
കർണാടകത്തിലെ കരുത്തനായ കോൺഗ്രസ്സ് നേതാവാണ് ഉപമുഖ്യമന്ത്രിസ്ഥാനവും പിസിസി അദ്ധ്യക്ഷപദവിയും ഒന്നിച്ചുവഹിക്കുന്ന ഡി കെ ശിവകുമാർ. നഗരവികസനത്തിന്റെ ചുമതല വഹിക്കുന്ന മന്ത്രിയെന്ന നിലയിൽ, മുഖ്യമന്ത്രി സിദ്ധരാമയ്യയേക്കാൾ പ്രാധാന്യത്തോടെ ബംഗളുരുവിൽ നിറഞ്ഞുനിൽക്കുന്നതും അദ്ദേഹമാണ്. അസൂയാവഹമായ സംഘടനാപാടവവും നേതൃത്വശേഷിയുമുള്ള ശിവകുമാർ മുഖ്യമന്ത്രിയാകാനുള്ള തയ്യാറെടുപ്പിലാണ്. ഡി കെ ശിവകുമാർ: പാർട്ടിക്കൂറിന്റെ പ്രതീകം എന്ന പുസ്തകം ഇക്കഴിഞ്ഞ ദിവസം ബംഗളുരുവിൽ പ്രകാശനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻ ജ്ഞാനപീഠ ജേതാവ് ചന്ദ്രശേഖര കമ്പാർ ആണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്. ഇഡി കേസിൽ പെട്ടപ്പോൾ തനിയ്ക്ക് ഉപമുഖ്യമന്ത്രിയാകാൻ ഓഫർ ഉണ്ടായിരുന്നെന്നും താൻ അത് നിരസിച്ച് ജയിൽവാസം സ്വീകരിക്കുകയായിരുന്നെന്നും ശിവകുമാർ പുസ്തകത്തിൽ വെളിപ്പെടുത്തുന്നു. "ഡൽഹിയിൽ നിന്ന് ഒരു പ്രമുഖ ബിജെപി നേതാവാണ് വിളിച്ചതെന്നും അദ്ദേഹത്തിന്റെ പേര് തൽക്കാലം വെളിപ്പെടുത്തുന്നില്ലെന്നും ശിവകുമാർ വ്യക്തമാക്കുന്നു. "ഞാൻ അടിയുറച്ച കോൺഗ്രസുകാരനാണ്. എനിക്ക് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം തന്നത് രാജീവ് ഗാന്ധിയാണ്. അക്കാലത്ത് മുഖ്യമന്ത്രിയായിരുന്ന ബംഗാരപ്പ വളരെയേറെ സഹായിച്ചിട്ടുണ്ട്. മതേതര സാഹചര്യത്തിലാണ് ഞാൻ വളർന്നത്. കോൺഗ്രസ്സ് ആശയങ്ങളാണ് എന്നെ നയിക്കുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനം വേണ്ടെന്ന് പറഞ്ഞ് ജയിലിൽ പോയ എനിക്ക് അവസരം വന്നപ്പോൾ കോൺഗ്രസ്സ് തന്നെ ഉപമുഖ്യമന്ത്രിസ്ഥാനം തന്നു. എന്നെ ഇവിടംവരെ എത്തിച്ചത് കോൺഗ്രസാണ്" പുസ്തകത്തിൽ ശിവകുമാർ സാക്ഷ്യപ്പെടുത്തുന്നു. "ശിവകുമാർ സമർത്ഥനാണ്. മുഖ്യമന്ത്രിയാക്കണമെന്ന സന്ദേശം സിദ്ധരാമയ്യയ്ക്കും ഹൈക്കമാണ്ടിനും പുസ്തകത്തിലൂടെ നൽകുകയാണ് അദ്ദേഹം" പ്രതിപക്ഷനേതാവ് ആർ അശോക് പ്രതികരിച്ചു. ബിജെപിയുമായി ധാരണയുണ്ടാക്കാൻ ശ്രമിച്ചത് ശിവകുമാറാണെന്ന് ബിജെപിയിൽ നിന്ന് ഈയ്യിടെ പുറത്താക്കപ്പെട്ട ബസന ഗൗഡ പാട്ടീൽ യത് നാൽ പറഞ്ഞു. "തന്റെ പേരിലുള്ള കേസ്സുകൾ പിൻവലിച്ചാൽ ബിജെപിയുമായി ചേർന്ന് കർണാടകത്തിൽ ഗവണ്മെന്റ് ഉണ്ടാക്കാമെന്ന് ഒരു കേന്ദ്രമന്ത്രിയെ ശിവകുമാർ അറിയിച്ചിരുന്നു. നേതൃത്വം ആ ഓഫർ സ്വീകരിച്ചില്ല. ഇക്കാര്യം അഞ്ചാറു വർഷം മുമ്പ് ഞാൻ വെളിപ്പെടുത്തിയതാണ് " തീവ്ര ഹിന്ദുത്വ നിലപാടുള്ള യത് നാൽ തുറന്നടിച്ചു. എഴുത്തുകാരനും സിനിമാസംവിധായകനുമായ കെ എം രഘു തയ്യാറാക്കിയ ഡി കെ ശിവകുമാറിനെ പറ്റിയുള്ള പുസ്തകം കർണാടകമൊട്ടാകെ ചർച്ചയാവുകയാണ്.
Photo Courtesy - Google











