
ന്യൂയോർക്ക്: ഹോളിവുഡ് താരം സിഡ്നി സ്വീനിയുടെ പുതിയ പരസ്യചിത്രം വിവാദത്തിൽ. സ്പോർട്സ് ട്രേഡിങ് ആപ്പായ ‘നോവിഗി’ക്കായി താരം അതീവ ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെട്ടതാണ് വലിയ വിമർശനങ്ങൾക്ക് വഴിവച്ചത്. കായിക ഉപകരണങ്ങൾ ഉപയോഗിച്ച് നഗ്നത മറച്ച നിലയിലുള്ള സിഡ്നിയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ചയാകുന്നത്.
കായികരംഗത്തെ സ്ത്രീകളെ വീണ്ടും ലൈംഗികവൽക്കരിക്കുന്ന സമീപനമാണ് പരസ്യത്തിലൂടെ സ്വീകരിച്ചതെന്നാണ് വിമർശകരുടെ ആരോപണം. കഴിവും കഠിനാധ്വാനവും കൊണ്ട് കായികരംഗത്ത് ഇടം നേടാൻ സ്ത്രീകൾ പോരാടുന്നതിനിടെ, അവരുടെ ശരീരത്തെ കേന്ദ്രീകരിച്ചുള്ള ഇത്തരം പരസ്യങ്ങൾ ആ പോരാട്ടങ്ങളെ പിന്നോട്ടടിപ്പിക്കുമെന്നാണ് വനിതാ കായികതാരങ്ങളുടെയും ആരാധകരുടെയും പ്രതികരണം.
“ഒരു കായികതാരം എന്ന നിലയിലും ലൈംഗികാധിക്ഷേപങ്ങൾ നേരിട്ട വ്യക്തി എന്ന നിലയിലും ഈ പ്രചാരണത്തിൽ ഏറെ നിരാശയുണ്ട്. ഞങ്ങളുടെ ശരീരത്തിനപ്പുറം കഴിവുകൾക്ക് അംഗീകാരം ലഭിക്കാനാണ് ഞങ്ങൾ പോരാടുന്നത്,” എന്നായിരുന്നു ഒരു സോഷ്യൽ മീഡിയ ഉപയോക്താവിന്റെ പ്രതികരണം.
സ്പോർട്സ് ട്രേഡിങ് ആപ്പ് പ്രമോട്ട് ചെയ്യാൻ എന്തിനാണ് നഗ്നതയും അമിത ഗ്ലാമറും ആശ്രയിക്കുന്നതെന്നും വിമർശകർ ചോദിക്കുന്നു. സ്ത്രീകളെ വസ്തുവൽക്കരിക്കാതെ തന്നെ കൂടുതൽ സർഗാത്മകമായി പരസ്യം ഒരുക്കാമായിരുന്നുവെന്നും നിരവധി പേർ ചൂണ്ടിക്കാട്ടി.
അതേസമയം, വിവാദങ്ങൾക്കിടെ പരസ്യത്തിന്റെ ആശയത്തെക്കുറിച്ച് സിഡ്നി സ്വീനി തന്നെ വിശദീകരണവുമായി രംഗത്തെത്തി. പരസ്യത്തിലൂടെ ലക്ഷ്യമിട്ടത് ഒരു “രസകരമായ ആശയം” അവതരിപ്പിക്കുകയായിരുന്നുവെന്നാണ് താരത്തിന്റെ പ്രതികരണം. രാഷ്ട്രീയവും മറ്റ് തർക്കങ്ങളും മാറ്റിവച്ച് കായികരംഗത്തേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ലളിതമായ സന്ദേശമാണ് നൽകാൻ ശ്രമിച്ചതെന്നും സ്വീനി പറഞ്ഞു. ആത്മവിശ്വാസവും തമാശയും ചേർത്താണ് പരസ്യം ഒരുക്കിയതെന്നും താരം വ്യക്തമാക്കി.
‘യൂഫോറിയ’യുടെ മൂന്നാം സീസണിലാണ് സിഡ്നി സ്വീനി അടുത്തിടെ ശ്രദ്ധേയമായ വേഷത്തിലെത്തിയത്. ജിയോഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങിയ പരമ്പരയ്ക്ക് പുറമെ ‘ക്രിസ്റ്റി’, ‘ദി ഹൗസ് മെയ്ഡ്’ തുടങ്ങിയ ചിത്രങ്ങളിലും താരം പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം അമേരിക്കൻ ഈഗിളിന്റെ ഡെനിം പരസ്യത്തിലും സിഡ്നി സ്വീനി സമാനമായ രീതിയിൽ വിമർശനങ്ങൾ നേരിട്ടിരുന്നു.










