
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പ്രമുഖ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പഴ്സനൽ അസിസ്റ്റന്റ് (പിഎ)നെ വെടിവച്ച് കൊലപ്പെടുത്തി. നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യഗ്രാം മണ്ഡലത്തിൽവച്ചാണ് സുവേന്ദു അധികാരിയുടെ പി എ ചന്ദ്രനാഥ് റായിയെ കൊലപ്പെടുത്തിയത്. ചന്ദ്രനാഥിനൊപ്പം ഉണ്ടായിരുന്ന ബുദ്ധദേബ് എന്നയാൾക്കും വെടിയേറ്റു. ഇയാൾ ചികിത്സയിലാണ്.
പശ്ചിമ ബംഗാളിൽ ബിജെപിയുടെ ചരിത്രപരമായ വിജയത്തിന് പിന്നാലെയാണു കൊലപാതകം. ചന്ദ്രനാഥ് റായിക്ക് നേരെ അക്രമികൾ രണ്ടുതവണ നിറയൊഴിക്കുകയായിരുന്നു.
ബിജെപി പ്രവർത്തകരായി ആൾമാറാട്ടം നടത്തി തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അക്രമം നടത്താൻ ശ്രമിക്കുന്നുവെന്ന് ബിജെപി ആരോപിച്ച ദിവസം തന്നെയാണ് അധികാരിയുടെ പിഎ കൊല്ലപ്പെട്ടത്. ഭവാനിപൂർ മണ്ഡലത്തിൽ മമത ബാനർജിയെ 15,000-ത്തിലധികം വോട്ടുകൾക്കാണ് സുവേന്ദു അധികാരി പരാജയപ്പെടുത്തിയത്. ബംഗാളിൽ മുഖ്യമന്ത്രിയാകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന നേതാവും സുവേന്ദുവാണ്.










