08:14pm 30 June 2026
NEWS
വിഴിഞ്ഞം തുറമുഖത്തിൽ എംഎസ്‌സിക്ക് 49ശതമാനം ഓഹരി;13,220 കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ സ്വകാര്യ നിക്ഷേപങ്ങളിൽ ഒന്ന്
30/06/2026  03:44 PM IST
nila
വിഴിഞ്ഞം തുറമുഖത്തിൽ എംഎസ്‌സിക്ക് 49ശതമാനം ഓഹരി;13,220 കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ സ്വകാര്യ നിക്ഷേപങ്ങളിൽ ഒന്ന്

തിരുവനന്തപുരം: സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്പിംഗ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി ഗ്രൂപ്പ് കേരളത്തിലെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ 49 ശതമാനം ഓഹരി സ്വന്തമാക്കും. 1.397 ബില്യൺ ഡോളർ (ഏകദേശം 13,220 കോടി രൂപ) നിക്ഷേപിച്ചാണ് എംഎസ്‌സി ഗ്രൂപ്പ് തുറമുഖത്തിൽ പങ്കാളിയാകുന്നത്. ഇന്ത്യയിലെ തുറമുഖ അടിസ്ഥാനസൗകര്യ മേഖലയിലെ ഏറ്റവും വലിയ വിദേശ സ്വകാര്യ നിക്ഷേപങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. 

എംഎസ്‌സിയുടെ കണ്ടെയ്നർ ടെർമിനൽ ഓപ്പറേറ്റിങ്-നിക്ഷേപ വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് (TiL) വഴിയാണ് നിക്ഷേപം നടത്തുക. കരാർ പ്രകാരം, വിഴിഞ്ഞം തുറമുഖത്തിന്റെ കൺസഷൻ കമ്പനിയായ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (AVPPL)-ൽ TiL 49 ശതമാനം ഓഹരി സ്വന്തമാക്കും. ഇതിലൂടെ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പ്രധാന ട്രാൻസ്‌ഷിപ്മെന്റ് ഹബ്ബായി വിഴിഞ്ഞത്തിന്റെ സ്ഥാനം കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ. ആവശ്യമായ റെഗുലേറ്ററി ഉൾപ്പെടെയുള്ള അനുമതികൾ ലഭിക്കുന്നതിന് വിധേയമായാണ് ഇടപാട് പൂർത്തിയാകുക. ഈ പങ്കാളിത്തം തുറമുഖത്തിന്റെ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയും കാർഗോ വോള്യവും ഗണ്യമായി വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ.

 "വിഴിഞ്ഞം തുറമുഖം ഇന്ന് പ്രമുഖ ട്രാൻസ്‌ഷിപ്മെന്റ് ഹബ്ബായി മാറിക്കഴിഞ്ഞു. പ്രവർത്തനം ആരംഭിച്ച് വെറും 18 മാസത്തിനുള്ളിൽ 20 ലക്ഷം ടി.ഇ.യു. (TEU) കൈകാര്യം ചെയ്ത ഇന്ത്യയിലെ ആദ്യ തുറമുഖമെന്ന നേട്ടവും വിഴിഞ്ഞം സ്വന്തമാക്കി. എംഎസ്‌സിയുമായുള്ള സഹകരണം ആഗോളതലത്തിൽ വിതരണ ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കാനും ഇന്ത്യയുടെ പ്രധാന ആഗോള വിപണികളിലേക്കുള്ള പ്രവേശനം കൂടുതൽ ശക്തമാക്കാനും സഹായിക്കും."- എപിഎസ്ഇസഡ് ഡയറക്ടറും സിഇഒയുമായ അശ്വനി ഗുപ്ത പറഞ്ഞു.

