
കൊച്ചി: ലഹരി മാഫിയകളുടെയും മത-രാഷ്ട്രീയ വാദികളുടെയും നിരന്തരമായ വധഭീഷണിയെ തുടർന്ന് സ്വാമി ഭദ്രാനന്ദ കേരള ഹൈക്കോടതിയെ സമീപിച്ചു.നിരന്തരമായ ഭീഷണിയെ തുടർന്ന് നിലവിൽ സായുധസേനയുടെ സംരക്ഷണയിൽ കർണാടകയിലാണ് സ്വാമി ഭദ്രാനന്ദ താമസിക്കുന്നത്. നിരന്തരം ഭീഷണിയുണ്ടായിട്ടും കേരള പോലീസിന്റെ ഭാഗത്തുനിന്ന് ആവശ്യമായ സംരക്ഷണം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വാമി ഭദ്രാനന്ദ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
ഏറെക്കാലമായി കർണാടകയിൽ സ്ഥിരതാമസമാക്കിയ സ്വാമി ഭദ്രാനന്ദ, തന്റെ സാമൂഹിക-ആത്മീയ പ്രവർത്തനങ്ങൾ കേരളത്തിലേക്ക് കൂടി വ്യാപിപ്പിച്ചിരുന്നു, ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന് നേരെ ശക്തമായ ഭീഷണികൾ ഉയർന്നത്. വധഭീഷണി സംബന്ധിച്ച ഓഡിയോ-വീഡിയോ തെളിവുകളും പരാതിയും സ്വാമി ഭദ്രാനന്ദയുടെ അഭിഭാഷകനായ അഡ്വ. റ്റി. എം. ഡോൾഗോ സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർക്ക് കൈമാറിയിട്ടുണ്ട്.
ജസ്റ്റിസ് ബിച്ചു കുര്യൻ തോമസ് ആണ് സ്വാമി ഭദ്രാനന്ദ നൽകിയ ഹർജി പരിഗണിക്കുന്നത്. വാദം കേൾക്കുന്നത്തിനായി ഹർജി ഹൈക്കോടതി ഓഗസ്റ്റ് 7-ലേക്ക് മാറ്റി.
Photo Courtesy - Google










