
സൂറിച്ച്: സ്വിറ്റ്‌സർലാൻഡിൽ പുതുവത്സരാഘോഷത്തിനിടെ വൻ സ്ഫോടനം. ക്രാൻസ് മൊണ്ടാനയിലെ ‘ലേ കോൺസ്‌റ്റെല്ലേഷൻ’ എന്ന ബാറിലാണ് രാജ്യത്തെ നടുക്കിയ അപകടം നടന്നത്. പ്രാദേശിക സമയം വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സ്‌ഫോടനം. സംഭവത്തിൽ ഒട്ടേറെപേർ കൊല്ലപ്പെട്ടതായും നിരവധിപേർക്ക് പരിക്കേറ്റതായും പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആഘോഷങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ശക്തമായ ശബ്ദത്തോടെ ബാറിൽ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന് കാരണമെന്താണെന്നും അത് എങ്ങനെ സംഭവിച്ചുവെന്നുമുള്ള കാര്യങ്ങളിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സ്‌ഫോടനത്തിൽ മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവസ്ഥലത്ത് പൊലീസ്, രക്ഷാപ്രവർത്തകർ, അടിയന്തര സേവന വിഭാഗങ്ങൾ എന്നിവരുടെ ഇടപെടൽ തുടരുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളിലാണ് അധികൃതർ.
ഇതിനിടെ, സ്വിറ്റ്‌സർലാൻഡിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ടതെന്ന പേരിൽ ചില ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു കെട്ടിടത്തിൽനിന്ന് തീ ഉയരുന്നതും പരിസരത്ത് ആളുകൾ കൂട്ടംകൂടി നിൽക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ ഈ ദൃശ്യങ്ങൾ ക്രാൻസ് മൊണ്ടാനയിലെ സംഭവവുമായി നേരിട്ട് ബന്ധപ്പെട്ടതാണോയെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു.











