10:22pm 18 April 2026
NEWS
ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിലെ ജൂത ദേവാലയം പൂർണമായും തകർന്നു
07/04/2026  03:26 PM IST
nila
ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിലെ ജൂത ദേവാലയം പൂർണമായും തകർന്നു

ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ വ്യോമാക്രമണങ്ങളിൽ ടെഹ്റാനിലെ ഒരു ജൂത ദേവാലയം പൂർണമായും തകർന്നു. ഇന്നു രാവിലെ നടന്ന വ്യോമാക്രമണത്തിലാണ് റാഫി-നിയ സിനഗോഗ് പൂർണമായും തകർന്നതെന്ന് ഷർഗ് പത്രം റിപ്പോർട്ട് ചെയ്തു. ഇക്കഴിഞ്ഞ രാത്രിയിൽ ഇറാന്റെ വിവിധ ഭാ​ഗങ്ങളിൽ നടന്ന ആക്രമണങ്ങളിൽ പതിനഞ്ചിലേറെ ആളുകൾ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുണ്ട്. 

ടെഹ്റാനിലെ കേന്ദ്രഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു താമസകെട്ടിടം ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിനിടെ അതിനടുത്തുള്ള സിനഗോഗും നശിക്കുകയായിരുന്നു എന്നാണ് മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. രക്ഷാപ്രവർത്തകർ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഹീബ്രു ഭാഷയിലെ മതഗ്രന്ഥങ്ങൾ നിലത്തു ചിതറിക്കിടക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. ഇടുങ്ങിയ വഴികളുള്ള പ്രദേശമായതിനാൽ ആക്രമണം നടന്ന കെട്ടിടത്തിന് സമീപമുള്ള മറ്റു കെട്ടിടങ്ങളുടെ അകത്തും പുറത്തും വലിയ നാശനഷ്ടമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം, മരണസംഖ്യയെക്കുറിച്ച് ഇനിയും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

“ജൂത അവധി ദിനങ്ങളിൽ പോലും സയണിസ്റ്റ് ഭരണകൂടം ഈ സമൂഹത്തോട് കരുണ കാണിച്ചില്ല. നമ്മുടെ പുരാതനവും വിശുദ്ധവുമായ ഒരു സിനഗോഗിനെ അവർ ലക്ഷ്യമിട്ടു.”- രാജ്യത്തെ ഇസ്ലാമിക് കൺസൾട്ടേറ്റീവ് അസംബ്ലിയിലെ ജൂത പ്രതിനിധിയായ ഹൊമയൂൺ സാമെ പറഞ്ഞു. “നിർഭാഗ്യവശാൽ, ഈ ആക്രമണത്തിൽ സിനഗോഗ് കെട്ടിടം പൂർണ്ണമായും തകർന്നു. നമ്മുടെ തോറാ ഗ്രന്ഥങ്ങൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനിലെ ജൂത സമൂഹം

ഇറാനിൽ നിയമപരമായി അംഗീകരിച്ച ന്യൂനപക്ഷ മതങ്ങളിൽ ഒന്നാണ് യഹൂദമതം. 1979ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം നിരവധി പേർ രാജ്യം വിട്ടുപോയെങ്കിലും, ഇപ്പോഴും ചെറിയൊരു ജൂത സമൂഹം അവിടെ നിലനിൽക്കുന്നുണ്ട്. അതേസമയം, ഇറാനിൽ നിലവിൽ എത്ര യഹൂദർ താമസിക്കുന്നു എന്നത് സംബന്ധിച്ച്  സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ ലഭ്യമല്ല. എങ്കിലും ആയിരത്തോളം ജൂതന്മാർ ഇപ്പോഴും ഇറാനിൽ താമസിക്കുന്നതായി കരുതപ്പെടുന്നു. ഖോറസാൻ പ്രദേശത്തെ ജൂതന്മാർ സംഗമിക്കുകയും ആഘോഷങ്ങൾ നടത്തുകയും ചെയ്യുന്ന പ്രധാന സ്ഥലങ്ങളിലൊന്നായിരുന്നു യുഎസ് - ഇസ്രയേൽ ആക്രമണത്തിൽ തകർന്ന സിനഗോഗ് എന്ന് ഷർഗ് പത്രം വ്യക്തമാക്കി.

യുഎസ്-ഇസ്രയേൽ സേനകൾ നടത്തിയ രാത്രി മുഴുവൻ നീണ്ട വ്യോമാക്രമണങ്ങളുടെ ഭാഗമായിരുന്നു സിന​ഗോ​ഗിന് നേരേ നടന്ന ആക്രമണവും. ഇതിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുറഞ്ഞത് 15 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്റാന്റെ കിഴക്കുഭാഗത്തുള്ള പാർദിസ് നഗരത്തിൽ കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് ആറു മൃതദേഹങ്ങൾ കണ്ടെത്തിയതായി മെഹർ വാർത്താ ഏജൻസി അറിയിച്ചു. അതേസമയം, ടെഹ്റാൻ പ്രവിശ്യയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ഷഹ്‌രിയാർ നഗരത്തിലെ ഒരു താമസ പ്രദേശത്തെ ലക്ഷ്യമിട്ട ഇസ്രയേൽ വ്യോമാക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടതായി പ്രാദേശിക അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img