07:50pm 08 May 2026
NEWS

പശ്ചിമ ബം​ഗാളിൽ ആദ്യ ബിജെപി സർക്കാർ; സുവേന്ദു അധികാരി നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

08/05/2026  06:07 PM IST
nila
 പശ്ചിമ ബം​ഗാളിൽ ആദ്യ ബിജെപി സർക്കാർ; സുവേന്ദു അധികാരി നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ചരിത്രവിജയം നേടിയ ബിജെപി സർക്കാർ രൂപീകരണത്തിനൊരുങ്ങുന്നു. ബിജെപി നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്ത സുവേന്ദു അധികാരി നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ബംഗാളിന്റെ ചരിത്രത്തിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് സുവേന്ദു അധികാരി. 

പാർട്ടി യോഗത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് സുവേന്ദുവിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിൽ ബംഗാളിലെ ബിജെപിയുടെ പ്രചാരണവും തന്ത്രങ്ങളും ഏകോപിപ്പിച്ചതും അമിത് ഷാ തന്നെയായിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരെയും സുവേന്ദുവിനെയും അദ്ദേഹം അഭിനന്ദിച്ചു.

‘കമ്യൂണിസ്റ്റ് കാലഘട്ടം മുതൽ നിലനിന്നിരുന്ന അന്തരീക്ഷം മമത ബാനർജി കൂടുതൽ വഷളാക്കി. വോട്ട് രേഖപ്പെടുത്തുക എന്നത് ഏതാണ്ട് അസാധ്യമായ ഒന്നായിരുന്നു. ബിജെപിയിലും നരേന്ദ്ര മോദിയിലും വിശ്വാസമർപ്പിച്ച് ബംഗാളിലെ ജനങ്ങൾ ഞങ്ങൾക്ക് നൽകിയ ഈ വൻ വിജയത്തിന് അവരോട് നന്ദിയുണ്ട്’–അമിത് ഷാ പറഞ്ഞു.

294 അംഗ നിയമസഭയിൽ 207 സീറ്റുകൾ നേടി വൻ ഭൂരിപക്ഷമാണ് ബിജെപി സ്വന്തമാക്കിയത്. തൃണമൂൽ കോൺഗ്രസിന് 80 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. ഭവാനിപൂർ മണ്ഡലത്തിൽ മമത ബാനർജിയെ 15,105 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സുവേന്ദു അധികാരി ശ്രദ്ധേയ വിജയം നേടിയത്. നന്ദിഗ്രാമിലും അദ്ദേഹം വിജയിച്ചു. അവിടെ തൃണമൂൽ സ്ഥാനാർഥി പവിത്ര കർക്കെതിരെ 9,665 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. 2021 ലെ തിരഞ്ഞെടുപ്പിലും നന്ദിഗ്രാമിൽ മമതയെ പരാജയപ്പെടുത്തിയതും സുവേന്ദു അധികാരിയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img