ഈ തന്ത്രപ്രധാന സഹകരണം അദാനി പോർട്സിന് കൂടുതൽ സ്ഥിരതയുള്ള കാർഗോ പ്രവാഹവും പദ്ധതിയിട്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് വേഗതയും നൽകുമെന്നാണ് വിലയിരുത്തുന്നത്. നിലവിൽ തെക്കുകിഴക്കൻ ഏഷ്യയിലെ ട്രാൻസ്‌ഷിപ്മെന്റ് ഹബ്ബുകളെ ആശ്രയിക്കുന്ന ബംഗ്ലാദേശ് കാർഗോയുടെ വലിയൊരു വിഹിതം വിഴിഞ്ഞത്തേക്ക് എത്താനും സാധ്യതയുണ്ട്. കൂടാതെ കിഴക്കൻ ആഫ്രിക്കയിലേക്കുള്ള വ്യാപാരപാതകളിലും തുറമുഖത്തിന്റെ സാന്നിധ്യം കൂടുതൽ ശക്തമാകുമെന്നും റിലേ കാർഗോയുടെ അളവ് ഉയരുമെന്നും പ്രതീക്ഷിക്കുന്നു.

2024 ഡിസംബറിലാണ് വിഴിഞ്ഞം തുറമുഖം പ്രവർത്തനം ആരംഭിച്ചത്. 16 ലക്ഷം ടി.ഇ.യു. വാർഷിക ശേഷിയുള്ള ഇന്ത്യയിലെ ആദ്യ ആഴക്കടൽ മെഗാ ട്രാൻസ്‌ഷിപ്മെന്റ് തുറമുഖമാണിത്. നിലവിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ 2028 ഡിസംബറോടെ തുറമുഖത്തിന്റെ വാർഷിക ശേഷി 3.5 മടങ്ങ് വർധിച്ച് 57 ലക്ഷം ടി.ഇ.യുവായി ഉയരും.

18 മുതൽ 20 മീറ്റർ വരെ സ്വാഭാവിക ആഴം, 2.9 കിലോമീറ്റർ നീളമുള്ള ബ്രേക്ക്‌വാട്ടർ, 800 മീറ്റർ നീളമുള്ള ബെർത്ത്, എട്ട് ക്വേ ക്രെയിനുകൾ, 24 പൂർണമായും ഓട്ടോമേറ്റഡ് യാർഡ് ക്രെയിനുകൾ എന്നിവയാണ് തുറമുഖത്തിന്റെ പ്രധാന സവിശേഷതകൾ. ഇന്ത്യയിലെ ആദ്യ സമ്പൂർണ ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞത്തിൽ അത്യാധുനിക കണ്ടെയ്നർ കൈകാര്യം ചെയ്യുന്ന സംവിധാനങ്ങളും കൃത്രിമ ബുദ്ധി (AI) അടിസ്ഥാനമാക്കിയുള്ള തദ്ദേശീയ വെസൽ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റവും (VTMS) പ്രവർത്തിക്കുന്നു.

പ്രവർത്തനത്തിന്റെ ആദ്യ വർഷം തന്നെ 13 ലക്ഷം ടി.ഇ.യുവും 615 കപ്പലുകളും കൈകാര്യം ചെയ്ത വിഴിഞ്ഞം, ഏറ്റവും വേഗത്തിൽ 10 ലക്ഷം ടി.ഇ.യു. പിന്നിട്ട ഇന്ത്യൻ തുറമുഖമെന്ന റെക്കോർഡും സ്വന്തമാക്കി. തുടർന്ന് 18 മാസത്തിനുള്ളിൽ 20 ലക്ഷം ടി.ഇ.യുവും 950 കപ്പലുകളും പിന്നിട്ടു. 2026 ജൂണിൽ തുറമുഖം ആയിരാമത്തെ കപ്പലിനെയും സ്വീകരിച്ചു.

ഇതുവരെ 70-ലധികം അൾട്രാ ലാർജ് കണ്ടെയ്നർ വെസലുകൾ (ULCV) വിഴിഞ്ഞത്ത് എത്തിയിട്ടുണ്ട്. ഇന്ത്യൻ തുറമുഖങ്ങളിൽ ഏറ്റവും കൂടുതലാണിത്. കൂടാതെ 300 മീറ്ററിലധികം നീളമുള്ള 283 കപ്പലുകളും 16 മീറ്ററിലധികം ഡ്രാഫ്റ്റ് ആവശ്യമായ 98 കപ്പലുകളും വിഴിഞ്ഞം കൈകാര്യം ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img