾ അസദ് യു​ഗത്തിന് അന്ത്യമായതോടെ രാജ്യത്തെ തടവുകാർക്കും മോചനമായിരിക്കുകയാണ്. 

അസദ് ഭരണത്തിന് അന്ത്യം കുറിച്ച വിമതർ ആദ്യം ചെയ്തത്‌ രാജ്യത്തെ ജയിലുകളിൽ കഴിയുന്ന തടവുകാരെ മോചിപ്പിക്കുകയായിരുന്നു. ഡമാസ്‌കസ്, ഹമ, ആലെപ്പൊ എന്നിവടങ്ങളിലെ ജയിലുകളെല്ലാം നിരുപാധികം തുറന്നുകഴിഞ്ഞു.  'മനുഷ്യ അറവുശാല' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഡമാസ്കസിലെ സെയ്ദ്‌നയ ജയിലിൽ നിന്നും തടവുകാർ മോചിതരായതോടെ ലോകമെങ്ങും വാർത്തകളിൽ നിറയുന്നത് അസ​ദ് ഭരണകൂടത്തിന്റെ കൊടും ക്രൂരതകളാണ്. 

അസദ് ഭരണത്തിൻകീഴിൽ സിറിയൻ ജയിലുകളിൽ ഒരുലക്ഷത്തിലധികം പേർക്ക് ജീവഹാനിയുണ്ടായെന്നാണ് യു.കെ. ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് 2021ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നത്. വധശിക്ഷയ്ക്ക് വിധേയരാകുകയോ മറ്റേതെങ്കിലും വിധത്തിൽ മരിക്കുകയോ ചെയ്തവരുടെ കണക്കാണിത്. ഇതിൽ 30,000 ത്തിലധികം പേർ ഡമാസ്‌കസിലെ ജയിലിൽ മാത്രം മരിച്ചു. സിറിയയിൽ മനുഷ്യാവകാശലംഘനങ്ങൾ നടക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് 2006 ൽ സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് സ്ഥാപിതമായത്. 

2011 മുതൽ ദമാസ്‌കസിലെ ജയിലിൽ കൊലപാതകം, പീഡനം, നിർബന്ധിത പലായനം, തെളിവുപോലും അവശേഷിപ്പിക്കാതെയുള്ള അപ്രത്യക്ഷമാകൽ എന്നിവയെല്ലാം നടന്നുവരുന്നുവെന്നാണ് ആംനെസ്റ്റി ഇന്റർനാഷണൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. പൊതുജനത്തിന്‌ നേർക്കുള്ള ഇത്തരം അതിക്രമങ്ങൾ ഭരണകൂടത്തിന്റെ നയമാണെന്നും കണ്ടെത്തിയിരുന്നു. ദമാസ്‌കസ് ജയിലിലെ ക്രൂരതകൾ മനുഷ്യത്വത്തിനെതിരേയുള്ള കുറ്റകൃത്യങ്ങളാണെന്ന് റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.

സെയ്ദ്‌നയയിലെ സൈനികത്തടവറയിൽ രണ്ട് ദുർഗ്ഗുണപരിഹാരകേന്ദ്രങ്ങൾ ഉണ്ടെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 2011 ൽ ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങൾ ആരംഭിച്ചപ്പോൾ തന്നെ അറസ്റ്റ് ചെയ്യുന്ന ജനങ്ങളെ അടയ്ക്കാൻ ചുവന്ന നിറത്തിലുള്ള കെട്ടിടവും പ്രതിഷേധസമരങ്ങളിൽ പങ്കെടുക്കുന്ന സൈനികരെ അടയ്ക്കാനും മറ്റ് ഓഫീസുകൾക്കുമായി വെള്ളനിറത്തിലുള്ള കെട്ടിടവും ദമാസ്‌കസിലെ ജയിലിൽ സജ്ജമായിരുന്നു. ചുവന്ന കെട്ടിടത്തിൽ പാർപ്പിച്ചിരുന്ന പതിനായിരക്കണക്കിന് 'തടവുപുള്ളികളെ' രഹസ്യമായി വധിച്ചതായാണ് ആംനെസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ടിലുള്ളത്. 

വധശിക്ഷ വിധിക്കാനുള്ള വിചാരണ ഒരു മിനിറ്റ് മുതൽ മൂന്ന് മിനിറ്റ് വരെ മാത്രമാണ് നീണ്ടുനിൽക്കുന്നത്. അതിനുള്ളിൽതന്നെ ശിക്ഷ വിധിച്ചിട്ടുണ്ടാകും. തൂക്കിക്കൊല്ലൽ- ജയിലധികൃതർ അതിനെ സൽക്കാരം എന്നാണ് പറഞ്ഞിരുന്നത്-നടപ്പിലാക്കുന്ന ദിവസം ഉച്ചയ്ക്ക് ശേഷം സാധാരണ ജയിലിലേക്ക് മാറ്റുകയാണെന്ന് പറഞ്ഞ് ഇരകളെ ചുവന്ന കെട്ടിടത്തിന്റെ ബേസ്‌മെന്റിലുള്ള ഒരു തടവറയിലെത്തിക്കും. മൂന്ന് നാല് മണിക്കൂർ ഈ ഇരകളെ മർദ്ദിക്കും. അർധരാത്രിയോടെ കണ്ണുകൾ കെട്ടി ട്രക്കുകളിലോ മിനിബസ്സുകളിലോ വെളളനിറത്തിലുള്ള കെട്ടിടത്തിലെത്തിക്കും. ആ കെട്ടിടത്തിന്റെ ബേസ്‌മെന്റിലുള്ള ഒരു മുറിയിലെത്തിച്ച് തൂക്കിലേറ്റും. ആഴ്ചയിൽ രണ്ടുതവണ ഈ ശിക്ഷനടപ്പാക്കൽ നടന്നിരുന്നു. ഓരോതവണയും 20 മുതൽ 50 പേർ വരെ കൊല്ലപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്.

2011 സെപ്റ്റംബറിനും 2015 ഡിസംബറിനും ഇടയിൽ 5000-13,000 പേർ വധിക്കപ്പെട്ടതായാണ് റിപ്പോർട്ടിലുള്ളത്. 2015 ഡിസംബറിന് ശേഷവും പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉന്നതതലഉദ്യോഗസ്ഥർക്ക് മാത്രമാണ് ഈ വധശിക്ഷയെ കുറിച്ച് അറിവുണ്ടായിരുന്നത്. ജയിലിലെ കാവൽക്കാരായ ജീവനക്കാർക്കുപോലും ഇരകളെ മാറ്റുന്നതിനെ കുറിച്ച് മാത്രമാണ് അറിവുണ്ടായിരുന്നത്. വെള്ള കെട്ടിടത്തിലേക്ക് മാറ്റുന്നവർക്ക് പിന്നീടെന്ത് സംഭവിക്കുന്നുവെന്ന് അവർക്ക് അറിവുണ്ടായിരുന്നില്ല. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img img