
ദോഹ: പുതിയത് വാങ്ങി പഴയത് വലിച്ചെറിയുന്ന ‘ഫാസ്റ്റ് ഫാഷൻ’ സംസ്‌കാരത്തിന് പകരം, വസ്ത്രങ്ങൾ കേടുപാടുകൾ തീർത്ത് വീണ്ടും ഉപയോഗിക്കാൻ ഖത്തറിലെ ഉപഭോക്താക്കൾ താല്പര്യം കാണിക്കുന്നതായി റിപ്പോർട്ട്. ‘സ്റ്റിച്ച് ബൈ സൽമ’ (Stitch by Salma) എന്ന സ്ഥാപനത്തിന്റെ സ്ഥാപക ഉമ്മെ സൽമ വസ്ത്രധാരണ രംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റത്തെക്കുറിച്ച് പ്രാദേശിക പത്രത്തിനു നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു.
വസ്ത്രങ്ങൾ വെറുതെ മാറ്റിസ്ഥാപിക്കുന്നതിനേക്കാൾ അവയുടെ ഗുണനിലവാരത്തിനും ഈടുനില്പിനും കൂടുതൽ മൂല്യംനൽകുന്നതാണ് പുതിയ പ്രവണതയെന്ന് അവർ വ്യക്തമാക്കുന്നു.
വസ്ത്രങ്ങൾ അറ്റകുറ്റപ്പണി നടത്തിയും മാറ്റങ്ങൾ വരുത്തിയും ഉപയോഗിക്കുന്നത് വഴി മാലിന്യങ്ങൾ കുറയ്ക്കാനും അവയുടെ ആയുസ്സ് വർദ്ധിപ്പിക്കാനും സാധിക്കുമെന്ന് ഭൂരിഭാഗം ഉപഭോക്താക്കളും തിരിച്ചറിയുന്നുണ്ട്. സ്വന്തം താല്പര്യത്തിനനുസരിച്ച് തുണികളും ഡിസൈനുകളും തിരഞ്ഞെടുത്ത് തയ്പ്പിച്ചെടുക്കുന്ന വസ്ത്രങ്ങളോട് ആളുകൾക്ക് പ്രത്യേക മമതയുണ്ടാകും. അത് കൂടുതൽ കാലം അവർ സൂക്ഷിച്ചുവെക്കുകയും ചെയ്യുമെന്ന് മാറുന്ന ഉപഭോക്തൃ ചിന്തകളെക്കുറിച്ച് ഉമ്മെ സൽമപറയുന്നു.ഓൺലൈനായും മറ്റും വാങ്ങുന്ന വസ്ത്രങ്ങൾ പലപ്പോഴും ശരീരത്തിന് ഇണങ്ങുന്ന രീതിയിൽ പാകപ്പെടുത്തിയെടുക്കാൻ (Alteration) തയ്യൽക്കാരെത്തന്നെ ആശ്രയിക്കേണ്ടി വരുന്നതിനാൽ ഗൾഫ് മേഖലയിൽ വസ്ത്രധാരണത്തിലെ മാന്യതയ്ക്കും സൗകര്യത്തിനും വലിയ പ്രാധാന്യമുണ്ട്. അതിനാൽ റെഡിമെയ്ഡ് വസ്ത്രങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ആളുകൾ തയ്യൽ കടകളിലെത്തുന്നു.വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കിടയിൽവസ്ത്രങ്ങൾ നവീകരിച്ച് ഉപയോഗിക്കുന്നത് സാമ്പത്തിക ലാഭമുണ്ടാക്കുന്നുണ്ട്. തുച്ഛമായ ചിലവിൽ പഴയ വസ്ത്രങ്ങൾക്ക് പുത്തൻ ലുക്ക് നൽകാൻ സാധിക്കുന്നു. ഫാഷനിലെ ഈ ‘സുസ്ഥിര’ (Sustainable) സമീപനം വസ്ത്രങ്ങളുടെ ആയുസ്സ് കൂട്ടുക മാത്രമല്ല പരിസ്ഥിതിക്ക് ഭാരമാകുന്ന ടെക്സ്റ്റൈൽ മാലിന്യങ്ങൾ കുറയ്ക്കാനും സഹായിക്കുന്നുണ്ടെന്ന് സൽമ കൂട്ടിച്ചേർത്തു. വലിയ തുക കൊടുത്ത് ഇടയ്ക്കിടെ വസ്ത്രങ്ങൾ വാങ്ങുന്നതിനേക്കാൾ, ഈടുനിൽക്കുന്ന നല്ല വസ്ത്രങ്ങൾക്കായി നിക്ഷേപിക്കുന്നതാണ് ബുദ്ധിയെന്ന് ഖത്തറിലെ പ്രൊഫഷണലുകളും കുടുംബങ്ങളും ഇപ്പോൾ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു.











